
കോഴിക്കോട്:കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ(105) അന്തരിച്ചു. കൊയിലാണ്ടി ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.എട്ട് പതിറ്റാണ്ട് നീണ്ട കലാജീവിതത്തിന് ശേഷമാണ് അരങ്ങൊഴിഞ്ഞത്.
കഥകളി, കേരള നടനം എന്നിവയിലെ അസാമാന്യ പ്രതിഭയായിരുന്നു ഗുരു ചേമഞ്ചേരി. കഥകളിയുടെ വടക്കൻ രീതിയായ കല്ലടിക്കോടൻ ചിട്ടയുടെ പ്രചാരകരിൽ പ്രധാനിയായിരുന്നു അദ്ദേഹം. കീഴ്പയൂർ കുനിയിൽ പരദേവതാ ക്ഷേത്രത്തിൽ ആദ്യമായി ചുട്ടികുത്തി കഥകളി വേഷം അണിയുമ്പോൾ അദ്ദേഹത്തിന് പതിനാല് വയസ് മാത്രമായിരുന്നു. 90 വർഷത്തോളം അരങ്ങിൽ സജീവമായിരുന്നു. 100 വയസിന് ശേഷവും പല വേദികളിലും കഥകളി വേഷം കെട്ടിയിരുന്നു.
മടയങ്കണ്ടിയിൽ ചാത്തുക്കുട്ടി നായരുടെയും കിണറ്റിൻകര കുഞ്ഞമ്മക്കുട്ടിയമ്മയുടെയും മകനായി 1916 ജൂൺ 16ന് ജനിച്ചു. 1983ൽ ചേലിയയില്‍ കഥകളി വിദ്യാലയം സ്ഥാപിച്ചു. സംഗീത നാടക അക്കാദമി എക്‌സിക്യൂട്ടിവ് അംഗം, കലാമണ്ഡലം നൃത്തവിഭാഗം പരീക്ഷകൻ, ദൂരദർശൻ ഒഡീഷൻ കമ്മിറ്റി അംഗം, വിശ്വകലാകേന്ദ്രം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
2017 ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 1979-ൽ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999-ല്‍ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001-ല്‍ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാര്‍ഡ്, 2002-ല്‍ കലാദര്‍പ്പണം നാട്യ കുലപതി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ തേടിയെത്തി.