
നയൻതാര നായികയാകുന്ന നിഴൽ എന്ന ചിത്രത്തിന്റെ സംവിധായകൻ അപ്പു എൻ. ഭട്ടതിരി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
''ഞാൻ സൗഹൃദത്തിൽ വിശ്വസിക്കുന്ന ഒരാളാണ്. നിഴൽ എന്ന സിനിമ സൗഹൃദത്തിൽ നിന്നുണ്ടായതാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഈ സിനിമയിൽ പ്രവർത്തിക്കുന്ന മിക്കവരും എന്റെ സുഹൃത്തുക്കളാണ്. തിരക്കഥാകൃത്ത് സഞ്ജീവേട്ടൻ എന്റെ കുടുംബ സുഹൃത്താണ്. തീവണ്ടിയുടെ സംവിധായകനായ ഫെല്ലിനി. ടി.പി സെക്കൻഡ് ഷോയിൽ അസോസിയേറ്റായിരുന്നു. ഞാനതിൽ അസിസ്റ്റന്റും. കാമറാമാൻ ദീപക്കുമായി പന്ത്രണ്ട് വർഷത്തിലേറെയായുള്ള സൗഹൃദമുണ്ട്. എഡിറ്റർ അരുൺ സ്കൂളിൽ എന്റെ സഹപാഠിയായിരുന്നു."" നയൻതാര നായികയാകുന്ന നിഴൽ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന അപ്പു എൻ. ഭട്ടതിരി പറയുന്നു.
നിഴലിലേക്ക് എത്തിപ്പെട്ടത്
എങ്ങനെയാണ്?
അപ്പു എൻ. ഭട്ടതിരി: സത്യം പറഞ്ഞാൽ ഇത്രയും പെട്ടെന്ന് എനിക്ക് ഇങ്ങനെയൊരു അവസരം വരുമെന്ന് പ്രതീക്ഷിച്ചതല്ല. എന്റെ വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുകയെന്നുള്ളത്.
കഴിഞ്ഞ എട്ട് വർഷത്തിൽ കൂടുതലായി ഞാനും ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സജീവേട്ടനുമായി പല കഥകൾ ആലോചിക്കുകയും തിരക്കഥയെഴുതുകയും പല താരങ്ങളെയും സമീപിക്കുകയും ചെയ്തു. എന്റെ സുഹൃത്തും തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധായകനുമായ ഫെല്ലിനി ടി.പി. വഴിയാണ് ചാക്കോച്ചന്റെ അടുത്തെത്തിയത്. ചാക്കോച്ചൻ തന്നെയാണ് നായികയായി നയൻതാരയുടെ പേര് നിർദ്ദേശിച്ചത്.
രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന ബഹുമതികളും നേടിയ എഡിറ്ററാണ് അപ്പു. സംവിധാനം ചെയ്യുന്ന ആദ്യ സിനിമ തന്നെ ത്രില്ലർ സ്വഭാവമുള്ളതായത്?
ഞാനും ഫെല്ലിനിയും തിരക്കഥാകൃത്ത് സജീവേട്ടനുമൊക്കെ ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന ആളുകളാണ്. നിഴലിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവരിലേറെയും അത്തരത്തിലുള്ളവരാണ്. അങ്ങനെയുള്ളവരുമായി വർക്ക്ചെയ്യണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചതും. അതുകൊണ്ട് തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന നിലവാരത്തിലുള്ള ഒരു ത്രില്ലറായിരിക്കും നിഴൽ എന്നാണ് പ്രതീക്ഷ. നിഴൽ ഒരു മിസ്റ്ററി ത്രില്ലറാണ്.
നിഴൽ നിർമ്മിക്കുന്നത് അഞ്ച് നിർമ്മാതാക്കൾ ചേർന്നാണല്ലോ?
ആന്റോ ജോസഫ് ഫിലിം കമ്പനി, മ ലാഞ്ച് ഫിലിം ഹൗസ്, ടെന്റ് പോൾ മൂവീസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, ബാദുഷ എൻ.എം, ഫെല്ലിനി ടി.പി, ജിനേഷ് ജോസ്, അഭിജിത്ത് എം. പിള്ള എന്നിവർ ചേർന്നാണ് നിർമ്മാണം.
സിനിമയിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
കുട്ടിക്കാലം തൊട്ടേ ഞാൻ കമ്പ്യൂട്ട റുമായി നല്ല സൗഹൃദത്തിലായിരുന്നു. അതുകൊണ്ടുതന്നെ കമ്പ്യൂട്ടർ സംബന്ധമായ ഏത് ജോലിയും മടുപ്പില്ലാതെ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ കഴിഞ്ഞിരുന്നു. എഡിറ്റിംഗും പഠിച്ച് വന്നപ്പോൾ വളരെ ഈസിയായി തോന്നി. സിനിമ പഠിക്കാനുള്ള ആഗ്രഹം കാരണം പ്ളസ് ടു കഴിഞ്ഞ് ഞാൻ ചെന്നൈയിലെ ഐ മാറ്റ് കാമ്പസിൽ ബി.എ വിഷ്വൽ എഫക്ട്സിന് ചേർന്ന് കോഴ്സ് പൂർത്തിയാക്കിയ ശേഷം ദുൽഖറിന്റെ സെക്കൻഡ് ഷോയിൽ അസിസ്റ്റന്റ് ഡയറക്ടറായി. സണ്ണി വയ്നിനെ നായകനാക്കി കാൻഡിൽ കാമറ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു. ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിനിടയിലാണ് ബേസിൽ ജോസഫിന്റെ ഒരു തുണ്ടുപടം എന്ന ഹ്രസ്വചിത്രം എഡിറ്റ് ചെയ്യുന്നത്. മുപ്പതോളം ഹ്രസ്വചിത്രങ്ങൾ സനൽകുമാർ ശശിധരന്റെ ഒരാൾപ്പൊക്കമാണ് എഡിറ്റിംഗ് നിർവഹിച്ച ആദ്യ സിനിമ. അതിന് ശേഷമായിരുന്നു കുഞ്ഞിരാമായണം.
കുടുംബത്തിന്റെപിന്തുണ?
എന്നെ പൂർണമായി മനസിലാക്കി പിന്തുണയ്ക്കുന്ന കുടുംബമാണ് എന്റെ ഭാഗ്യം. അച്ഛൻ നാരായണ ഭട്ടതിരി കാലിഗ്രാഫറും ഗ്രാഫിക് ഡിസൈനറുമാണ്. അച്ഛനാണ് നിഴലിന്റെ ടൈറ്റിൽ ചെയ്തത്. അമ്മ : മിനി. അനിയൻ : രാമു.