suresh-gopi

തിരുവനന്തപുരം: തൃശൂരിലെ തന്റെ സ്ഥാനാർത്ഥിത്വം നൂറു ശതമാനവും ഉറപ്പിക്കാറായിട്ടില്ലെന്ന് എംപിയും നടനുമായ സുരേഷ് ഗോപി. ന്യുമോണിയ ബാധിതനായി ആശുപത്രിയിൽ കിടക്കുന്ന സുരേഷ് ഗോപി ഫോൺ വഴി ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

ആശുപത്രി വിട്ട് വന്നാലുള്ള തന്റെ അവസ്ഥയെ പറ്റി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച ചെയ്യുകയാണെന്നും ആശുപത്രിയിൽ നിന്നും റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തനിക്ക് സ്ഥാനാർത്ഥിത്വം സംബന്ധിച്ച നിർദ്ദേശം തരികയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായുൾപ്പെടെയുള്ള മൂന്ന് കേന്ദ്ര മന്ത്രിമാർ അടക്കമാണ് ഇക്കാര്യത്തെ കുറിച്ച് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും എന്നാൽ ശ്വാസകോശത്തിൽ ന്യുമോണിയ വന്ന് പോയതിന്റെ ഭാഗമായി ചെറിയ ഒരു കല(സ്കാർ) അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

പൂർണമായും വിശ്രമിച്ചുകൊണ്ട് രോഗം മാറ്റേണ്ടതുണ്ടെന്നും ഇക്കാര്യങ്ങൾ സംബന്ധിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ പോരാട്ടമാണ് മുഖ്യമെന്ന് കാണുകയാണെങ്കിൽ ആരോഗ്യം നോക്കാതെ തന്നെ താൻ കളത്തിലിറങ്ങുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.