bjp

വയനാട്: മാനന്തവാടി നിയോജക മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി മണികണ്ഠൻ(മണിക്കുട്ടൻ) മത്സരത്തിൽ നിന്ന് പിന്മാറി. തന്റെ അറിവില്ലാതെയാണ് ബി ജെ പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതെന്നും, മത്സരിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പണിയ സമുദായത്തെ ബിജെപി പരിഗണിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മണികണ്ഠൻ വ്യക്തമാക്കി. മണികണ്ഠൻ മത്സരിക്കാനില്ലെന്ന് അറിയിച്ചുകൊണ്ട് ഭാര്യയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

പിന്നീട് തന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ് സ്ഥാനാർത്ഥിയാക്കിയതെന്നും, പിന്മാറുകയാണെന്നും മണികണ്ഠനും പ്രതികരിക്കുകയായിരുന്നു. കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ടീച്ചിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മണികണ്ഠൻ. ജോലിയിൽ തുടരാനാണ് താൽപര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.