
തണ്ണിത്തൻ ആളൊരു ബല്യ സംഭവമാണ്, എങ്ങനെയെന്നറിയില്ലേ... വരൂ ഈ ചുവപ്പൻ ശീതളമധുരത്തിന്റെരഹസ്യങ്ങൾ തേടി
ഒരു യാത്ര പോകാം...
ഉഷ്ണകാലത്ത് ദാഹം ശമിപ്പിക്കാൻ ഒരു കൂട്ട്, എളുപ്പത്തിൽ ഒരു ജ്യൂസ്, മധുരം കിനിയുന്ന സ്വാദ്... ഇതിനപ്പുറം വരില്ല തണ്ണിമത്തനെക്കുറിച്ചുള്ള നമുക്കുള്ള ധാരണ. എന്നാൽ ദക്ഷിണാഫ്രിക്കക്കാരനായ ഈ തണ്ണിമത്തൻ ഒരു ഔഷധഖനിയാണെന്ന് എത്ര പേർക്കറിയാം? വേനൽക്കാലമായതോടെ റോഡിനിരുവശവും തണ്ണിമത്തൻ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഒട്ടും മടിക്കേണ്ടതില്ല, ഈ ചൂടുകാലത്ത് നമ്മുടെ മനസും ശരീരവും തണുപ്പിക്കാൻ തണ്ണിമത്തൻ ആവശ്യമാണ്. അതുകൊണ്ട് ധൈര്യമായി തണ്ണിമത്തനെ കൂട്ടുപിടിച്ചോളൂ.
ഹൃദയാരോഗ്യത്തിന് തണ്ണിമത്തൻ ഉന്മേഷദായിനി
പാനീയമായും കാമ്പായും കഴിക്കാവുന്ന തണ്ണിമത്തൻ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷകവും മനസിന് ഉന്മേഷവും നൽകുന്നു. ഹൃദ്രോഗങ്ങൾ അകറ്റി നിർത്താൻ തണ്ണിമത്തൻ കഴിച്ചാൽ മതിയത്രേ. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന സിട്രിലിന് ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ പ്രധാന പങ്കുണ്ട്. രക്തസമ്മർദം കുറയ്ക്കുകയും രക്തധമനികളിൽ കൊഴുപ്പടിയുന്നതു തടയുകയും ചെയ്ത് ഹൃദയത്തെ കാക്കുന്നു.
രോഗങ്ങളെ അകറ്റി നിറുത്തും
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പറ്റിയ ഒന്നാണ് തണ്ണിമത്തൻ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 6, ബി 1, സി എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇവ ചർമ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്.
കാൻസർ തടയാൻ
തണ്ണിമത്തനിലടങ്ങിയിരിക്കുന്ന ഫ്ളവനോയിഡ്സ് കാൻസറിനെ തടയുന്നു. പ്ലാന്റ് സംയുക്തമായ ലൈസോപീനാണ് മറ്റൊരു പ്രധാന ഘടകം. ഇവ ധാരാളമായി തണ്ണിമത്തനിൽ കാണപ്പെടുന്നു. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നൽകുന്നത്. ലൈസോപീനും മറ്റ് ആന്റി ഓക്സിഡന്റുകളായ വൈറ്റമിൻ സി യും മറ്റും കൂടുമ്പോൾ തണ്ണിമത്തൻ കാൻസറിനെ പ്രതിരോധിക്കുന്നു.

