mount-roraima

മനുഷ്യന് എത്തിപ്പെടാനാകാത്ത സ്ഥലങ്ങൾ ഇന്നും ഭൂമിയിലുണ്ടെന്ന് പറഞ്ഞാൽ എത്രപേർക്കത് വിശ്വസിക്കാൻ കഴിയും. വെനിസ്വേലയിലെ റൊറെയ്‌മ മഴക്കാടുകൾ അത്തരത്തിലൊരിടമാണ്. ദൈവങ്ങളുടെ വീട് എന്നാണ് ഈ വനത്തിലെ പർവതങ്ങളെ ഗോത്രവിഭാഗക്കാർ വിശേഷിപ്പിക്കുന്നത്. പർവതം എന്നർത്ഥമുള്ള ‘ടെപ്യുയ്’ എന്ന പേരിലും ഈ പ്രദേശം അറിയപ്പെടുന്നു. വനാന്തരങ്ങളിൽ പലയിടത്തും കുത്തനെ ഉയർന്നു നിൽക്കുന്ന പ്രദേശങ്ങളാണിവ. മുകളിലേക്ക് എങ്ങനെ കയറുമെന്നു പോലും ഇന്നും ആർക്കും അറിയില്ല. കയറിയാൽ തിരിച്ചിറങ്ങാൻ കഴിയാത്ത രാവണൻകോട്ടകളാണ് ഇവിടത്തെ ഉൾക്കാടുകൾ.

സർ ആർതർ കോനൻ ഡോയലിന്റെ സാഹസിക നോവലാണ് ‘ദ ലോസ്റ്റ് വേൾഡ്’. ഇതേ കഥ പിന്നീട് സിനിമയുമായി. റൊറെയ്‌മ വനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അദ്ദേഹം തന്റെ നോവലെഴുതിയത്. ദിനോസറുകളും ജുറാസിക് കാലത്തെ മറ്റു ജീവികളും ഇന്നും ജീവിക്കുന്ന ഇടം എന്നാണ് കോനൻ ഡോയൽ തന്റെ നോവലിൽ റൊറെയ്‌മ വനത്തെ വിശേഷിപ്പിച്ചത്. ഈ നോവൽ സത്യമാണെന്ന് വിശ്വസിക്കുന്ന പലരും ഇന്നുമുണ്ട്.

നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റി ഉൾപ്പെടെയുള്ളവർ റൊറെയ്‌മ വനത്തിൽ ദിനോസറുകളെ തേടി ഇവിടെയെത്തിയിരുന്നു. എന്നാൽ, ദുർഘടമായ വനാന്തരങ്ങളിലെ ചിലയിടങ്ങളിൽ കടന്നു ചെല്ലാനുള്ള വഴി പോലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നിട്ടും അവർ ലോകത്തെവിടെയും കാണാത്ത ആയിരക്കണക്കിനു ജീവികളെയും സസ്യങ്ങളെയും ഇവിടെ നിന്ന് കണ്ടെത്തി. റൊറെയ്‌മയിൽ മാത്രം കാണപ്പെടുന്ന ചുരുങ്ങിയത് 5000 സസ്യ–ജന്തുജാലങ്ങളുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇവയിൽ ആകെ തിരിച്ചറിഞ്ഞത് പതിനായിരത്തോളം സസ്യങ്ങളെയും ജന്തുജാലങ്ങളെയും മാത്രമാണ്. മരങ്ങളാൽ സമൃദ്ധമാണ് റൊറെയ്‌മ വനം. അതിനകത്തു പലയിടത്തും ഉയർന്നു നിൽക്കുന്ന പർവതങ്ങൾക്ക് 9000 അടിയിലേറെയുണ്ട് ഉയരമുണ്ട്. എന്നാൽ, ഇവയെ പർവതമായി കണക്കാക്കാൻ പറ്റില്ല. ഭൂമിശാസ്ത്രപരമായ ചില സവിശേഷതകളാൽ ഉയർന്നു നിൽക്കുന്ന പ്രദേശങ്ങളാണിവിടം. ‘ടേബിൾ ടോപ്’ ഭൂപ്രദേശങ്ങളെന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.

