
ഭാഗ്പത് : കർഷകർക്ക് പിന്തുണയുമായി മേഘാലയ ഗവർണർ സത്യപാല്‍ മാലിക്. കർഷകരെ അപമാനിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും
അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങളെയും അദ്ദേഹം വിമർശിച്ചു.
വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തുന്നതിന് നിയമപരമായ ഉറപ്പ് നൽകിയിരുന്നെങ്കിൽ കർഷകർ അനുകൂല നിലപാട് സ്വീകരിക്കുമായിരുന്നു. കർഷക നേതാവ് രാകേഷ് ടികായത്തിനെ അറസ്റ്റിൽ നിന്ന് സംരക്ഷിച്ചത് താനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കർഷകരെ ബലപ്രയോഗത്തിലൂടെ നീക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കരുത്. അവരെ ഡൽഹിയിൽ നിന്ന് വെറും കയ്യോടെ പറഞ്ഞയക്കരുത്. കർഷകർക്ക് അനുകൂലമായ ഒരു നിയമം പോലും രാജ്യത്തില്ല. കർഷകരെയും സൈനികരെയും തൃപ്തിപ്പെടുത്താതെ രാജ്യത്തിന് മുന്നോട്ട് പോകാനാവില്ല. കർഷകർ ദരിദ്രരായിക്കൊണ്ടിരിക്കുമ്പോൾ സർക്കാർ ജീവനക്കാർക്ക് സ്ഥിരമായി ശമ്പളം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.