
മീൻചാപ്പകളും ഓലപ്പുരകളും കെട്ടിമേയുന്ന പണിക്കാരനായിരുന്നു അച്ഛൻ. അച്ഛൻ മേഞ്ഞ പുരകളും ചാപ്പകളും ചോർച്ചയോ ഇളക്കമോ ഇല്ലാതെ വർഷം മുഴുവൻ കരുത്തോടെ നിൽക്കുമെന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അക്കാലത്ത് കടപ്പുറത്തെ വീടുകൾ ഭൂരിഭാഗവും ഓലപ്പുരകളായിരുന്നു. വർഷമെത്തും വരെ അച്ഛന് പണിയൊഴിഞ്ഞ നേരമേയില്ലായിരുന്നു. വൈകുന്നേരം സ്ക്കൂൾ വിട്ടു വരുമ്പോൾ മേലാസകലം കരിപുരണ്ട്, പുരപ്പുറത്തിരിക്കുന്ന അച്ഛനെ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. ഏകലവ്യനെ പോലിരിക്കും അച്ഛനപ്പോൾ. തീയിൽ വാട്ടിയ ഓലകൊടികൾ അഗ്രം കൂർപ്പിച്ച് അസ്ത്രം പോലെയാക്കി അതെല്ലാം ചേർത്തു കെട്ടി ആവനാഴിപോലെ തോളിൽ തൂക്കിയിട്ടുള്ള നിൽപ്പ് കാണുമ്പോൾ ഏകലവ്യനല്ലാതെ മറ്റൊരു വില്ലാളിയും എന്റെ ഉള്ളിൽ തെളിയാറില്ലായിരുന്നു. ആ ഓലക്കൊടികൾ കൊണ്ടായിരുന്നു മെടഞ്ഞ ഓലകളെ വാരികളുമായിചേർത്തു കെട്ടിയിരുന്നത്. വർഷം വീണു തുടങ്ങിയാൽ ആവനാഴിയിലെ അമ്പുകളൊഴിഞ്ഞ്, പെരുവിരൽ നഷ്ടമായ ഏകലവ്യന്റെ ഖേദത്തോടെ അച്ഛൻ മാനത്തേക്ക് നോക്കിയിരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അന്നേരം അച്ഛൻ കെട്ടിമേഞ്ഞ പുരപ്പുറങ്ങളെ തുള വീഴ്ത്താൻ മഴ വിഫലമായി ശ്രമിക്കുകയാവും. അച്ഛൻ കെട്ടിയ പുരകളെ വിശ്വസിച്ചുറങ്ങുന്നവർക്ക് കാറ്റിനേയും മഴയേയും ഭയക്കേണ്ടതില്ല. ഏകലവ്യന്റെ ഓരോ അസ്ത്രത്തേയും അവരത്രമേൽ വിശ്വസിച്ചിരുന്നു.
താൻ കെട്ടിമേഞ്ഞ ഓലപ്പുരകളുടേയും മീൻചാപ്പകളുടേയും പേരിൽ ഭാവിയിൽ തന്നെയിവിടെ ആരും ഓർത്തിരിക്കാൻപോകുന്നില്ലെന്ന ബോദ്ധ്യം അച്ഛനുണ്ടായിരുന്നു. പുര പൊളിച്ച് പുതുക്കി കെട്ടിയാൽ ബാക്കിയാവുന്ന കരിയോലകൾ കൂട്ടിയിട്ട് കത്തിക്കാറാണ് പതിവ്. അതുപോലെ തന്നെയാണ് ഓരോ ശരീരവുമെന്ന് അച്ഛൻ പറയാറുണ്ടായിരുന്നു. തൂമ്പിൽ നിന്ന് കുരുത്തോലയായും പിന്നെ പച്ചോലയായും പഴുത്തോലയായും അതിനു ശേഷം മെടഞ്ഞ് ചീന്തോലയും കിടോലയുമൊക്കെയായി രൂപപരിണാമം സംഭവിച്ച് അവസാനം, കരിയോലയായി തീയിലെരിയുന്നു ഓരോ ഓലക്കൊടികളും. പെരുവഴിയിലെ കാച്ചെടി1യാകരുതെന്ന് അച്ഛൻ കൂടെ കൂടെ എന്നെ ഓർമ്മിപ്പിക്കും. അതെന്തിനാണെന്ന് അന്നൊന്നും എനിക്ക് മനസിലായിരുന്നില്ല. പെരുവഴിയിലെ കാച്ചെടികൾ ആരുടേതൊക്കെയാണെന്ന് ആർക്കും തിരിച്ചറിയാനാവില്ല. പുതിയ വഴികളിലൂടെ നടക്കുന്നവൻ വഴികാട്ടിയാണ്. മായാത്ത കാൽപ്പാടുകൾ പതിപ്പിച്ചവൻ. ഇതൊക്കെ പലപ്പോഴായി അച്ഛൻ പറഞ്ഞു തന്നിട്ടുള്ളതാണ്. എന്നിട്ടും അച്ഛനെന്തിന് പെരുവഴിയിൽ കൂടെ തന്നെ നടന്നു എന്നത് അന്നൊന്നും എനിക്ക് മനസിലായതേയില്ലായിരുന്നു.
