
കസ്റ്റമർ ഈസ് ദി കിംഗ് അഥവാ ഉപഭോക്താവാണ് രാജാവ് എന്ന ചൊല്ല് കാലങ്ങളായി നാം കേൾക്കുന്നതാണ്. എല്ലാ ബിസിനസിന്റെയും നിലനില്പ് ഉപഭോക്താക്കളെ ആശ്രയിച്ചാണിരിക്കുന്നത്. സേവനമായാലും വസ്തുക്കൾ ആയാലും അതിന്റെ ഉപഭോക്താവിന്റെ സംതൃപ്തിയാണ് മികവിന്റെ ഗോൾഡ് സ്റ്റാൻഡാർഡ് എന്ന് പറയാം. മാനേജ്മെന്റ് സങ്കേതങ്ങളുടെ അടിസ്ഥാന ആശയമായ ഇത് പ്രാവർത്തികമാക്കുന്ന സ്ഥാപനങ്ങളും ഉത്പന്നങ്ങളുമാണ് മുന്നേറുക.എന്നാൽ സിദ്ധാന്തം ഇങ്ങനെയൊക്കെയാണെങ്കിലും മിക്ക സ്ഥാപനങ്ങളും അവരുടെ സേവനത്തിൽ ഈ ശുഷ്കാന്തി പുലർത്തി കാണുന്നില്ല. പെരുമാറ്റത്തിലെ സൗമ്യതയും പ്രസന്നതയും ഉത്പന്നങ്ങളുടെ ഗുണമേന്മയുമൊക്കെ സേവനമേഖല പുഷ്ടിപ്പെടുത്താൻ ആവശ്യമാണെന്നത് പലരും മറന്നുപോവുന്നു.
എന്നാൽ സേവനങ്ങൾക്ക് മനുഷ്യമുഖം നൽകുകയും ഉപഭോക്താക്കളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കുകയും ചെയ്യുന്ന അനേകം സ്ഥാപനങ്ങൾ ഉണ്ടെന്നകാര്യം മറന്നുകൂട. സമൂഹമാദ്ധ്യമങ്ങളിലൂടെ കുറേക്കാലമായി പ്രചരിക്കുന്ന കഥയിൽ ഈയൊരു സന്ദേശം വിനിമയം ചെയ്യപ്പെടുന്നുണ്ട്. കഥ ഏതാണ്ടിങ്ങനെയാണ്. ഒരാൾ അയാളുടെ കൗമാരക്കാരനായ മകനുമൊത്ത് ഒരു ഹോട്ടലിൽ മുറിയെടുത്തു. റൂം ബോയ് അവരെ രണ്ടുപേരെയും അവരുടെ മുറിയിലേക്ക് സ്നേഹാദരങ്ങളോടെ ആനയിച്ചു. എന്നാൽ റിസപ്ഷനിസ്റ്റ് ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. പുതിയ അതിഥികൾ രണ്ടുപേരും അതീവശാന്തരാണ്. തന്നെയുമല്ല ആ കൗമാരക്കാരന് നന്നേ വിളർച്ചയും ക്ഷീണവുമുണ്ട്. അവരുടെ പെരുമാറ്റത്തിൽ അന്തസും ആഭിജാത്യവും പ്രകടമായിരുന്നു.
രാത്രിയിൽ അവർ ഇരുവരും ഹോട്ടലിലെ റസ്റ്റോറന്റിൽ ഡിന്നർ കഴിക്കാനായി എത്തി. അപ്പോഴും ഹോട്ടലിലെ ജീവനക്കാർ അവരെ ശ്രദ്ധിച്ചു. സ്നേഹവും ശാന്തിയുമാണ് അവരുടെ പെരുമാറ്റത്തിൽ നിഴലിച്ചിരുന്നത്. പയ്യൻ കാര്യമായി ഭക്ഷണം ഒന്നും കഴിച്ചില്ല. അയാൾക്ക് ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിലും അപ്രിയമൊന്നും പ്രകടിപ്പിച്ചില്ല.
ഡിന്നറിനുശേഷം മകൻ അയാളുടെ മുറിയിലേക്ക് പോയി. അച്ഛൻ റിസപ്ഷനിസ്റ്റിന്റെ അടുത്ത് ചെന്ന് മാനേജരെ കാണണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും എന്തു പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാമെന്നും റിസപ്ഷനിസ്റ്റ് പറഞ്ഞു. അത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നുമില്ലെന്നും തനിക്ക് മാനേജരെ കാണണമെന്നും അദ്ദേഹം വീണ്ടും പറഞ്ഞു.
