k-r-meera

തിരുവനന്തപുരം: സ്ത്രീകൾ സംഘടിത ശക്തിയായി അവകാശങ്ങൾ ചോദിച്ചു വാങ്ങുന്ന കാലം വിദൂരമല്ലെന്ന് എഴുത്തുകാരി കെ.ആ‌‌ർ. മീര. ഇത്തരമൊരു തോന്നലിന് കാരണം മുൻ മഹിളാ കോൺ​ഗ്രസ് അദ്ധ്യക്ഷ ലതിക സുഭാഷും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനുമാണ്. സ്ത്രീകള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി,​ സംഘടിത ശക്തിയായി തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി വിലപേശുന്ന കാലംവരെ മാത്രമെ ആണത്വത്തിന്റെ പേരിലുളള അധീശത്വം നിലനിൽക്കൂ എന്നും മീര ഫേസ്ബുക്കിൽ കുറിച്ചു.

ലതികയെ തനിക്ക് രണ്ടു പതിറ്റാണ്ടായി അറിയാം. പരിചയപ്പെടുമ്പോള്‍‍ അവർ പത്രപ്രവര്‍ത്തകയായിരുന്നു. പിന്നീടു സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വേണ്ടി ജോലി ഉപേക്ഷിച്ചു. ഒരിക്കല്‍ എല്‍.ഐ.സി. ഓഫീസില്‍ പോളിസി പുതുക്കാന്‍ ചെന്നപ്പോള്‍ ഏജന്‍സി തുക അടയ്ക്കാന്‍ ക്യൂ നില്‍ക്കുന്നതു കണ്ടു. രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടും, ഉപജീവനത്തിന് ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്യുകയായിരുന്ന ലതികയോടു ബഹുമാനം തോന്നി. പിന്നീടു ഞങ്ങള്‍ കണ്ടതൊക്കെ ഏതെങ്കിലും സമരപരിപാടികള്‍ക്കിടയിലാണ്. സമചിത്തതയും സൗഹാര്‍ദ്ദവും ആയിരുന്നു, ലതികയുടെ മുഖമുദ്രയെന്നും മീര അഭിപ്രായപ്പെട്ടു.

ആര്‍.എസ്.എസ്. പോലെ ഒരു ആണ്‍മേല്‍ക്കോയ്മാ പ്രസ്ഥാനം നിയന്ത്രിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ട്, മാസങ്ങളായി ശോഭാ സുരേന്ദ്രൻ തുടരുന്ന പ്രതിഷേധം അമ്പരപ്പിക്കുന്നതാണ്. ബി.ജെ.പിക്കു കേരളത്തില്‍ വേരോട്ടമുണ്ടാക്കിയതില്‍ ആ പാര്‍ട്ടിയിലെ ഏതു പുരുഷ നേതാവിനേക്കാൾ ശോഭക്ക് പങ്കുണ്ട്. രണ്ടു പതിറ്റാണ്ടായി രക്തം വെള്ളമാക്കി അവര്‍ കേരളത്തിലുടനീളം ഓടി നടന്നു പ്രസംഗിക്കുന്നു. ടി.വി. ചര്‍ച്ചകളില്‍ പാര്‍ട്ടിയെ ന്യായീകരിച്ചു തൊണ്ട പൊട്ടിക്കുന്നു. അവരുടെ ഊര്‍ജ്ജം അസൂയപ്പെടുത്തുന്നതാണ്. ഈ ഊര്‍ജ്ജമത്രയും പുരോഗമനാശയങ്ങള്‍ക്കു വേണ്ടിയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ടെന്നും മീര പറയുന്നു.

സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുത്ത ഒരു ദേശീയ പാര്‍ട്ടിയുടെ മഹിളാ സംഘടനയുടെ അദ്ധ്യക്ഷ, പാര്‍ട്ടി ആസ്ഥാനത്തു വച്ചു തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കുന്നതു കാണേണ്ടി വരുന്നത് സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മേനി പറയുന്ന നമ്മുടെയൊക്കെ ദുര്യോഗമാണ്. ഒറ്റയ്ക്കു യുദ്ധം ചെയ്യാന്‍ തീരുമാനിക്കുന്നതു തന്നെ ഒരു രാഷ്ട്രീയ വിജയമാണെന്നും ലതികയ്ക്കും ശോഭ സുരേന്ദ്രനും വിജയാശംസകള്‍ നേരുന്നതായും മീര ഫേസ്ബുക്കിൽ കുറിച്ചു.