k-muraleedharan

തിരുവനന്തപുരം: നേമത്ത് കെ മുരളീധരൻ കൂടി കളത്തിലിറങ്ങിയതോടെ മത്സരം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. പൊളിറ്റിക്കൽ ത്രില്ലർ സിനിമയേയും വെല്ലുന്ന രാഷ്‌ട്രീയ ചൂടാണ് ഇപ്പോൾ മണ്ഡലമാകെ അലയടിക്കുന്നത്. അതേസമയം, നേമത്ത് ബി ജെ പിയും യു ഡി എഫും തമ്മിലാണ് മത്സരമെന്നാണ് ബി ജെ പി നേതാവ് എസ് സുരേഷ് പറയുന്നത്.

ത്രികോണ മത്സരമുണ്ടാവുമെന്ന് കരുതുന്നില്ല. നേമത്തെ സി പി എം വോട്ടുകൾ ഇത്തവണ യു ഡി എഫിന് പോകും. സി പി എം വോട്ട് മറിക്കുമെങ്കിലും തോൽപ്പിക്കാനാവില്ലെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് പ്രതികരിച്ചു. ത്രികോണമത്സരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇടതുപക്ഷം ചിത്രത്തിൽ നിന്ന് പോയി. കെ മുരളീധരൻ ശിവൻകുട്ടിയേക്കാൾ നല്ല സ്ഥാനാർത്ഥിയായതിനാൽ സി പി എം വോട്ടുകൾ കൂടി യു ഡി എഫിന് പോകുമെന്നും സുരേഷ് പറഞ്ഞു.

വട്ടിയൂർക്കാവിലെ ടി എൻ സീമയുടെ അവസ്ഥയിലാവും നേമത്ത് വി ശിവൻകുട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ടി എൻ സീമയെ കുരുതിക്കൊടുത്ത് കെ മുരളീധരനെ വട്ടിയൂർക്കാവിൽ ജയിപ്പിച്ച ധാരണയിൽ നിന്നാവാം ഇക്കുറി നേമത്ത് ശിവൻകുട്ടിയെ കുരുതിക്കൊടുത്ത് കെ മുരളീധരനെ ജയിപ്പിക്കാം എന്ന ധാരണ ഉണ്ടായതെന്നും എസ് സുരേഷ് പറഞ്ഞു.

കോർപ്പറേഷൻ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലെ ഒരു വാർഡിൽ പോലും കെ മുരളീധരന്റെ കോൺഗ്രസ് ജയിച്ചിട്ടില്ല. സി പി എമ്മിന്റെ പിന്തുണ ഉണ്ടെങ്കിൽ പോലും കോൺഗ്രസ് ബി ജെ പിയുടെ വലിയ ഭൂരിപക്ഷത്തെ മറികടക്കില്ലെന്നും വിജയം ബി ജെ പിക്ക് തന്നെയാവുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.