ഉടൻ തന്നെ മാനേജർ വന്നു. എനിക്കല്പം സ്വകാര്യമായി സംസാരിക്കാനുണ്ട്. മാനേജരോട് അദ്ദേഹം പറഞ്ഞു.
''തീർച്ചയായും സർ വരൂ. എന്റെ ഓഫീസിൽ ഇരുന്ന് സംസാരിക്കാം.""
അദ്ദേഹത്തെ മാനേജർ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഉടൻതന്നെ ആ മനുഷ്യൻ മാനേജരോട് തന്റെ കഥ പറഞ്ഞുതുടങ്ങി.
''തന്റെ 14 വയസുള്ള മകനുമായി ഈ ഹോട്ടലിലാണ് കഴിയുന്നതെന്നും മകന് മാരകമായ ഒരു കാൻസറിനുള്ള ചികിത്സയാണെന്നും അദ്ദേഹം മാനേജരോട് പറഞ്ഞു. ഉടൻ തന്നെ അവന് കീമോതെറാപ്പി തുടങ്ങും. അങ്ങനെ മുടിയെല്ലാം കൊഴിഞ്ഞുപോവുകയും ചെയ്യും. അതിനുമുമ്പ് ഒന്ന് റിലാക്സ് ചെയ്യാൻ വേണ്ടിയാണ് ഈ ഹോട്ടലിൽ താമസിക്കുന്നത്. ഇന്ന് രാത്രി അവൻ തന്റെ തലമുടി ഷേവ് ചെയ്തുകളയുമെന്നും അവനെ സപ്പോർട്ട് ചെയ്യാനായി താനും മുടി ഷേവ് ചെയ്യുമെന്നും ആ അച്ഛൻ വേദനയോടെ പറഞ്ഞു. രോഗം മൂലമല്ല മുടികൊഴിഞ്ഞു പോയത് എന്ന് അവന് വെറുതെ ആശ്വസിക്കാൻ എങ്കിലും അതുപയോഗപ്പെടും. അവന്റെ ഒരാഗ്രഹമാണത്.""
'' നാളെ രാവിലെ ഞങ്ങൾ ഇരുവരും മൊട്ടത്തലയന്മാരായിട്ടായിരിക്കും പ്രാതലിനായി റസ്റ്ററന്റിൽ വരിക. നിങ്ങളുടെ ജീവനക്കാർ ഞങ്ങളുടെ മൊട്ടത്തല കണ്ട് പരിഹസിക്കാനോ, അമിതശ്രദ്ധ കൊടുക്കാനോ പാടില്ല എന്ന് അഭ്യർത്ഥിക്കാനാണ് ഞാൻ താങ്കളെ കാണണമെന്ന് പറഞ്ഞത്.""
അദ്ദേഹം മാനേജരോട് പറഞ്ഞു.
''ഒരിക്കലുമില്ല സാർ. ഞങ്ങൾ അങ്ങയുടെ താത്പര്യത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ഒരു സ്റ്റാഫും കളിയാക്കുകയോ അമിതമായി ശ്രദ്ധിച്ച് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യില്ലെന്ന് ഞാൻ ഉറപ്പുതരുന്നു.""
മാനേജർ പറഞ്ഞു.
പിറ്റേദിവസം രാവിലെ മുണ്ഡനം ചെയ്ത ശിരസുമായി ആ അച്ഛനും മകനും റസ്റ്റോറിന്റിലേക്ക് ചെന്നു. അവർ അത്ഭുതപ്പെട്ടുപോയി. ആ റസ്റ്റോറന്റിലെ പുരുഷജീവനക്കാരെല്ലാം തല മൊട്ടയടിച്ചിരിക്കുന്നു.
യാതൊരു ഭാവഭേദവുമില്ലാതെ അവർ തങ്ങളുടെ അതിഥികൾക്ക് സ്നേഹസ്പർശമുള്ള പ്രാതൽ വിളമ്പി. ആ അച്ഛനും മകനും മനസ് നിറഞ്ഞു. സന്തോഷം കൊണ്ട് ആ പ്രാതൽ അവർ ഏറെ രുചിയോടെ ആസ്വദിച്ചു.
സേവനം എന്നത് ഉപഭോക്താവിന്റെ താത്പര്യങ്ങൾക്ക് അനുസരിച്ചായിരിക്കണം എന്ന് പറയാൻ വേണ്ടി കസ്റ്റമർ സർവീസ് മാനേജ്മെന്റ് ക്ലാസുകളിലൊക്കെ പറയുന്ന ഒരു കഥയാണിത്. ഉപഭോക്താവുമായി തന്മയീഭാവം ഉണ്ടാകുമ്പോഴാണ് സംതൃപ്തമായ സേവനം സംഭവിക്കുന്നത്. അത് തന്നെയാണ് എംപതി!