തടി കുറയ്ക്കാൻ
തടി കുറയ്ക്കാനും തണ്ണിമത്തനെ കൂട്ടു പിടിക്കാം. ഒരു സാധാരണ തണ്ണിമത്തനിൽ 18 ശതമാനം നാരും 92 ശതമാനം വെള്ളവും അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ കഴിച്ചാൽ വിശപ്പും കുറയും തടിയും കുറയും. കൊളസ്ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്സിഡന്റുകളുമുണ്ട്.വ്യായാമത്തിനുശേഷം ഉന്മേഷം
വ്യായാമം ചെയ്തതിനു ശേഷം ക്ഷീണം മാറാൻ ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ മതി. ആദ്യമായി വ്യായാമം ചെയ്തു തുടങ്ങുന്നവർക്ക് പിറ്റേന്ന് ശരീരവേദന ഉറപ്പാണ്. ഇതകറ്റാൻ വ്യായാമത്തിനു മുൻപ് മൂന്നു നാലു കഷണം തണ്ണിമത്തൻ കഴിച്ചാൽ മതി. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ് രക്തധമനിയിലൂടെയുള്ള രക്തപ്രവാഹം സുഗമമാക്കി വേദന കുറയ്ക്കുന്നു. വ്യായാമത്തിന് മുൻപും ശേഷവും തണ്ണിമത്തൻ കഴിക്കാം.
വെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ ഉത്തമമാണ്. ഇവയ്ക്കൊപ്പം വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും മിതമായ അളവിൽ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
കിഡ്നിയെ കാക്കും
ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശം നീക്കം ചെയ്ത് കിഡ്നിയുടെ പ്രവർത്തനം സുഗമമാക്കുന്നു. വെള്ളം കുടിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് തണ്ണിമത്തൻ ജ്യൂസ് കഴിക്കാവുന്നതാണ്.

കണ്ണിനും വേണം
തണ്ണിമത്തനിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും വിറ്റാമിൻ എ ആവശ്യമാണ്. പ്രായാധിക്യം മൂലമുള്ള കാഴ്ചമങ്ങലും നിശാന്ധതയും അകറ്റാൻ തണ്ണിമത്തൻ ധാരാളമായി കഴിക്കാം.
ബുദ്ധി കൂട്ടാൻ
കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ തണ്ണിമത്തൻ കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 6 ബുദ്ധിക്ക് ഉണർവ് നൽകുന്നു. അതുപോലെ, ലൈംഗികശേഷി വർദ്ധിപ്പിക്കാനും തണ്ണിമത്തൻ കഴിക്കാം.
തോടും തിന്നാം
അകക്കാമ്പ് ചുരണ്ടിയെടുത്തശേഷം തണ്ണിമത്തന്റെ പുറംതോട് നാം വലിച്ചെറിയാറാണ് പതിവ്. എന്നാൽ ഇനി വലിച്ചെറിയുന്നതിന് മുമ്പ് ഇതൊന്ന് ശ്രദ്ധിക്കുക. പുറത്ത് നിന്ന് വാങ്ങുന്നവയിൽ വിഷാംശത്തിന്റെ അളവ് കൂടുതലായിരിക്കും. അതുകൊണ്ട് പുറംതോട് എടുക്കുന്നവർ വീട്ടിലോ സ്വന്തം കൃഷിയിടത്തിലോ വിളഞ്ഞത് മാത്രം എടുക്കുക.
* തണ്ണിമത്തന്റെ വെള്ളയിൽ സിട്രുലിൻ എന്ന അമിനോ ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. മസിലുകൾ പെരുകാൻ ഈ അമിനോ ആസിഡ് സഹായകമാകും.
* സിട്രുലിൻ എന്ന അമിനോ ആസിഡ് ജനനേന്ദ്രിയ ഭാഗങ്ങളിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പ്രകൃതിദത്ത വയാഗ്രയാണ് ഇതെന്ന് പറയാം.
* തണ്ണിമത്തന്റെ പുറംതോടിൽ ധാരാളം നാരുകളുണ്ട്. ശരീരത്തിലെ കൊഴുപ്പ് പുറന്തള്ളി അമിതഭാരം കുറയ്ക്കാൻ ഇത് സഹായകമാകുന്നു.
