
തിരുവനന്തപുരം: എല്ലാവരും ചങ്കിടിച്ചു നിന്നിടത്ത് ചങ്കുറപ്പോടെ ഇറങ്ങുകയാണ് കെ.മുരളീധരൻ. ദിവസങ്ങളായി കേട്ടിരുന്ന അനിശ്ചിതത്വത്തിനാണ് ഇന്നലെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക വന്നതോടെ വിരാമമായത്. യു.ഡി.എഫിന് മൊത്തത്തിൽ ഊർജ്ജം പകരുന്നതാണ് നേമം മണ്ഡലത്തിൽ കെ.മുരളീധരന്റെ സ്ഥാനാർത്ഥിത്വം.
2011ൽ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ മുരളീധരനെ സ്ഥാനാർത്ഥിയാക്കുമ്പോൾ, ജയിക്കാമന്ന പ്രതീക്ഷ വേണ്ടെന്ന് കോൺഗ്രസിന്റെ അകത്തളങ്ങളിൽപ്പോലും അടക്കംപറച്ചിലുണ്ടായി. പക്ഷെ 16,167 വോട്ട് ഭൂരിപക്ഷത്തിൽ വട്ടിയൂർക്കാവിൽ നിന്ന് മുരളീധരൻ നിയമസഭയിലേക്ക് ജയിച്ചുകയറി. 2016 ലും വട്ടിയൂർക്കാവ് മണ്ഡലം യു.ഡി.എഫ് നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു.
ബി.ജെ.പിയുടെ സാത്വിക മുഖമായ കുമ്മനം രാജശേഖരൻ മത്സരിക്കാനിറങ്ങുന്നതായിരുന്നു പ്രധാന വെല്ലുവിളി. ടി.എൻ.സീമയെ ഇടതു മുന്നണി രംഗത്തിറക്കിയതോടെ ശക്തമായ ത്രികോണ മത്സരമാണ് അന്ന് വട്ടിയൂർക്കാവിൽ അരങ്ങേറിയത്. 7,622 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഒരിക്കൽക്കൂടി കെ. മുരളീധരൻ വിജയശ്രീലാളിതനായി നെഞ്ചുവിരിച്ചു നിന്നപ്പോൾ പാർട്ടിയിലെ പ്രമാണിമാരും ഞെട്ടി.
ഇത്തവണയും കുമ്മനത്തെയോ, സുരേഷ് ഗോപിയേയോ ഇറക്കി നേമത്ത് മത്സരം കടുപ്പിക്കാൻ തുടക്കത്തിൽത്തന്നെ ബി.ജെ.പി പദ്ധതിയിട്ടു. വി.ശിവൻകുട്ടിയെ സ്ഥാനാർത്ഥിയാക്കി ഇടതുപക്ഷവും കളം കൊഴുപ്പിച്ചു. ഈ ഘട്ടത്തിലാണ് കോൺഗ്രസിനു വേണ്ടി ആ വെല്ലുവിളി ആര് ഏറ്റെടുക്കുമെന്ന ചോദ്യമുയർന്നത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല , ശശിതരൂർ തുടങ്ങിയ പേരുകൾ മാദ്ധ്യമങ്ങളിലും പാർട്ടി വൃത്തങ്ങളിലും സജീവമായി. ഓരോരോ കാരണം പറഞ്ഞ് എല്ലാവരും ഒഴിവായപ്പോഴാണ് ആത്മവിശ്വാസത്തോടെ മുരളീധരൻ സമ്മതം മൂളിയത്.
രാഷ്ട്രീയപ്പോരാട്ടത്തിന്റെ ബാലപാഠങ്ങൾ ലീഡറുടെ മകനായ മുരളീധരന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല, ചാണക്യതന്ത്രങ്ങൾ പൈതൃകസ്വത്ത്. രണ്ടു തവണ വട്ടിയൂർക്കാവിൽ ജയിച്ചുവന്നപ്പോൾ ഒരു ജനപ്രതിനിധി എങ്ങനെയാവണമെന്ന് അദ്ദേഹം ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. കോൺഗ്രസിന്റെ ഏറ്റവും വലിയ 'ക്രൗഡ്പുള്ളർ' എന്ന പ്രതിച്ഛായയാണ് നേമത്തെ വെല്ലുവിളി മുരളിയെ ഏല്പിക്കാൻ പാർട്ടി നേതൃത്വത്തെയും പ്രേരിപ്പിച്ചത്.