
കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന പ്രതികളുടെ വെളിപ്പെടുത്തൽ അടിസ്ഥാനമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു.
സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപ് നായർ ജയിലിൽ നിന്ന് ജില്ലാ ജഡ്ജിക്ക് അയച്ച കത്തിന്റെയും അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻസാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് നിയമോപദേശം കൈമാറിയത്.സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥ സമ്മർദം ചെലുത്തിയെന്ന് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫീസർ നൽകിയ മൊഴിയും പരിശോധിച്ചാണ് നടപടി. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയിക്കാൻ ഇ.ഡി സമ്മർദ്ദം ചെലുത്തിയെന്ന് സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്ത് നൽകിയതും പരിഗണിച്ചു.
പൊലീസ് കേസിന് കത്ത്
സ്വർണക്കടത്ത് കേസിൽ സന്ദീപ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. ആർ. സുനിൽകുമാർ പൊലീസ് മേധാവിക്ക് കത്ത് നൽകി. തെറ്റായ തെളിവ് സൃഷ്ടിക്കാൻ പ്രതിയിൽ സമ്മർദ്ദം ചെലുത്തിയത് പൊലീസിന് സ്വമേധയ കേസെടുക്കാവുന്ന കുറ്റകൃത്യമാണ്.