
ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥി അരിത ബാബു
ആലപ്പുഴ: കല്യാണം കഴിക്കാനുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് കായംകുളം അജേഷ് നിവാസിൽ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകൾ അരിതയെ (26) കോൺഗ്രസ് കായംകുളത്ത് സ്ഥാനാർത്ഥിയാക്കിയത്.
ജ്യോതിഷപ്രകാരം ഇടവമാസത്തിലെ മൂലം നക്ഷത്രക്കാരിക്ക് ഈ വർഷം വിവാഹത്തിനുള്ള സമയമാണ്.
മാട്രിമോണിയലുകൾ വഴിയും പരിചയക്കാർ വഴിയും ആലോചനകൾ വന്നുതുടങ്ങി. പക്ഷേ ഇതുവരെ ആർക്കും ചായകൊടുക്കാൻ അവസരം കിട്ടിയില്ലെന്ന് അരിത പറയുന്നു.
അതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചത്. ഇനി, തിരഞ്ഞെടുപ്പ് കഴിഞ്ഞാവാം പെണ്ണുകാണൽ എന്നാണ് തീരുമാനം. നല്ല സമയം തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അരിത.
ഇന്നലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുടെ പ്രഖ്യാപന വേളയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഏറ്റവുമധികം സംസാരിച്ചത് കായംകുളത്തിന്റെ സ്വന്തം അരിതയെക്കുറിച്ചാണ്.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ യു.ഡി.എഫ് സ്ഥാനാർത്ഥി. അച്ഛൻ തുളസീധരനെ (ബാബു) സഹായിച്ച് കുഞ്ഞുനാളിലെ ക്ഷീരകർഷകയായി മാറിയ നിർദ്ധന കുടുംബാംഗമായ അരിതയെകുറിച്ച് സംസ്ഥാന അദ്ധ്യക്ഷൻ വാചാലനായതോടെ എല്ലാ കണ്ണുകളും കായംകുളത്തേക്ക് തിരിഞ്ഞു. പശുക്കളെ കറന്നും, സൊസൈറ്റികളിൽ പാൽ എത്തിച്ചും ഉപജീവനം നടത്തുന്നതിനിടെ രാഷ്ട്രീയത്തിൽ സജീവമായ അരിത 21-ാം വയസിൽ ജില്ലാ പഞ്ചായത്തംഗവും, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായി.
കൈവന്നതെല്ലാം കോൺഗ്രസ് പ്രവർത്തകനായ അച്ഛന്റെ നേട്ടമായി കാണാനാണ് ഇഷ്ടം. സ്വന്തം നാട് പ്രവർത്തന മണ്ഡലമായത് ഏറെ ഗുണം ചെയ്യുമെന്നാണ് അരിതയുടെ പ്രതീക്ഷ. തന്നെ മനസിലാക്കി പിന്തുണ നൽകുന്നൊരാൾ ഈ വർഷംതന്നെ 'എം.എൽ.എ" യുടെ വരനായി എത്തുമെന്ന ശുഭപ്രതീക്ഷയിലാണ് അരിത. കായംകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽ പ്ലസ് ടു വരെ പഠിച്ച അരിത, കേരള സർവ്വകലാശാലയിൽ നിന്നു ബി കോം ബിരുദം നേടി.