
ന്യൂഡൽഹി: രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് തന്നെയെന്ന് സുപ്രീംകോടതിയും. ചിഹ്നം അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ പി.ജെ. ജോസഫ് വിഭാഗം നൽകിയ ഹർജി തളളിക്കൊണ്ടാണ് സുപ്രീംകോടതി ചിഹ്നം ജോസിനനുവദിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകിയെങ്കിലും പി.ജെ.ജോസഫിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തുടർന്നാണ് ജോസഫ് വിഭാഗം സുപ്രീംകോടതിയിൽ പോയത്. ജോസഫിന്റെ ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജോസഫ് വിഭാഗം നേതാവായ പി.സി കുര്യാക്കോസാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ഹൈക്കോടതി വിധി ഉടൻ സ്‌റ്റേ ചെയ്യണമെന്നായിരുന്നു പി.ജെ ജോസഫ് വിഭാഗത്തിന്റെ ആവശ്യം. എന്നാൽ കോടതി ഈ ആവശ്യം തളളിയതോടെ ഇനി ചെണ്ട ചിഹ്‌നത്തിലാകും ഇവർ മത്സരിക്കുക എന്ന് ഉറപ്പായി.
കേരളകോൺഗ്രസ് എമ്മിലെ പിളർപ്പിനെ തുടർന്ന് ചിഹ്നം എൽഡിഎഫിലേക്ക് പോയ ജോസ് വിഭാഗത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് യുഡിഎഫിൽ തുടരുന്ന ജോസഫ് വിഭാഗം കോടതിയെ സമീപിച്ചത്. നിലവിൽ പതിമൂന്ന് സീറ്റുകളാണ് ജോസ് വിഭാഗത്തിന് എൽഡിഎഫിനുളളത്. ജോസഫ് വിഭാഗത്തിന് യുഡിഎഫിൽ പത്ത് സീറ്റും.