
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് തിരുവല്ലയിലെ ബി ജെ പി സ്ഥാനാർത്ഥിയായ അശോകൻ കുളനടയും പിന്മാറാൻ സാദ്ധ്യത. പ്രാദേശികമായി ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് അശോകൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുന്നത്. ഇക്കാര്യം ബി ജെ പി സംസ്ഥാന നേതൃത്വത്തെ അദ്ദേഹം ഉടൻ അറിയിക്കും.
അശോകനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ഇന്നലെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് കമ്മിറ്റികളും രാജിവച്ചിരുന്നു. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് പകരം അശോകനെ സ്ഥാനാർത്ഥിയാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും രാജിവച്ചിരുന്നു. മണിപ്പുഴയിലെ കുടുംബയോഗത്തിൽ പങ്കെടുക്കാനെത്തിയ അശോകനെ മഹിളാ മോർച്ച പ്രവർത്തകർ തടഞ്ഞുവച്ചിരുന്നു.
ബി ജെ പിയുടെ മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ സി മണികണ്‌ഠനും താൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിന്മാറിയിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ചകാര്യം താൻ അറിഞ്ഞത് ടി വിയിലൂടെയെന്നും ബി ജെ പി നൽകിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്‌ഠൻ അറിയിച്ചു. നിലവിൽ കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി ടീച്ചിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് മണികണ്‌ഠൻ.