amit-shah

തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രനുമായി ദേശീയ നേതൃത്വം ചർച്ച നടത്തുന്നു. കേന്ദ്രമന്ത്രി വി മുരളീധരന് പകരം കഴക്കൂട്ടത്തെ സ്ഥാനാർത്ഥിയാരെന്ന് ബി ജെ പി അണികൾക്കിടയിൽ ഉദ്വേഗം നിറയുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്‌ച നടക്കുന്നത്. ശോഭാ സുരേന്ദ്രന് വേണ്ടിയാണ് മണ്ഡലം ഒഴിച്ചിട്ടതെന്ന അഭ്യൂഹവുമുണ്ട്.

കഴക്കൂട്ടവും കൊല്ലവും കരുനാഗപ്പളളിയുമാണ് ബി ജെ പി പട്ടികയിൽ ഇന്നലെ ഒഴിച്ചിട്ടത്. കൊല്ലത്തും കരുനാഗപ്പളളിയിലും സ്ഥാനാർത്ഥിയെ തേടുകയാണെന്ന് പറയാമെങ്കിലും ബി ജെ പിയെ സംബന്ധിച്ച് കഴക്കൂട്ടം അങ്ങനെയല്ല. കഴിഞ്ഞ തവണ വി മുരളീധരൻ രണ്ടാം സ്ഥാനത്ത് വന്ന കഴക്കൂട്ടം ബി ജെ പിയുടെ എ പ്ലസ് മണ്ഡലമാണ്.

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതൃത്വം നിർദേശിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ലാത്തതു കൊണ്ടാണ് പട്ടികയിൽ ഉൾപ്പെടുത്താതെന്ന് ഇന്നലെ തന്നെ അഭ്യൂഹം ഉണ്ടായിരുന്നു. സാദ്ധ്യത പട്ടികയിൽ ചാത്തന്നൂരിൽ ശോഭയുടെ പേര് നിർദേശിക്കപ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടികയിൽ പേരുണ്ടായിരുന്നില്ല. കെ സുരേന്ദ്രൻ രാജിഭീഷണി മുഴക്കിയാണ് പേര് ഒഴിവാക്കിച്ചതെന്ന് ശോഭാ സുരേന്ദ്രനുമായി ബന്ധമുളളവർ ആക്ഷേപിക്കുന്നുണ്ട്.