
കൊല്ലം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഉൾപ്പെട്ട ഇ.എം.സി.സി കമ്പനി ഡയറക്‌ടർ ഷിബു വർഗീസ് മത്സരരംഗത്ത്. കുണ്ടറയിൽ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷിബു വർഗീസ് അറിയിച്ചു. ഇ.എം.സി.സി വിഷയത്തിൽ സത്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മന്ത്രി വഞ്ചിച്ചെന്ന് ഷിബു വർഗീസ് പറഞ്ഞു. കരാറുണ്ടാക്കിയ ശേഷം ഇ.എം.സി.സിയെ തളളിപ്പറഞ്ഞ മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി, കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപറേഷനുമായും കെ.എസ്.ഐ.ഡി.സിയുമായും ആഴക്കടൽ മത്സ്യബന്ധനത്തിനും ഭക്ഷ്യ സംസ്‌കരണ പാർക്കിനുമായി ഉണ്ടാക്കിയ ധാരണാപത്രം വിവാദമായതോടെ സർക്കാർ റദ്ദാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി ഇ.പി ജയരാജൻ എന്നിവർക്കെതിരെ ആരോപണവുമായെത്തിയത്.
സംഭവം പ്രതിപക്ഷ നേതാവും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനും തമ്മിലെ ഗൂഢാലോചനയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ധാരണാപത്രം സർക്കാർ അറിയാതെയാണ് ഒപ്പിട്ടതെന്ന് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും ഇഎംസിസിയെ കുറിച്ചുളള വിവരങ്ങൾ അന്വേഷിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചിരുന്നെന്ന് പ്രതിപക്ഷ നേതാവ് തെളിവ് പുറത്തുവിട്ടു.