അച്ഛൻ ദരിദ്രനായിരുന്നു. അതുകൊണ്ട് അച്ഛന് നാലാം ക്ലാസ് വരെയേ പഠിക്കാൻ കഴിഞ്ഞുള്ളൂ. അച്ഛന്റെ അച്ഛനും ദരിദ്രനായിട്ടായിരുന്നു ജനിച്ചത്. അച്ഛച്ഛന് തീരെയും പഠിക്കാൻ കഴിഞ്ഞില്ലായിരുന്നു. അച്ഛന്റച്ഛന്റച്ഛനും പഠിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. പഠിക്കാൻ കഴിയാത്തതു കൊണ്ട് തന്നെ അവർക്കാർക്കും സ്വന്തംപേരെഴുതി വയ്ക്കാൻ കഴിഞ്ഞില്ല. മൂന്ന് തലമുറയ്ക്കപ്പുറമുള്ള എന്റെ പൂർവ്വികനാരെന്ന് എനിക്കറിയാതെപോയതും അതുകൊണ്ടാണ്. അവരെല്ലാം ഒരേ വഴിയിലൂടെ നടന്നു. അതെല്ലാം പെരുവഴികളായിരുന്നു. ഒന്നിനു മീതെ ഒന്നൊന്നായ് കാച്ചെടികളമരുന്ന ജീവിതപ്പെരുവഴികൾ.
അച്ഛൻ എഴുതുന്നത് കണ്ടാൽ അതൊരു നാലാംക്ലാസുകാരന്റെ കൈയ്യക്ഷരമാണെന്ന് പറയുകയേയില്ല. നീട്ടിയും കുറുക്കിയും ഉയർന്നും താണുമൊക്കെ തിരമാലകളായിരുന്നു അച്ഛന്റെ എഴുത്ത്. ചിലയിടത്ത് അത് എവറസ്റ്റ് പർവ്വതംപോലെ ഉയരും. ചിലയിടത്ത് അത് മരിയാന ട്രഞ്ച് പോലെ അഗാധമാകും. മറ്റു ചിലയിടത്ത് ജലോപരിതലത്തിൽ ചിതറിക്കിടക്കുന്ന ദ്വീപുകളാകും. ആ കലിഗ്രാഫിയിൽ നിന്ന് ആനകളെയും മീനുകളേയും കണ്ടുപിടിക്കുന്നത് എനിക്കേറെ ഇഷ്ടമായിരുന്നു.
