lathika-subhash

കോട്ടയം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്നും തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്തിന് മുമ്പിൽ വച്ച് തല മുണ്ഡനം ചെയ്ത മുൻ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷിനെ സന്ദർശിച്ച് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ്ജ്. പൊതുപ്രവർത്തന രംഗത്തുള്ളവരെല്ലാം ഒരു അംഗീകാരം ആഗ്രഹിക്കുന്നവരാണെന്നും അതിൽ എന്താണ് തെറ്റെന്നും ലതികയെ ഒപ്പമിരുത്തികൊണ്ട് ശോഭനാ ജോർജ്ജ് ചോദിച്ചു. വിഷയത്തെക്കുറിച്ച് മാദ്ധ്യമപ്രവത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.

'ഓൺലൈനിൽ എഴുതിയെക്കുന്നത് കണ്ടു, എംഎൽഎ ആവാനാണോ നിങ്ങൾ പൊതുരംഗത്ത് നിൽക്കുന്നതെന്ന്. ഈ ചോദിക്കുന്നവനൊക്കെ എന്തവകാശം...എന്തവകാശം? അംഗീകാരം ആഗ്രഹിക്കാത്തത് ആരാ?നമ്മൾ ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്താൽ ഒന്നാം സ്ഥാനത്ത് എത്തണം എന്നാഗ്രഹിക്കുന്നതാണോ തെറ്റ്? എന്ന് പറയുന്നത് പോലെയല്ലേ? ഈ തലയുണ്ടല്ലോ... ഈ മൊട്ടത്തല...അതീ കേരള രാഷ്ട്രീയത്തിൽ എന്നുമൊരു നൊമ്പരമായിരിക്കും'- ശോഭനാ ജോർജ്ജ് പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ഈ സംഭവത്തെ കൂട്ടികുഴയ്ക്കുന്നില്ലെന്നും താൻ ഇടതുപക്ഷത്തായത് കൊണ്ട് പക്ഷം പിടിക്കുകയായാണെന്ന് പറയാനുള്ള അവസരം ഉണ്ടാക്കുന്നില്ലെന്നും അവർ പറഞ്ഞു. അതൊക്കെ ജനങ്ങൾ തീരുമാനിച്ചോട്ടെ. ലതികയുടെ ഈ അവസ്ഥയും മുഖവും കേരളത്തിൽ എല്ലാവർക്കും ഒരു മുന്നറിപ്പാകണം എന്നാണ് താൻ പറയുന്നത്. ഏത് രാഷ്ട്രീയമാണെങ്കിലും അത് തന്നെയാണ് തന്റെ അഭിപ്രായമെന്നും അവർ വ്യക്തമാക്കി. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച ലതികയെ അനുനയിപ്പിക്കാൻ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ശ്രമിച്ചെങ്കിലും അവർ വഴങ്ങിയിരുന്നല്ല.