k-surendran

തിരുവനന്തപുരം: ഡൽഹിയിൽ നരേന്ദ്രനെങ്കിൽ കേരളത്തിൽ സുരേന്ദ്രൻ! പാർട്ടിയിലെ പ്രിയപ്പെട്ട യുവപോരാളിയെക്കുറിച്ച് ബി.ജെ.പി അണികൾ അഭിമാനത്തോടെ പറയുന്നത് ഇങ്ങനെയെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി കെ.സുരേന്ദ്രനെ വിശേഷിപ്പിക്കുന്നത് കേരളത്തിന്റെ 'ബഡാ ഫൈറ്റർ' എന്ന്. ഈ അമ്പത്തിയൊന്നുകാരനെ അണികൾക്ക് പ്രിയങ്കരനാക്കുന്നത് ചങ്കൂറ്റവും പോരാട്ടവീര്യവും സമരോത്സുകതയും. കോഴിക്കോട് ജില്ലയിലെ ഉള്ള‌ിയേരി സ്വദേശിയായ സുരേന്ദ്രൻ ചെറുപ്പം മുതലേ ആ‌ർ.എസ്.എസ് ശാഖയിൽ സജീവം.

ചേളന്നൂർ എസ്.എൻ.കോളേജിൽ പഠിക്കുമ്പോൾ എ.ബി.വി.പി പ്രവർത്തകനായാണ് പൊതുരംഗത്തേക്കിറങ്ങിയത്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ബി.എസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയായിരിക്കെ എ.ബി.വി.പി ജില്ലാ നേതാവായി. വി.മുരളീധരനായിരുന്നു അന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി. കോഴിക്കോട് സർവകലാശാലയിലെ ക്രമക്കേടുകൾക്കെതിരെ ഉൾപ്പെടെ നിരവധി വിദ്യാർത്ഥി സമരങ്ങളിൽ മുന്നിൽ നിന്നു പോരാടി. പാലക്കാട്ട് കുറച്ചുകാലം എ.ബി.വി.പിയുടെ മുഴുവൻ സമയ പ്രവർത്തകനായിരുന്ന ശേഷം വയനാട്ടിൽ ഒരു എസ്‌റ്റേറ്റിൽ മാനേജരായി. ഒരിക്കൽ കൊയിലാണ്ടിയിലെ പാർട്ടി പരിപാടിയിൽ പ്രസംഗിക്കേണ്ടിയിരുന്ന കെ.ജി.മാരാർ വൈകിയതിനെ തുടർന്ന് അദ്ദേഹം വരുന്നതുവരെ പകരക്കാരനായി പ്രസംഗിച്ച സുരേന്ദ്രനെ പിന്നീടൊരിക്കൽ വയനാട്ടിൽ വച്ച് യുവമോ‌ർച്ചയിലേക്ക് കൊണ്ടുവന്നത് മാരാർ തന്നെ.

യുവമോർച്ച വയനാട് ജില്ലാ സെക്രട്ടറി,​ പ്രസിഡന്റ്,​ സംസ്ഥാന സെക്രട്ടറി,​ പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. കോവളം കൊട്ടാരം സമരം തുടങ്ങി അഴിമതിക്കെതിരായ നിരവധി സമരങ്ങളിൽ പങ്കെടുത്ത് പൊലീസ് മർദ്ദനമേറ്റുവാങ്ങി. ജയിലുകളിൽ കഴിഞ്ഞു. ശബരിമല യുവതീപ്രവേശന വിധിയെത്തുടർന്നുള്ള പ്രക്ഷോഭങ്ങൾ എൽ.ഡി.എഫ് സർക്കാരിന്റെ കണ്ണിലെ കരടും ഭക്തജനങ്ങളുടെ കണ്ണിലുണ്ണിയുമാക്കി.

പാർട്ടിയിൽ കേന്ദ്രമന്ത്രി വി.മുരളീധരനുമായി വളരെ അടുപ്പം പുലർത്തുന്ന സുരേന്ദ്രൻ നരേന്ദ്രമോദി,​ അമിത് ഷാ,​ ജെ.പി നദ്ദ,​ ബി.എൽ. സന്തോഷ് തുടങ്ങിയ മുതിർന്ന നേതാക്കൾക്കും പ്രിയങ്കരൻ. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നേരിയ വോട്ടിന് തോൽവി. കാസർകോട്ടു നിന്നും പത്തനംതിട്ടയിൽ നിന്നും ലോക്‌സഭയിലേക്കും, 2019 ലെ കോന്നി നിയമസഭാ ഉപതിരഞ്ഞെടുപ്പിലും മികച്ച പ്രകടനം.