40 കോടി മുതൽ 25 കോടി വർഷം വരെ മുൻപാണ് ഈ പർവതം രൂപപ്പെട്ടതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രണ്ടു കോടി വർഷം മുൻപ് ഈ പ്രദേശം എങ്ങനെയായിരുന്നോ അതുപോലെത്തന്നെയാണ് റൊറെയ്മയിലെ പല സ്ഥലങ്ങളും ഇപ്പോഴും. അതിനാൽ പരിണാമം സംബന്ധിച്ച നിരവധി തെളിവുകളും ഇവിടെ അവശേഷിക്കുന്നു എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഈ അടുത്ത കാലത്തും ഇവിടെ നിന്ന് പുതിയ സസ്യങ്ങളെയും ജന്തുക്കളെയും കണ്ടെത്തിയിരുന്നു. റൊറെയ്മയിലെ എല്ലാ ഉയർന്ന പ്രദേശങ്ങളിലും മനുഷ്യർക്കെത്താൻ സാധിച്ചിട്ടുണ്ടെങ്കിലും അവയുടെ ആഴങ്ങളിലേക്കിറങ്ങാൻ ഇതു വരെ കഴിഞ്ഞിട്ടില്ല.

യഥാർത്ഥത്തിൽ ഇവിടെ ജുറാസിക് കാലത്തെ ജീവികളുണ്ടോയെന്നറിയാൻ 1989ൽ നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയുടെ നേതൃത്വത്തിലും പര്യവേക്ഷണം നടന്നു. എന്നാൽ, യാതൊരു തെളിവും കണ്ടെത്താനായില്ല. എന്നാൽ,വ ലോകത്ത് ഇന്നേവരെ കാണാത്ത വിഷച്ചിലന്തികളെയും കറുത്ത തവളകളെയും കണ്ട് അവർ അമ്പരന്നു.

റൊറെയ്മയിലെ 44 മൈൽ വരുന്ന പ്രദേശത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ഗവേഷകർക്കും പരിശോധിക്കാൻ കഴിഞ്ഞുള്ളു. ലോകത്തിലെ എല്ലാ പഴങ്ങളും പച്ചക്കറികളുമുള്ള ഒരു വനഭാഗം ഇവിടെയുണ്ടായിരുന്നെന്നാണ് പെമോൺ ഗോത്രവിഭാഗക്കാരുടെ വിശ്വാസം. ഒരിക്കൽ ഗോത്രവർഗക്കാരിൽ ഒരാൾ അവിടത്തെ മരങ്ങളിലൊന്നു മുറിച്ചതായും അതോടെ അവിടെ വൻ പ്രളയമുണ്ടായെന്നും കഥകളുണ്ട്. ടെപ്യുയിയുടെ മുകളിലേക്ക് കയറിപ്പോകുന്നവർ തിരികെ വരില്ലെന്നും അവിടുത്തുകാർ വിശ്വസിക്കുന്നു. അതിനാൽത്തന്നെ യൂറോപ്യൻ അധിനിവേശം വരെ റൊറെയ്മയിൽ കാര്യമായ മനുഷ്യ സ്പർശം ഏറ്റിരുന്നില്ല.

തുടർച്ചയായ മഴയാണ് ഈ പ്രദേശത്തിന്റെ മറ്റൊരു സവിശേഷത. പർവതത്തിലേക്കുള്ള വഴിയാകെ ചെളിയും ചതുപ്പുകളുമാണ്. ഒപ്പം ഏതു നിമിഷവും വഴുതി ആഴങ്ങളിലേക്കു മറയാവുന്ന വിധം പാറക്കെട്ടുകളും. 1595ൽ ഇവിടേക്കെത്തിയ സർ വാൾട്ടർ റെലി റൊറെയ്മയെപ്പറ്റി പറഞ്ഞത് വെള്ളച്ചാട്ടങ്ങളും രത്നങ്ങളും നിറഞ്ഞ പർവതമെന്നാണ്. പ്രദേശത്തെ ഏഞ്ചൽ വെള്ളച്ചാട്ടം കണ്ടായിരിക്കാം വാൾട്ടർ അങ്ങനെ പറഞ്ഞതെന്നാണു കരുതപ്പെടുന്നത്. രത്നങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇന്നും ദുരൂഹം. കൊച്ചുകൂട്ടുകാരുടെ പ്രിയപ്പെട്ട ‘അപ്’ എന്ന സിനിമയിലും അനിമേഷനിലൂടെ ഏഞ്ചൽ വെള്ളച്ചാട്ടത്തെ പുനഃസൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിൽ പാരഡൈസ് വെള്ളച്ചാട്ടമെന്നായിരുന്നു പേരെന്നു മാത്രം.