kamal-hassan

ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസന് നേരെ ആക്രമണ ശ്രമം. കാഞ്ചീപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് യോഗശേഷം ചെന്നൈയിലേക്ക് മടങ്ങുകയായിരുന്ന കമലിന്റെ വാഹനത്തിന് നേരെ ഒരാൾ പാഞ്ഞടുക്കുകയും ഡോർ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവം അദ്ദേഹത്തിന് നേരെയുള‌ള ആക്രമണ ശ്രമമാണെന്ന് മക്കൾ നീതി മയ്യം ആരോപിച്ചു. എന്നാൽ ആക്രമണമല്ലെന്നും അക്രമി ഒരു കമൽ ഹാസൻ ആരാധകനാണെന്നും ഇയാൾ മദ്യപിച്ചിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.

വാഹനത്തിന് നേരെ പാഞ്ഞടുത്ത ഇയാളെ പിന്നീട് മക്കൾ നീതി മയ്യം പ്രവർത്തകർ മർദ്ദിച്ചു. സ്ഥലത്ത് നിന്നും ഇയാളെ നീക്കിയ പൊലീസ് പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു. കമൽ ഹാസനോ അദ്ദേഹത്തിന്റെ വാഹനത്തിനോ തകരാറൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുപ്പിൽ കമൽ ഹാസൻ ജനവിധി തേടുന്നത്. ആകെ 234 സീ‌റ്റുകളിൽ കമൽ നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയിൽ 154 സീ‌റ്റുകളിലാണ് മക്കൾ നീതി മയ്യം മത്സരിക്കുന്നത്.

അഴിമതി അവസാനിപ്പിക്കുമെന്നും, തമിഴ്‌നാട്ടിലെ ഗ്രാമങ്ങളുടെ വികസനവും, കൂടുതൽ തൊഴിൽ, ഇ- ഗവേർണൻസ്, എല്ലാ വീടുകളിലും കമ്പ്യൂട്ടർ, വീട്ടമ്മമാർക്ക് ശമ്പളം എന്നിങ്ങനെ വിവിധ വാഗ്‌ദാനങ്ങളാണ് തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മുന്നോട്ടുവയ്‌ക്കുന്നത്.