* തണ്ണിമത്തനിലെ പ്രകൃതിദത്ത ഘടകങ്ങൾ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
* സിട്രുലിൻ എന്ന ആമിനോ ആസിഡ് ശരീരത്തിൽ കൂടുതലായി വരുന്ന അമോണിയ പുറന്തള്ളും. കിഡ്നി പ്രശ്നങ്ങൾ ഒഴിവാക്കുമെന്നും വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു.
* കാൻസർ ചെറുക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണിത്. ഇതിലെ ലൈകോഫീൻ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.

കുരുകളയല്ലേ!
തണ്ണിമത്തൻ കുരുവിന്റ ഉപയോഗം കേട്ടാൽ കണ്ണുതള്ളുമെന്ന കാര്യത്തിൽ സംശയമില്ല. ഇതൊന്ന് അറിഞ്ഞ് വച്ചോളൂ...
എണ്ണയായി: വെയിലത്ത് വച്ചുണക്കിയെടുത്ത കുരു കോൾഡ് പ്രസ് ചെയ്ത് എണ്ണയാക്കി ഉപയോഗിക്കുന്ന രീതിയുണ്ട് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ. 'ഊട്ടാങ്കാ ഓയിൽ" എന്നാണ് പേര്. മുടിയുടെ ആരോഗ്യത്തിനും തൊലിപ്പുറത്ത് ഈർപ്പം നിലനിർത്താനും നല്ലതാണത്രേ. കുഞ്ഞുങ്ങൾക്കുള്ള 'ബേബി ഓയിലാ"യും ഇതുപയോഗിക്കുന്നുണ്ട്.
ബേക്ക് ചെയ്യാം: ബ്രഡ്, മഫിൻ, കുക്കീസ്, കേക്ക്, ഗ്രനോള ബാർ തുടങ്ങിയവയിൽ നട്ട്സിനൊപ്പം ഉപയോഗിക്കും ഉണക്കിയ തണ്ണിമത്തൻ കുരു.
സാലഡിനൊപ്പം: ഫ്രൂട്ട് സാലഡ്, യോഗർട്ട് സാലഡ്, വിവിധ സൂപ്പുകൾ എന്നിവയ്ക്കൊപ്പം ഇവനും ചേരും.
ഉണക്കിപ്പൊടിക്കാം: ഉണക്കിയെടുത്ത തണ്ണിമത്തൻക്കുരു നല്ല മയത്തിൽ പൊടിച്ചു സൂക്ഷിച്ചാൽ ചായ, സ്മൂത്തീസ്, ഷേക്ക് തുടങ്ങിയവയ്ക്കൊപ്പം ചേർക്കാം. അൽപം കൊഴുപ്പ് കൂട്ടാൻ നല്ലതാണ്.
ഉത്തമം തന്നെ, പക്ഷേ!
തണ്ണിമത്തൻ ഉത്തമം തന്നെ. എന്നാൽ അമിതമായാൽ ഇവയിലെ ലൈസോപീനും സിമ്പിൾ കാർബോഹൈഡ്രേറ്റും പ്രശ്നക്കാർ ആയി മാറും. അത് ദഹനക്കുറവിനും വയറു കമ്പിക്കലിനും വായുപ്രശ്നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം. പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ കിഡ്നി രോഗങ്ങളുള്ളവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. ഊർജത്തിന്റെ അളവ് കുറവാണെങ്കിലും ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലുള്ളതിനാൽ തണ്ണിമത്തൻ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ഇടയാക്കും. അമിതമായി മദ്യപാനം നടത്തുന്നവർ മിതമായ അളവിൽ തണ്ണിമത്തൻ ഉപയോഗിക്കുന്നതാണ് ഉത്തമം.

