
കാഗ്ളിയറിക്കെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഹാട്രിക്ക്, യുവന്റസിന് 3-1ന് വിജയം
പെലെയുടെ ഔദ്യോഗിക ഗോളടി റെക്കാഡ് ക്രിസ്റ്റ്യാനോ മറികടന്നു
മിലാന്‍: കാഗ്ലിയറിക്കെതിരായ ഇറ്റാലിയൻ സെരി എ ഫുട്ബാൾ മത്സരത്തിൽ ഹാട്രിക്കുമായി തിളങ്ങിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിന് തകർപ്പന്‍ വിജയം സമ്മാനിച്ചതിനൊപ്പം കരിയർ ഗോളടിയിൽ സാക്ഷാൽ പെലെയുടെ ഔദ്യോഗിക റെക്കാഡ് മറികടക്കുകയും ചെയ്തു. ഒന്നിനെതിരേ ക്രിസ്റ്റ്യാനോ നേടിയ മൂന്നു ഗോളുകൾക്കാണ് യുവന്റസ് കാഗ്ലിയറിയെ കീഴടക്കിയത്.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ നിന്ന് പുറത്തായ ശേഷം നടന്ന യുവന്റസിന്റെ ആദ്യ മത്സരമായിരുന്നു ഇത്. 36 കാരനായ റൊണാൾഡോ കളിയുടെ പത്താം മിനിട്ടിൽ ആദ്യ ഗോൾ നേടി. 25-ാം മിനിട്ടിലും 31-ാം മിനിട്ടിലുമായിരുന്നു മറ്റ് ഗോളുകൾ.
ഇതുവരെ ക്രിസ്റ്റ്യാനോയുടെ കരിയറിലെ ഗോളുകളുടെ എണ്ണം 770 ആയി. ഇത്രയും കാലം ഏറ്റവുമധികം ഗോൾ നേടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കിയിരുന്ന പെലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 767 ഗോളുകളാണ് നേടിയിരിക്കുന്നത്. അതേസമയം താൻ ആയിരത്തിലധികം ഗോളുകൾ നേടിയിട്ടുണ്ടെന്ന് പെലെ പലതവണ അവകാശപ്പെട്ടിട്ടുണ്ട്. അതേസമയം റൊണാൾഡോയുടെ ഈ നേട്ടത്തെ അഭിനന്ദിച്ച് പെലെ രംഗത്തെത്തിയിട്ടുമുണ്ട്. റൊണാൾഡോയുടെ വളർച്ചയിൽ അതിയായി സന്തോഷിക്കുന്നുവെന്നാണ് പെലെ പറഞ്ഞത്.
സെരി എയിലെ ഈ സീസണിൽ യുവന്റസിനായി 23 ഗോളുകൾ റൊണാൾഡോ നേടിക്കഴിഞ്ഞു. ടോപ്‌സ്‌കോറർമാരുടെ പട്ടികയിൽ റൊണാൾഡോ തന്നെയാണ് മുന്നിൽ. 19 ഗോളുകളുമായി ഇന്റർ മിലാന്റെ റൊമേലു ലുക്കാക്കുവാണ് രണ്ടാമത്.
ഹാട്രിക് ഇങ്ങനെ
1-0
10-ാം മിനിട്ടിൽ ഒരു കോർണർ കിക്കിന് ഉയർന്നുചാടി തലവച്ചാണ് ക്രിസ്റ്റ്യാനോ ആദ്യഗോൾ നേടിയത്.
2-0
25-ാംമിനിട്ടിൽ പന്തുമായി മുന്നേറിയ തന്നെ കാഗ്ളയറി ഗോളി ബോക്സിനുള്ളിൽ തട്ടിവീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് രണ്ടാം ഗോളായത്.
3-0
32-ാം മിനിട്ടിൽ ചിയേസയിൽ നിന്ന് ലഭിച്ച പാസിൽ നിന്ന് ശക്തമായൊരു ബുള്ളറ്റ് ഷോട്ടിലൂടെയാണ് ഹാട്രിക് തികച്ചത്.