vaccine

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ വാക്‌സിൻ വിതരണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ നഗരാതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശങ്ങളിൽ വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്നു. വാക്‌സിനെടുക്കാനായി എത്തുന്ന പ്രായം ചെന്നവർ ഇതോടെ ദുരിതത്തിലായി. രണ്ടാംഘട്ടം ആരംഭിച്ചിട്ടും മതിയായ അളവിൽ വാക്‌സിൻ എത്തിക്കാൻ ആരോഗ്യ വകുപ്പിന് കഴിയാതെ വന്നതാണ് ഈ സ്ഥിതിവിശേഷത്തിന് കാരണം.

ഓൺലൈൻ സംവിധാനത്തിലെ അപാകത കാരണം വാക്‌സിനേഷന് സമയം ലഭിക്കാതെ വന്ന പ്രായമേറിയവർ സ്‌പോട്ട് രജിസ്ട്രേഷനായി കൂട്ടത്തോടെ പല കുടുംബാരോഗ്യ കേന്ദ്രങ്ങളിലും എത്തിയിരുന്നു. എന്നാൽ, ആശാ വർക്കാർമാർ വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രമെ വാക്‌സിൻ എടുക്കുകയുള്ളൂവെന്ന് ആരോഗ്യ പ്രവർത്തകർ പലയിടത്തും നിലപാടെടുത്തു.

പ്രതിദിനം 100 ഡോസ് വാക്സിനാണ് പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്കും കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും നൽകുന്നത്. കൂടിയത് 70 ഡോസ് വരെയാണ് ജനങ്ങൾക്ക് നൽകുന്നത്. തിരഞ്ഞെടുപ്പ് സമയമായതിനാൽ തന്നെ ആരോഗ്യപ്രവർത്തകർക്കും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകേണ്ടി വരും. അതിനാൽ തന്നെ കൂടുതൽ വാക്‌സിൻ സ്റ്റോക്കുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകാനാണ് ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്നത്. ഇതോടെ ചെറിയ പട്ടണങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ സ്‌പോട്ട് രജിസ്ട്രേഷന് കനത്ത തിരക്ക് അനുഭവപ്പെടുകയും ചെയ്തു. പലയിടത്തും രാവിലെ 9 മണിയോടെ തന്നെ 200 ഓളം ടോക്കണുകളാണ് നൽകുന്നത്.

60 വയസ് കഴിഞ്ഞ 51 ലക്ഷം പേർക്കും 45 വയസ് പിന്നിട്ട ഗുരുതര രോഗികൾക്കുമാണ് രണ്ടാം ഘട്ടത്തിൽ ആദ്യ ഡോസ് വാക്‌സിൻ നൽകുന്നത്. ഇതോടൊപ്പം ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണിപ്പോരാളികൾക്കുമുള്ള രണ്ടാം ഡോസും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകുന്നുണ്ട്. എന്നാൽ, ഇത്രയും പേരെ കൈകാര്യം ചെയ്യാനാവശ്യമായ മുന്നൊരുക്കങ്ങളൊന്നും ഇല്ലെന്ന വിമർശനം പല കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ച സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ ഇല്ലെന്നും ജീവനക്കാരുടെ സംഘടനകൾ പരാതിപ്പെടുന്നുണ്ട്. ഇതേതുടർന്ന് ആശുപത്രികൾക്കൊപ്പം പൊതുസ്ഥലങ്ങളിൽക്കൂടി വിതരണ കേന്ദ്രങ്ങൾ തുറക്കാനാണ് സർക്കാർ ആലോചന. എന്നാൽ, വാക്‌സിൻ എടുക്കുന്നതു കൊണ്ട് ആർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ അത് കൈകാര്യം ചെയ്യാൻ ആശുപത്രികളിൽ മാത്രമെ മരുന്ന് വിതരണം അനുവദിക്കാവൂ എന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.