
മ്യൂണിച്ച്: വായുവിലൂടെ കൊവിഡ് അതിവേഗം പടരാൻ പൂമ്പൊടിയും കാരണമാകുന്നതായി പഠനവിവരം. അണുബാധ നിരക്കിൽ കാര്യമായ വർദ്ധനയുണ്ടാക്കാൻ പൂമ്പൊടി സാന്നിദ്ധ്യം വഴിവയ്‌ക്കുന്നതായാണ് കണ്ടെത്തൽ. ജർമ്മനിയിലെ മ്യൂണിച്ച് സാങ്കേതിക സർവകലാശാലയും ഹെൽമോട്‌സ് സെൻട്രം മൻചൻ സർവകലാശാലയും സംയുക്തമായി നടത്തിയ പഠനറിപ്പോർട്ടിലാണ് ഈ വിവരമുളളത്.
അഞ്ചോളം ഭൂഖണ്ഡങ്ങളിൽ 31 രാജ്യങ്ങളിലാണ് ഇതിനെ കുറിച്ച് ഡാറ്റാ പഠനം നടത്തിയത്. വായുവിലൂടെയുളള അണുബാധ ശരാശരി 44 ശതമാനം വർദ്ധിക്കാൻ പൂമ്പൊടി കാരണമാകും. നൂറ് പൂമ്പൊടികൾ ഒരു ചതുരശ്രയടിയിൽ വർദ്ധിച്ചാൽ കൊവിഡ് രോഗനിരക്ക് നാല് ശതമാനം കൂടുന്നതായി കണ്ടെത്തിയെന്ന് പ്രൊസീഡിംഗ്‌സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് പ്രസിദ്ധീകരണത്തിലെ റിപ്പോർട്ടിൽ പറയുന്നു. ഈർപ്പവും താപനിലയും രോഗവർദ്ധനയെ കൂടുതലാകാൻ ഇടയാക്കും.
വായുവിലടങ്ങിയ പൂമ്പൊടി ശ്വസിക്കുമ്പോൾ അതിലൂടെ ശ്വാസകോശത്തിൽ എത്തുന്ന വൈറസ് നമ്മിൽ ജലദോഷവും ചുമയും ഉണ്ടാകാൻ കാരണമാകുന്ന വൈറസിനെ പ്രതിരോധിക്കുന്ന ഇമ്മ്യൂൺ റെസ്‌പോൺസ് ദുർബലമാക്കും. അതിലൂടെ കൊവിഡ് രോഗബാധ തീവ്രമാകും. വേഗം രോഗബാധയ്‌ക്ക് സാദ്ധ്യതയുളളവർ കൊവിഡ് പ്രതിരോധം സ്വീകരിക്കുന്നതിനൊപ്പം ചെറിയ പൂമ്പൊടിയിൽ നിന്നുപോലും സംരക്ഷണം നൽകുന്ന മികച്ച മാസ്‌കുകൾ ധരിക്കുന്നതാണ് രോഗബാധയേൽക്കാതിരിക്കാനുളള പ്രധാന ഉപായമെന്നും പഠനറിപ്പോർട്ടിലുണ്ട്.