അച്ഛന് കുറച്ച് പുസ്തകങ്ങൾ സ്വന്തമായുണ്ടായിരുന്നു. പണി നിലച്ച വർഷക്കാലത്താണ് ആ പുസ്തകങ്ങളുണരുക. അച്ഛനാ പുസ്തകങ്ങൾ എത്രയോ വട്ടം വായിച്ചിട്ടുണ്ടാവണം. വീണ്ടും വീണ്ടും വായിക്കാൻ മാത്രം അതിലെന്താണിത്ര ഉള്ളതെന്ന് ഞാനന്നൊക്കെ ആലോചിച്ചിരുന്നു. അച്ഛന്റെ മേശവലിപ്പിലാണ് ആ പുസ്തകങ്ങൾ സൂക്ഷിച്ചിരുന്നത്. ആ മേശവലിപ്പിൽ പുസ്തകങ്ങൾ കൂടാതെ ഒരു തകരപ്പെട്ടിയുമുണ്ടായിരുന്നു. അച്ഛന്റെ ഷേവിംഗ് സെറ്റ്, മുഖത്തു പതപ്പിക്കാനുള്ള മണമുള്ളസോപ്പ്, നരച്ചരോമങ്ങൾപോലെയുള്ള ഒരു ബ്രഷ്, ഒരു ചെറിയ കണ്ണാടി എന്നിവയായിരുന്നു തകരപ്പെട്ടിയിലെ വസ്തുക്കൾ. പുസ്തകങ്ങളും തകരപ്പെട്ടിയും മാത്രമായിരുന്നു അച്ഛന്റെ ഏകസമ്പാദ്യം. അച്ഛന്റെ മരണശേഷം ആ തകരപ്പെട്ടി കപ്പലണ്ടി വിൽക്കാൻവേണ്ടി ഞാനെടുത്തു. അതിലെ വസ്തുക്കൾ, ആ തകരപ്പെട്ടി തന്നെയും സൂക്ഷിച്ചു വെക്കാൻ കഴിയാത്തതിൽ എനിക്ക് വല്ലാത്തഖേദമുണ്ട്. എത്ര തന്നെ ആലോചിച്ചിട്ടും മനസിൽ തെളിയാതെ മറഞ്ഞുപോയ എന്തൊക്കെയോ മനോഹര ചിത്രങ്ങളുണ്ടായിരുന്നു ആ തകരപ്പെട്ടിയുടെ പുറത്ത്. ആകെ ഓർമ്മയുള്ളത് അതിന്റെ അത്ര തീക്ഷ്ണമല്ലാത്ത ചുവപ്പ് നിറം മാത്രമാണ്. ഒരിക്കൽ ഒരോണത്തിന് ആ തകരപ്പെട്ടി നിറയെ കപ്പലണ്ടിയുമായി ഞാൻ കച്ചവടത്തിനിറങ്ങി. കൈനീട്ടം കിട്ടിയ കാശു കൊണ്ട് 
യത്തിലുള്ള കുട്ടികളൊക്കെ കപ്പലണ്ടി വാങ്ങാനെന്റെ ചുറ്റും കൂടി. ഓണനാളിലും കപ്പലണ്ടി വിൽക്കാനിറങ്ങിയെ എന്നെ കണ്ട് ആ കുട്ടികളുടെ അമ്മമാർക്ക് വലിയ സങ്കടമായി. അവരെന്നെ വിഷമത്തോടെ നോക്കാനും അച്ഛനില്ലാത്ത കുട്ടിയുടെ ദയനീയത പരസ്പരം പങ്കുവയ്ക്കാനും തുടങ്ങി. എനിക്ക് ശ്വാസം മുട്ടി തുടങ്ങി. അക്കൂട്ടത്തിലൊരമ്മ കപ്പലണ്ടി വാങ്ങാതെ ഒരു പത്തു രൂപാനോട്ട് എന്റെ കൈയ്യിൽ ബലമായി പിടിപ്പിച്ചു. ഞാനെത്ര വേണ്ടെന്ന് പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. തിരിച്ച് വരുമ്പോൾ ആ പത്തുരൂപാനോട്ട് പത്തുലക്ഷം രൂപയെന്നപോലെ എന്റെ മനസിനേയും കൈപ്പത്തിയേയും പൊള്ളിച്ചു. ഞാനത് വാങ്ങിയത് അച്ഛനൊരിക്കലും ഇഷ്ടപ്പെടില്ലായിരുന്നു. ദാനം കിട്ടിയ കാശുമായി അച്ഛനില്ലാത്ത വീട്ടിലേക്ക്കേറിച്ചെല്ലാൻ എന്റെ മനസനുവദിച്ചില്ല. മറ്റൊരു വഴിയുമില്ലാത്തതു കൊണ്ട് ഞാനാ നോട്ട് കിളികളുപേക്ഷിച്ച ഒരു കൂട്ടിൽ നിക്ഷേപിച്ചു. സൂചിമുഖിയുടെ കൂടായിരുന്നു അത്. വഴിവക്കിലേക്ക് ചാഞ്ഞുകിടന്നിരുന്ന ഒരു കൊമ്പിലായിരുന്നു അത് തൂങ്ങിക്കിടന്നിരുന്നത്. ആ നോട്ടിനെ മഴയും വെയിലുമേൽക്കാതെ ആ കൂടെത്ര കാലം സംരക്ഷിച്ചിട്ടുണ്ടാകും എന്നറിയില്ല. പിന്നീട് ആ വഴി കടന്നുപോകുമ്പോഴൊന്നും ഞാനാ ഭാഗത്തേക്ക് നോക്കിയിരുന്നില്ല.
