
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി വെബിൻ ജോൺ വർഗീസാണ് പത്രിക സ്വീകരിച്ചത്. രണ്ട് സെറ്റ് പത്രികകളാണ് പിണറായി നൽകിയത്. മണ്ഡലം പ്രതിനിധി പി ബാലൻ, സി പി ഐ ദേശീയ കൗൺസിൽ അംഗം പി എൻ ചന്ദ്രൻ എന്നിവരാണ് പിൻതാങ്ങിയത്. സി പി എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പിണറായിക്കൊപ്പമുണ്ടായിരുന്നു.
ജനങ്ങളിൽ നിന്നും ലഭിക്കുന്ന ആത്മാർത്ഥമായ പിന്തുണ നൽകുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മത്സരിക്കുന്നതെന്ന് പത്രിക നൽകിയതിന് ശേഷം പിണറായി ഫേസ്‌ബുക്കിൽ കുറിച്ചു. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വർഷങ്ങൾ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുമായി കൂടുതൽ മികവോടെ ഞങ്ങൾ മുന്നോട്ടു പോകും. ജനങ്ങളെ ചേർത്തു നിർത്തിക്കൊണ്ട് കേരളത്തിന്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവർത്തിക്കും. ആ ഉറപ്പ് ഞങ്ങൾ കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധർമ്മടം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഇന്ന്
Posted by Pinarayi Vijayan on Sunday, March 14, 2021
നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജനങ്ങളിൽ...
നാമനിർദ്ദേശ പത്രിക നൽകുന്നതിന് തൊട്ടുമുമ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ മുഖ്യമന്ത്രിക്ക് ആശംസ നേർന്ന് കളക്‌ട്രേറ്റിലെത്തി. കഴിഞ്ഞ ഒരാഴ്‌ചയായി പിണറായി മണ്ഡലത്തിൽ സജീവമാണ്. നാളെയും കൂടി അദ്ദേഹം ധർമ്മടത്തുണ്ടാകും. തുടർന്ന് സംസ്ഥാനമൊട്ടാകെ പ്രചാരണത്തിന് ഇറങ്ങുന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് തലേന്ന് മാത്രമേ ഇനി സ്വന്തം മണ്ഡലത്തിലേക്ക് എത്തുകയുളളൂ.
മണ്ഡലത്തിൽ സി കെ പദ്‌മനാഭനാണ് എൻ ഡി എ സ്ഥാനാർത്ഥി. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. രക്തസാക്ഷി കുടുംബത്തിൽ നിന്നൊരാൾ ധർമ്മടത്ത് സ്ഥാനാർത്ഥിയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.