
ന്യൂയോർക്ക് : അമേരിക്കയിൽ മാസ്ക് ധരിക്കാൻ വിസമ്മതിച്ച വയോധികയ്ക്കെതിരെ അതിക്രമം കാട്ടി പൊലീസ്. ടെക്സസിൽ ഒരു ബാങ്കിലെത്തിയ 65 കാരിയായ ടെറി റൈറ്റ് എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. മാസ്ക്ക് ധരിക്കാത്ത യുവതിയെ പൊലീസ് നിലത്ത് തള്ളിയിട്ട ശേഷം വിലങ്ങ് അണിയിക്കുകയായിരുന്നു.
പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയുള്ള ഉത്തരവ് ബുധനാഴ്ച അവസാനിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ അനുവാദം നൽകി. മാസ്ക് ധരിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി നേരിടേണ്ടി വരുമെന്ന് പൊലീസ് ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും മുന്നറിയിപ്പ് നൽകിയെങ്കിലും റൈറ്റ് ചെവിക്കൊണ്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. മാസ്ക് ധരിക്കാത്തതിന് അറസ്റ്റിലായതിൽ തനിക്ക് ഒരു വിഷമവുമില്ലെന്ന് ടെറി വ്യക്തമാക്കി.
കാമറ ദൃശ്യങ്ങളിൽ നിന്നും ബാങ്ക് ലോബിയിൽ നിൽക്കുന്ന റൈറ്റ് മാസ്ക് ധരിച്ചില്ലെന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടപടിയിൽ പരുക്കേറ്റ ടെറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അതിക്രമത്തെ ടെറി രൂക്ഷമായി വിമർശിച്ചു.