അച്ഛനുണ്ടായിരുന്ന കാലത്തും ആണ്ടറുതികൾ അത്ര നിറപ്പകിട്ടുള്ളതൊന്നുമായിരുന്നില്ല. ഓരോ ഓണവും വിഷുവും കടന്നു വരുമ്പോൾ ഞാൻ വെറുതേ ഓരോന്ന് പ്രതീക്ഷിക്കും. പടക്കം പൊട്ടിക്കണം. പൂക്കളമിടണം. പൂവ് തേടി പൂമ്പാറ്റയെപോലെ പറക്കണം. നെല്ലിപ്പൂവിറുക്കുമ്പോൾ കോടിയുടുക്കാനുള്ള ഭാഗ്യം കൊണ്ടുവരുന്ന വെളുത്ത നെല്ലിപ്പൂവ് എനിക്ക് തന്നെ കിട്ടണം എന്നൊക്കെ. നെല്ലിപ്പൂക്കളെല്ലാം നീല നിറത്തിലാണ്. അപൂർവമായി അവ വെളുത്ത നിറത്തിൽ വിരിയും. അത് കിട്ടുന്നവർ ഭാഗ്യവന്മാരാണ്. ഓണക്കോടി ഉറപ്പായും കിട്ടും.
ആണ്ടറുതികൾ അടുത്തെത്താറായ ഏതെങ്കിലുമൊരു രാത്രിയിൽ ചോറുണ്ണുമ്പോഴായിരിക്കും അച്ഛൻ പറയുക:
''ഉള്ളണത്തെ ചാത്തുമുത്തപ്പായി മരിച്ച്ട്ട് ഒര് കൊല്ലായ്ട്ട്ല്ല. ഇക്കൊല്ലത്തെ ഓണം....""
അത് പറയുമ്പോൾ അച്ഛൻ മുഖമുയർത്തുകയേയില്ല.
അങ്ങനെ ഏതെങ്കിലുമൊരു മുത്തപ്പായി ഉള്ളതായി ഞാൻ മുമ്പ് കേട്ടിട്ടേ ഉണ്ടാവില്ല. എങ്കിലും അക്കൊല്ലത്തെ ഓണം ഒട്ടും നിറപ്പകിട്ടില്ലാതെ കടന്നുപോകുന്നത് എനിക്ക് കണ്ടുനിൽക്കേണ്ടി വരും. ചുറ്റിനുമുള്ള വീടുകളിലെ ആർപ്പുവിളികളിലേക്കും പൂക്കളത്തിനു ചുറ്റുമുള്ള കൈകൊട്ടിപ്പാട്ടുകളിലേക്കും ഞാൻ നിരുന്മേഷവാനായിനോക്കി നിൽക്കും. അടുത്ത കൊല്ലം നമുക്കുഷാറാക്കാം എന്ന് പറഞ്ഞ് അച്ഛനെന്റെ നിരാശയെ തഴുകി മായ്ച്ച് കളയും.
അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണ് ചൊല്ല്. പക്ഷേ, ഞങ്ങളുടെ ആണ്ടറുതികളുടെ കാര്യത്തിൽ ഒരോണംപോയാൽ അടുത്ത വിഷുവും അതിന്റെ കൂടെയങ്ങ് കറുത്തിരുണ്ട്പോവും. ദുഃഖാചരണം ഒരാണ്ട് നീണ്ട് നിൽക്കുമല്ലോ. പടി കടന്നെത്താത്ത ഓണത്തിനും വിഷുവിനും പകരമായി ക്രിസ്മസിന് ഒരു നക്ഷത്രമെങ്കിലും ഉമ്മറത്ത് തൂക്കിയിടാൻ ഞാൻ കൊതിച്ചിട്ടുണ്ട്. സ്ക്കൂളിൽ പോകുന്ന വഴിക്ക് വീടുകൾക്കു മുന്നിൽ പല നിറത്തിൽ, ഉണ്ണിയേശുവിന്റെ പിറവിയറിച്ച നക്ഷത്രരൂപങ്ങൾ തൂങ്ങിക്കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. രാത്രിയാവുമ്പോൾ അത് പ്രകാശിക്കുമത്രേ. അതിന് കറന്റ് വേണം. മെഴുകുതിരിയാലും മതിയെന്ന് എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞിരുന്നു. ഞങ്ങളുടെ ഓലപ്പുരയിൽ മണ്ണെണ്ണ വിളക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉള്ളതിൽ നല്ലൊരു അലൂമിനിയം വിളക്കായിരുന്നു ഉമ്മറത്ത് കത്തിച്ചു വെച്ചിരുന്നത്. ബാക്കിയുള്ളതൊക്കെ കുപ്പികൾ കൊണ്ട് ഞങ്ങൾ തന്നെ ഉണ്ടാക്കിയതായിരുന്നു.
ആവനാഴിയിലെ അസ്ത്രമൊഴിഞ്ഞ ഏകലവ്യനോട് ഒരു നക്ഷത്രവും മെഴുകുതിരിയും വാങ്ങി തരണമെന്ന് പറയാനുള്ള ക്രൗര്യം എനിക്കൊരിക്കലുമില്ലായിരുന്നു. എന്റെ ക്രിസ്മസ് കൂട്ടുകാർ കടം തന്നിരുന്ന കഥാപുസ്തകങ്ങളിലെ വിസ്മയിപ്പിക്കുന്ന കഥകളിൽ മാത്രമായൊതുങ്ങി. റെയിൻഡിയറുകൾ വലിക്കുന്ന മഞ്ഞുവണ്ടിയിൽ ഉത്തരധ്രുവത്തിലേക്ക് പറക്കുന്ന സാന്റയുടെ കണ്ണിൽ ഒരിക്കലും ഞങ്ങളുടെ കെട്ടിമേയാത്ത ഓലപ്പുര പതിഞ്ഞില്ല. സാന്റയുടെ സമ്മാനപ്പൊതി ഞങ്ങളുടെ ഉമ്മറത്ത് പ്രത്യക്ഷപ്പെട്ടതുമില്ല.
എനിക്കാദ്യമായി ഒരു സമ്മാനം തന്നത് കടലായിരുന്നു. പാതി കത്തിയ ഒരു മെഴുകുതിരിയായിരുന്നു ആ സമ്മാനം. എനിക്കുറപ്പിച്ച് പറയാൻ പറ്റും കഥാപുസ്തകങ്ങളിലല്ലാതെ അതിനു മുൻപൊരിക്കലും ഞാനൊരു മെഴുകുതിരി നേരിൽ കണ്ടിട്ടില്ലെന്ന്. കുറേനാൾ ഉപ്പുവെള്ളത്തിൽ കിടന്ന അത് ഏറെ ശ്രമപ്പെട്ടാണ് ഞാൻ കത്തിച്ചത്. തിരിയിൽ തീ പടർന്ന ഉടൻ തന്നെ അത് കണ്ണീരൊലിപ്പിക്കാൻ തുടങ്ങി. കുറച്ചുനേരം കത്തിയപ്പോഴേക്കും കണ്ണീർത്തുള്ളികളെല്ലാം താഴേക്ക് ഒലിച്ചിറങ്ങി പേരാലിന്റെ വേടുകൾപോലെ തൂങ്ങി നിന്നു. മെഴുകുതിരി പാതി മുറിച്ച ആൽമരം പോലെയായി. അതുടനെ എരിഞ്ഞില്ലാതാകുമല്ലോ എന്ന ചിന്തയിൽ ഞാനത് ഊതി കെടുത്തി. അച്ഛന്റെ തകരപ്പെട്ടിയിൽ അത് കുറേക്കാലം കിടന്നിരുന്നു.
