shobha-surendran

തൃശൂർ: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കഴക്കൂട്ടത്ത് മത്സരിക്കാൻ താൻ തയ്യാറെന്നറിയിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. വിശ്വാസികൾക്ക് എതിരായിട്ടുള്ള നേതൃത്വം കൊടുത്ത, വിശ്വാസികളെ വേദനിപ്പിച്ച ഒരു വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്നും ശോഭ കുറ്റപ്പെടുത്തി.

അത്തരത്തിലെ ഒരാൾ മത്സരിക്കുന്ന മണ്ഡലത്തിൽ മത്സരിക്കണമെന്നുള്ള ആവശ്യത്തെത്തുടർന്നു മാത്രമാണ് മത്സരിക്കുന്നില്ല എന്ന തന്റെ മുൻ നിലപാടിൽ നിന്നുള്ള മാറ്റം പാർട്ടി നേതൃത്വത്ത അറിയിച്ചിട്ടുള്ളതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

ശബരിമല പ്രശ്നം ഏറ്റവുമധികം ചർച്ചയാകുന്ന മണ്ഡലമാണ് കഴക്കൂട്ടമെന്നും ദേവസ്വം മന്ത്രിക്കെതിരെയുള്ള മത്സരം വിശ്വാസികൾക്ക് വേണ്ടിയാണെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കണമെന്ന് തന്നോട് ഒരുപാട് പേർ ആവശ്യപ്പെട്ടിരുന്നു എന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

താൻ മത്സരരംഗത്തുണ്ടാകും എന്ന കാര്യം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത് ടിവിയിലൂടെയാണ് അറിഞ്ഞതെന്നും തങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശോഭാ സുരേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുമെന്ന് ഇന്ന് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.