bumrah-marriage

പനജി: ഇന്ത്യൻ ക്രിക്കറ്റർ ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും സ്‌പോർട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു. ഗോവയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.സമൂഹമാധ്യമങ്ങളിലൂടെ ബുംറ തന്നെയാണ് വിവാഹവാർത്ത പങ്കുവെച്ചത്. സഹതാരങ്ങളും ആരാധകരും ബുംറയ്ക്കും സഞ്ജനയ്ക്കും മംഗളാശംസകളുമായി രംഗത്തെത്തി.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്നും ബുംറയ്ക്ക് ബി.സി.സി.ഐ അവധി നൽകിയപ്പോഴേ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചിരുന്നു.

നിരവധി സ്‌പോർട്‌സ് ഷോകളിൽ അവതാരകയായി എത്തിയ താരമാണ് സഞ്ജന. ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ 'നൈറ്റ് ക്ലബ്ബ്' എന്ന പരിപാടി അവതരിപ്പിച്ചിരുന്നു. ടീം ഇന്ത്യയുടെ പ്രീ-മാച്ച്, പോസ്റ്റ്-മാച്ച് ഷോകളിലും അവതാരകയായി എത്തിയിട്ടുണ്ട്.

മോഡലായാണ് സഞ്ജന കരിയർ ആരംഭിച്ചത്. പിന്നീട് അവതാരകയുടെ റോളിലേക്ക് മാറുകയായിരുന്നു. സ്റ്റാർ സ്‌പോർട്‌സിൽ മാച്ച് പോയിന്റ്, ചീക്കി സിംഗിൾസ് എന്നീ ഷോകളും അവതരിപ്പിച്ചിട്ടുണ്ട്.

സ്റ്റാർ സ്‌പോർട്‌സിനായി തന്നെ പ്രീമിയർ ബാഡ്മിന്റൺ ലീഗ് , 'ദിൽ സേ ഇന്ത്യ' എന്നിവയിലും അവതാരകയായി എത്തി.

സഞ്ജന 2014-ൽ മിസ് ഇന്ത്യ കിരീടം ചൂടിയിരുന്നു. എം.ടിവിയുടെ സ്‌പ്ളിറ്റ്സ് വില്ലയുടെ ഏഴാം സീസണിലെ മത്സരാർഥിയായിരുന്നു . 2012-ൽ ഫെമിന സ്‌റ്റൈല്‍ ദിവ പട്ടവും നേടിയിരുന്നു.