അച്ഛൻ പറയുന്നപോലെ പിറ്റേത്തെ കൊല്ലം ഓണമോ വിഷുവോ ആഘോഷിക്കാൻ ഞങ്ങൾക്ക് കഴിയാറില്ല. അക്കൊല്ലം ഏതെങ്കിലുമൊരു അമ്മായി ആയിരിക്കും മരണപ്പെടുക. അല്ലെങ്കിൽ വകയിലൊരു വല്ല്യമ്മ. അങ്ങനെ ഓർമ്മയിലെ കുറേ ആണ്ടറുതികൾ ദുഃഖാചരണത്തിൽ നിറംകെട്ടുപോയി. എന്തുകൊണ്ടാണ് ആണ്ടറുതികൾ ആഘോഷിക്കാനാവാതെ, കൃത്യമായ് ഓരോ വർഷവും ഞാനറിയാത്ത ബന്ധുക്കൾ മരിച്ചുപോവുന്നതെന്ന് ഞാനാലോചിച്ചിരുന്നു. 'മരണം ആരെയാണ് എപ്പോഴാണ് കൊണ്ടുപോവുക എന്നറിയില്ലല്ലോ" എന്ന് അച്ഛനെന്റെ മുഖത്തുനോക്കാതെ മറുപടി പറയും.
ചിലപ്പോൾ ആണ്ടറുതികൾ അടുത്ത് വരുമ്പോൾ അച്ഛൻ ധൃതി പിടിച്ച് എന്തൊക്കെയോ കടലാസിൽ കുത്തി കുറിക്കുന്നത് കാണാം. കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും ഗണിച്ചും അതങ്ങനെ കുറേ നാൾ നീണ്ടു നിൽക്കും. പേന കടിച്ച് പിടിച്ച് കുറേനേരം ആലോചിച്ചിരിക്കുന്നതും കാണാം. അന്നേരം അച്ഛൻ വല്ല കഥയോ കവിതയോ എഴുതുകയാണെന്ന്തോന്നും. എല്ലാ വെട്ടിത്തിരുത്തലുകളും കഴിഞ്ഞാൽ ഒരു പ്രവചകനെപോലെ അച്ഛൻ പറയും: ''ഇക്കൊല്ലം ഞമ്മക്ക് ഓണം ഉഷാറാക്കണം.""
എന്തൊരത്ഭുതം! അക്കൊല്ലം ഞങ്ങളുടെ ബന്ധുക്കളിൽ ആരും മരിക്കില്ല. വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന അത്ഭുതമായിരുന്നു അത്. അച്ഛനത് എല്ലാ കൊല്ലവും പറഞ്ഞൂടേ? അച്ഛനങ്ങനെ പറയാത്തത് ഭൂലോകത്തിന്റെ സന്തുലിതാവസ്ഥ തെറ്റാതിരിക്കാനണത്രേ. ആരും മരിക്കാതെ, തൊണ്ണൂറ് വയസുള്ള അപ്പൂപ്പന്മാരെല്ലാം കുഞ്ഞായിട്ടിരുന്നാലുള്ള അവസ്ഥ എന്തായിരിക്കും? ലോകം മുഴുവൻ ഞങ്ങളുടെ വീട്പോലെ പട്ടിണി പരിവട്ടത്തിലമർന്നുപോകുന്നത് എന്തു കഷ്ടമാണ്.