തണ്ണിമത്തൻ നടീലും വളപ്രയോഗവും
പരമ്പരാഗത രീതിയിൽ കുഴിയെടുത്താണ് തണ്ണിമത്തൻ കൃഷി. നല്ല ഇടയകലം നൽകണം. 3 മീറ്റർ അകലത്തിൽ 2 മീറ്റർ ഇടവിട്ട് കുഴിയെടുത്തു വിത്ത് പാകാം. 60 സെന്റിമീറ്റർ വലുപ്പവും 30 – 45 സെന്റിമീറ്റർ ആഴവുമുള്ള കുഴികൾ എടുത്ത് സെന്റിന് 100 കിലോ കാലിവളം / ജൈവവളം മേൽമണ്ണുമായി ചേർത്തു മുക്കാൽ ഭാഗം നിറച്ചു വിത്തു പാകാം. സെന്റിന് 1 – 2 കിലോഗ്രാം കുമ്മായം ചേർത്തു പരുവപ്പെടുത്തി, ഒരാഴ്ചയ്ക്കുശേഷം വിത്തു പാകാം. അടിവളത്തിനു പുറമേ, വള്ളി വീശമ്പോഴും പൂവിടുമ്പോഴും കായ് പിടിക്കുമ്പോഴും വളപ്രയോഗം നടത്തണം. ജൈവരീതിയിൽ കൃഷി ചെയ്യമ്പോൾ ചാണകസ്ലറി, വെർമികമ്പോസ്റ്റ്, ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളം, ഫിഷ് അമിനോ ആസിഡ്, ജീവാമൃതം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്.ഇടപ്പണികളും നനയും
വിത്തിട്ട് ആദ്യ ഘട്ടങ്ങളിൽ രണ്ടു ദിവസത്തിലൊരിക്കൽ നനയ്ക്കണം. പൂവിടമ്പോഴും കായ്പിടിത്തം തുടങ്ങുമ്പോഴും മണ്ണിലെ ഈർപ്പത്തിനനുസരിച്ച് നന ക്രമീകരിക്കാം. തടത്തിൽ പുതയിടുന്നതും ഈർപ്പം നിലനിർത്താൻ സഹായിക്കും. കായ്കൾ മൂപ്പെത്തിക്കഴിഞ്ഞാൽ ജലസേചനം കുറയ്ക്കാം. വിളവെടുപ്പിന് 15 ദിവസം മുമ്പ് ജലസേചനം നിർത്തണം. തണ്ണിമത്തന്റെ വള്ളി പടർത്തുന്നതിന് ഉണങ്ങിയ കമ്പുകൾ, ഓല, വൈക്കോൽ എന്നിവ നിരത്തിക്കൊടുക്കാം.
ഉഗ്രനൊരു ദാഹശമനി
ചേരുവകൾ
തണ്ണിമത്തൻ – കുരു കളഞ്ഞ് കഷണങ്ങളാക്കിയത് 6 കപ്പ്
വെള്ളം – 4 കപ്പ്
നാരങ്ങാനീര് – 56 നാരങ്ങയുടെ നീര് (ആവശ്യാനുസരണം കൂടുകയോ കുറയുകയോ ചെയ്യാം)
പഞ്ചസാര – ആവശ്യത്തിന്
പുതിനയില – ഒരു പിടി
തണ്ണിമത്തൻ ജ്യൂസാക്കി അരിച്ചു വയ്ക്കുക. നാരങ്ങ നീരും പഞ്ചസാരയും ചേർത്ത് ഇളക്കുക. പഞ്ചസാര അലിഞ്ഞു വരമ്പോൾ അതിലേക്ക് തണ്ണിമത്തൻ ജ്യൂസ് ചേർക്കുക. ഇതിലേക്ക് പുതിനയില ഇട്ട് ഇളക്കുക. തണുത്ത ജ്യൂസ് ആണ് രുചികരം. അതിനാൽ തണുത്തവെള്ളമോ ഐസോ ഉപയോഗിക്കാം. തണ്ണിമത്തനൊപ്പം നാരങ്ങയും പുതിനയും ചേരുമ്പോൾ രുചിക്കൊപ്പം പോഷകമൂല്യവും കൂടുന്നു.