
തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ സർവശോഭയും കെടുത്തിയ ലതിക സുഭാഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തം. വനിത നേതാവിന്റെ തലമുണ്ഡനത്തെ അനുകൂലിച്ചും എതിർത്തും കോൺഗ്രസിൽ ഇതിനോടകം രണ്ട് ചേരി രൂപപ്പെട്ട് കഴിഞ്ഞു. സീറ്റ് നൽകാതിരുന്നതിന്റ കാരണങ്ങൾ ലതികയെ ബോദ്ധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ട നേതൃത്വമാണ് യഥാർത്ഥ കുറ്റക്കാരെന്നാണ് ഒരുവിഭാഗത്തിന്റ ആക്ഷേപം.
കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമായി അമ്പത്തിയഞ്ച് ശതമാനം പുതുമുഖങ്ങളെ അണിനിരത്തിയിറക്കിയ സ്ഥാനാർത്ഥി പട്ടികയുടെ എല്ലാ അവകാശവാദങ്ങളും ഇല്ലാതാക്കുന്നതായിരുന്നു ലതിക സുഭാഷിന്റ തലമുണ്ഡനം. 140 മണ്ഡലങ്ങളിലും ഇതിന്റ പ്രതിഫലനമുണ്ടായേക്കാം. ഒമ്പത് വനിതകളെ സ്ഥാനാർത്ഥിയാക്കിയിട്ടും പ്രചാരണത്തിലുടനീളം സ്ത്രീവിരുദ്ധ പാർട്ടിയെന്ന പഴി കോൺഗ്രസിന് കേൾക്കേണ്ടി വരും. ഇതിനെ എന്ത് പറഞ്ഞ് പ്രതിരോധിക്കുമെന്ന് പോലും നേതൃത്വത്തിന് വ്യക്തതയില്ല.
പ്രതിഷേധവുമായി ഇന്നലെ രാവിലെ പതിനൊന്ന് മണി മുതൽ ലതിക സുഭാഷ് കെ പി സി സി ഓഫീസിൽ ഉണ്ടായിരുന്നു. മാദ്ധ്യമങ്ങളിലൂടെ എതിർപ്പ് അറിയിച്ചിട്ടും അവരെ ഒരാൾപോലും തിരിഞ്ഞുനോക്കിയില്ലെന്നാണ് ലതികയെ അനുകൂലിക്കുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല.
തിടുക്കപ്പെട്ട് ലതിക സുഭാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ അത് കൂടുതൽ ദോഷമാകുമെന്നാണ് നേതാക്കളിൽ ഭൂരിപക്ഷവും പറയുന്നത്. തത്ക്കാലം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ ലതികയുടെ സമർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്ന് തന്നെയാണ് തീരുമാനം. ഹൈക്കമാൻഡിന്റെ അഭിപ്രായം കൂടി കേട്ട ശേഷമാകും കെ പി സി സിയുടെ തുടർ നടപടി. സംഭവത്തിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്‌തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.