ആരും മരിക്കാത്ത ആണ്ടറുതികളിൽ അച്ഛനും വരും പൂവിറുക്കാനും പൂക്കളമിടാനുമൊക്കെ. പൂക്കൾ തേടി ഞാനും അച്ഛനും പൂമ്പാറ്റകളാകും. പൂക്കളത്തിൽ അച്ഛൻ വരയ്ക്കുന്ന ചിത്രങ്ങൾ സാധാരണയായി പൂക്കളങ്ങളിൽ കാണാറുള്ള ജ്യാമിതീയ രൂപത്തിലുള്ള പൂക്കളൊന്നുമായിരുന്നില്ല. വലയും മീനുംതോണികളുമൊക്കെയായി പലപ്പോഴും കടലായിരുന്നു ഞങ്ങളുടെ മുറ്റത്തെ പൂക്കളം. ഒരിക്കൽ നെല്ലിപ്പൂക്കൾ കൊണ്ട് അച്ഛൻ ഒരാളെ വരച്ചു. അച്ഛൻ വായിച്ചിരുന്ന ഒരു പുസ്തകത്തിന്റെ പുറംചട്ടയിലുള്ള ആളായിരുന്നു അത്. കട്ടിക്കണ്ണടയ്ക്കുള്ളിലൂടെ ആ മനുഷ്യൻ അന്നത്തെപോലെ ഇപ്പോഴും എന്നെ തന്നെനോക്കി നിൽക്കുകയാണ്.
വിഷു ആണെങ്കിൽ വൈകുന്നേരം പച്ചക്കറിയുടേയും പലചരക്കിന്റേയും കൂടെ എനിക്കായ് ഒരു കൊച്ചു പൊതിയും ഉണ്ടാകും. ഒരു ചെറിയ പെട്ടി മത്താപ്പൂ, പൂത്തിരി, പാമ്പുഗുളിക പിന്നെ കുറച്ച് ഓലപ്പടക്കവും കോമ്പലപ്പടക്കവും. പടക്ക കടയിലെ ഏറ്റവും ചെറിയ പൊതികളായിരുന്നു അവയെങ്കിലും അതെന്റെ ഏറ്റവും വലിയ സന്തോഷങ്ങളായിരുന്നു. ഒരിക്കലും എരിഞ്ഞു തീരരുതേ എന്ന പ്രാർത്ഥനയോടെ ഓരോ പൂത്തിരിയും മത്താപ്പും ഞാൻ ദീർഘമായ ഇടവേളകളിട്ട് കത്തിക്കും. അതെല്ലാം കത്തി തീർന്നാൽ ഞാനും അച്ഛനും ഒരുമിച്ച് ഓലപ്പടക്കത്തിന് തീ കൊളുത്തും. പുലർച്ചെ കത്തിക്കാൻ കുറച്ച് പടക്കങ്ങൾ ബാക്കി വെച്ച് ഞാൻ ഉറങ്ങാൻ കിടക്കും. കാലിയായ പൂത്തിരിപ്പെട്ടികളിൽ വീണ്ടും പൂത്തിരികൾ വന്ന് നിറയുന്നത് കൂടെ കൂടെ സ്വപ്നം കാണും. പുലർച്ചെ അച്ഛനെന്നെ വിളിച്ചുണർത്തും. ബാക്കി ഓലപ്പടക്കങ്ങൾ പൊട്ടിച്ച് ഞങ്ങൾ വിഷുദിനത്തെ വിളിച്ചുണർത്തും. ഉച്ചക്ക് ഒരേപോലുള്ള ഷർട്ടിട്ട് ഞാനും അച്ഛനും ഒരുമിച്ചിരുന്ന് ഊണ് കഴിക്കും. ഊണിനുശേഷമാണ് കോമ്പലപ്പടക്കം പൊട്ടിക്കുക. അതും പൊട്ടി തീരുന്നതോടെ ഞങ്ങളുടെ വിഷു ആഘോഷത്തിന് പരിസമാപ്തിയാവും. അപ്പോൾ പുഴയ്ക്കക്കരെ നിന്ന് വലിയ ശബ്ദത്തിൽ അമിട്ടുകൾ പൊട്ടുന്നത് കേൾക്കാം.
