
തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറിയും രാജിപ്രളയവും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അർഹതപ്പെട്ടവർക്ക് സീറ്റ് നിഷേധിച്ചെന്നും ഗ്രൂപ്പ് താല്പര്യം മാത്രമാണ് നോക്കിയതെന്നും മുതിർന്ന നേതാവ് വി.എം. സുധീരനും തുറന്നടിച്ചു.
മതിയായ പ്രാതിനിദ്ധ്യമില്ലെന്ന കാരണത്താൽ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതിക സുഭാഷും കർഷക കോൺഗ്രസ് പ്രസിഡന്റ് ലാൽവർഗീസ് കല്പകവാടിയും പദവികൾ രാജിവച്ചു. വിവിധയിടങ്ങളിൽ കെ.പി.സി.സി ഭാരവാഹികളും മണ്ഡലം കമ്മിറ്റി ഭാരവാഹികളുമടക്കം രാജി പ്രഖ്യാപിച്ചതും നേതൃത്വത്തിന് തലവേദനയായി. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ കോന്നിയിൽ മത്സരിച്ച പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ് പാർട്ടി വിട്ടു.
സീറ്റ് നിഷേധത്തിലും പ്രാതിനിദ്ധ്യക്കുറവിലും പ്രതിഷേധിച്ച് ഇന്ദിരാഭവന് മുന്നിൽ തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ് നടത്തിയ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. ലതികയെ കെട്ടിപ്പിടിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ കരഞ്ഞത് വൈകാരിക രംഗങ്ങൾ സൃഷ്ടിച്ചു. വിവേചനം ചൂണ്ടിക്കാട്ടി രാജി പ്രഖ്യാപിച്ച ലാൽ വർഗീസ് കല്പകവാടി, കോൺഗ്രസ് വിടുന്നത് പിന്നീട് തീരുമാനിക്കുമെന്നറിയിച്ചു. ഇനിയൊരു അപ്പക്കഷ്ണത്തിനായി കാത്തിരിക്കില്ലെന്നായിരുന്നു ലതിക സുഭാഷിന്റെ പ്രതികരണം. തന്റെ മകനേക്കാൾ പ്രായം കുറഞ്ഞവരെ നിയമസഭയിലേക്ക് അയയ്ക്കുമ്പോഴും തന്നെപ്പോലുള്ളവരെ അവഗണിക്കുന്നതിലെ പ്രതിഷേധം അവർ തുറന്നുപറഞ്ഞു.
മഹിളാ കോൺഗ്രസ് മുൻനേതാവ് രമണി പി.നായർ കെ.പി.സി.സി സെക്രട്ടറിപദം രാജി വച്ചു. സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ കെ.സി. ജോസഫും രംഗത്തെത്തി. ഇരിക്കൂറിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സോണി സെബാസ്റ്റ്യൻ കെ.പി.സി.സി ജനറൽ സെക്രട്ടറിസ്ഥാനം രാജി വച്ചു. യു.ഡി.എഫ് കണ്ണൂർ ജില്ലാ ചെയർമാനും 22 ഡി.സി.സി അംഗങ്ങളും 13 മണ്ഡലം ഭാരവാഹികളും രാജി വച്ചു. പട്ടികയിൽ തൊഴിലാളികളെയും തൊഴിലാളി നേതാക്കളെയും പൂർണ്ണമായി ഒഴിവാക്കിയെന്ന് ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ആരോപിച്ചു.വട്ടിയൂർക്കാവിൽ കെ.പി. അനിൽകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ പ്രതിഷേധിച്ച് കെ.പി.സി.സി നിർവ്വാഹകസമിതിയംഗം സുദർശനന്റെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റുമാരടക്കം രാജി ഭീഷണി മുഴക്കി. തുടർന്നാണ് ഇവിടത്തെ സ്ഥാനാർത്ഥിപ്രഖ്യാപനം മാറ്റിവച്ചതെന്നാണ് സൂചന. ഏറ്റവുമൊടുവിൽ പി.സി. വിഷ്ണുനാഥിനെ ഇവിടേക്ക് പരിഗണിക്കുന്നതായാണ് സൂചനകൾ. അങ്ങനെയെങ്കിൽ കുണ്ടറയിൽ കല്ലട രമേശ് വന്നേക്കാം.
എം.പി സ്ഥാനം രാജിവച്ച് മത്സരിക്കണം: കോടിയേരി
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലം പിടിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയ കെ.മുരളീധരനെ വെല്ലുവിളിച്ച് കോടിയേരി ബാലകൃഷ്ണൻ.
ജയിക്കുമെന്ന് ധൈര്യമുണ്ടെങ്കിൽ എം.പി സ്ഥാനം രാജിവച്ച് മത്സരിക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച കെ.മുരളീധരൻ അഞ്ചു വർഷം തികയുന്നതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലേക്ക് പോയി. അവിടെ നിന്നാണ് ഇപ്പോൾ നേമത്തേക്ക് വരുന്നത്. ഇങ്ങനെയുള്ള മുരളീധരനെ ആര് വിശ്വസിക്കും.
രാജിവയ്ക്കില്ല: കെ. മുരളീധരൻ
ന്യൂഡൽഹി: നേമത്ത് വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് കെ.മുരളീധരൻ പറഞ്ഞു. എം.പി സ്ഥാനം രാജിവയ്ക്കാതെയാണ് മത്സരിക്കുന്നത്. നേമത്തിനോട് ചേർന്ന് കിടക്കുന്ന വട്ടിയൂർക്കാവിലെ എട്ടുവർഷത്തെ എം.എൽ.എ എന്ന നിലയിലുള്ള പ്രവർത്തനം, നേമത്തെക്കുറിച്ച് അറിയാവുന്ന വ്യക്തി എന്നീ പരിഗണനകൾ തന്നെ സ്ഥാനാർത്ഥിയാക്കിയതിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. വടകര ലോക്സഭയിലേക്ക് മത്സരിച്ചത് അക്രമരാഷ്ട്രീയത്തിനെതിരായ പോരാട്ടമായിരുന്നു. ഇത്തവണ വർഗീയതയ്ക്കെതിരായ പോരാട്ടമാണ്. നേമം ഒരിക്കലും ഉറച്ച സീറ്റല്ല. പോഷക സംഘടനയുടെ അദ്ധ്യക്ഷയ്ക്ക് സീറ്റ് കിട്ടിയില്ല എന്നുള്ള ലതിക സുഭാഷിന്റെ പ്രയാസം മനസിലാക്കുന്നു. അതിന് ഇതുപോലുള്ള പ്രതികരണം വേണ്ടിയിരുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.