cpm

കോഴിക്കോട്: കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ കെ പി കുഞ്ഞമ്മദ് കുട്ടി സി പി എം സ്ഥാനാർത്ഥിയാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗം കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയായി കെ പി കുഞ്ഞമ്മദ് കുട്ടിയുടെ പേര് സംസ്ഥാന സെക്രട്ടറിയേറ്റിന് നൽകി. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം അടക്കം നാലുപേരുടെ പേരുകളാണ് കുറ്റ്യാടിയിൽ പരി​ഗണിച്ചിരുന്നത്.

പ്രാദേശിക പ്രവർത്തകരുടെ വികാരം കൂടി കണക്കിലെടുത്താണ് കുഞ്ഞഹമ്മദ് കുട്ടിയെ മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗം സംസ്ഥാന നേതൃത്വത്തിന് ശുപാർശ നൽകിയത്. ഇന്ന് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് ജില്ലാ നേതാക്കൾ സൂചിപ്പിച്ചു. കുറ്റ്യാടിയിൽ സി പി എം മത്സരിക്കുന്നതിൽ മണ്ഡലം ആഹ്ലാദത്തിലാണെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.

സീറ്റ് ഘടകകക്ഷിയായ ജോസ് കെ മാണിക്ക് വിട്ടുകൊടുത്തതിനെതിരെ വൻ പ്രതിഷേധമാണ് കുറ്റ്യാടിയിൽ ഉയർന്നത്. സി പി എമ്മിനെ വെല്ലുവിളിച്ചുകൊണ്ട് നൂറു കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു. പാർട്ടിയുടെ സംസ്ഥാന നേതാക്കൾ വരെ അനുനയത്തിന് ശ്രമിച്ചെങ്കിലും പ്രവർത്തകർ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായില്ല.

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ജോസ് കെ മാണി കുറ്റ്യാടി സീറ്റ് സി പി എമ്മിന് വിട്ടുനൽകുകയായിരുന്നു. കുറ്റ്യാടി സീറ്റിൽ കേരള കോൺ​ഗ്രസ് മത്സരിച്ചാൽ വിമത സ്ഥാനാർത്ഥിയെ നിർത്തുന്നത് അടക്കം സി പി എം പ്രവർത്തകർ ആലോചിച്ചിരുന്നു. മുഹമ്മദ് ഇഖ്ബാലിനെയാണ് കേരള കോൺ​ഗ്രസ് കുറ്റ്യാടിയിൽ ഇടതുസ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്നത്.