അക്കരെയുള്ള ഏതോ വലിയ മാഷിന്റെ വീട്ടിൽ നിന്നാണവ പൊട്ടുന്നത്. രാത്രിയേറെ കഴിയും ആ ശബ്ദങ്ങൾ നിലയ്ക്കാൻ. കണ്ണിലുറക്കം വന്ന് വീഴും വരെ ആ ശബ്ദങ്ങൾകേട്ട് ഞാൻ അക്കരേക്ക് നോക്കി തന്നെയിരിക്കും. അച്ഛനൊരു മാഷായിരുന്നെങ്കിലെന്ന് ഞാനന്ന് ഒരുപാടാഗ്രഹിച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറത്ത് നിന്ന്നോക്കുമ്പോൾ അച്ഛനെനിക്ക് ആരായിരുന്നെന്നും എന്തായിരുന്നെന്നും തിരിച്ചറിയാൻ കഴിയുന്നുണ്ട്. അച്ഛൻ എനിക്ക് നോസ്ട്രാഡാമസ് ആയിരുന്നു. വാക്കുകൾ തെറ്റാത്ത പ്രവചകൻ.
ഇന്നാളൊരു ദിവസം അച്ഛന്റെ പുസ്തകങ്ങൾക്കിടയിൽ നിന്നും മടക്കി വെച്ച ഒരു കുറിപ്പ് എനിക്കു കിട്ടി. അച്ഛന്റെ മുഖം ഏകദേശം മറന്നപോലെയായിട്ടും ആ കൈപ്പട മനസിൽ നിന്ന് പോയിട്ടില്ലായിരുന്നു.വേലി വരെയെത്തി, അവിചാരിതമായി വഴിമാറിപ്പോയ ഏതോ ഒരു ആണ്ടറുതിക്ക് വേണ്ടി കുത്തിക്കുറിച്ചുവച്ചതായിരിക്കണമത്. അരിയുടേയും പഞ്ചസാരയുടേയുമൊക്കെ അന്നത്തെ വില എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ആ കലിഗ്രാഫിയിലെ ആനകൾക്കും മീനുകൾക്കും മുന്നിൽ ഞാൻ പണ്ടത്തെ കുട്ടിയായി.
അതിന്റെ പിന്നിൽ ഇങ്ങനെ എഴുതിയിരുന്നു:
''എന്റെ ഗതികേടുകൊണ്ട് ഇല്ലാത്ത കുറേ മരണങ്ങളുടെപേരിൽ നിന്റെ ഒരുപാട് ആണ്ടറുതികൾ ഞാനെടുത്തിട്ടുണ്ട്. അങ്ങനെ ഞാനെടുക്കുന്ന നിന്റെ അവസാനത്തെ ആണ്ടറുതി എന്റെ മരണത്തിനപ്പുറം നീളരുതെന്ന് എനിക്കാഗ്രഹമുണ്ട്.""
നോസ്ട്രഡാമസിന്റെ നിഗൂഢവചനംപോലെയാണ് ഞാനത് വായിച്ചത്. അതു വായിക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് ആ കൈപ്പടപോലെ തന്നെ മലയോളം ഉയരുകയും അഗാധതയിലേക്ക് താഴുകയും ചെയ്തു. ഞാനതെന്നെങ്കിലും കാണുമെന്ന് കരുതിയാണോ അച്ഛനത് എഴുതിയതെന്നറിയില്ല. ഞാനത് കാണാനൊത്തിരി വൈകിപ്പോയി. അതു വായിച്ചതിന്ശേഷം, മുറ്റെത്തെത്താതെ കടന്നുപോയ ആണ്ടറുതികൾ ആയിരം നിറങ്ങളിൽ എന്റെ ചുറ്റും വന്ന് നിറയുന്നത് കണ്ണു നിറഞ്ഞിട്ടും ഞാൻ വ്യക്തമായി തന്നെ കണ്ടു.