sudhakaran

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരൻ മത്സരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇമെയിൽ പ്രവാഹമാണ്. കണ്ണൂരിൽ നിന്നുളള പ്രവർത്തകരാണ് ഇമെയിലുകൾ അയക്കുന്നത്.

പിണറായിക്കെതിരെ കെ സുധാകരൻ മത്സരിക്കണമെന്നത് കോൺഗ്രസ് പ്രവർത്തകരുടെ പൊതു വികാരമാണെന്ന് ഡി സി സി നേതാവ് മമ്പറം ദിവാകരൻ പറഞ്ഞു. ദിവാകരനായിരുന്നു കഴിഞ്ഞതവണ ധർമ്മടത്തെ യു ഡി എഫ് സ്ഥാനാർത്ഥി. അതേസമയം, വിഷയത്തിൽ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ധർമ്മടത്ത് കെ സുധാകരൻ മത്സരിച്ചാൽ അത് ജയത്തിലേക്ക് എത്തുമെന്നാണ് പ്രവർത്തകർ പറയുന്നത്. ധർമ്മടം മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ ഭരണം നേടാൻ കോൺഗ്രസിനായിട്ടുണ്ട്. അതിനാൽ കെ സുധാകരനെ പോലെയുളള ഒരു നേതാവ് മത്സരിച്ചാൽ അത് ശക്തമായ മത്സരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.

സീറ്റ് വിഭജനത്തിൽ ധർമ്മടം ഘടകക്ഷിയായ ഫോർവേഡ് ബ്ലോക്കിനാണ് കോൺഗ്രസ് നൽകിയത്. എന്നാൽ ദേശീയ തലത്തിലുണ്ടാകുന്ന പ്രത്യാഘാതം കണക്കിലെടുത്ത് തീരുമാനത്തിൽ നിന്ന് ഫോർവേഡ് ബ്ലോക്ക് പിന്മാറിയിരിക്കുകയാണ്. ഇതോടെ ധർമ്മടത്തേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ട ഉത്തരവാദിത്തം കോൺഗ്രസിന്റെ തലയിലായിരിക്കുകയാണ്.