nirmala

ന്യൂഡൽഹി: പെട്രോളിയം ഉത്‌പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്താനുള്ള ശുപാർശകളൊന്നും സംസ്ഥാന ധനമന്ത്രിമാർ കൂടി അംഗങ്ങളായ ജി.എസ്.ടി കൗൺസിൽ ഇതുവരെ നൽകിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞു. ജി.എസ്.ടി കൗൺസിലിന്റെ ശുപാർശയില്ലാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രത്തിനെ നിയമം അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു.

2017 ജൂലായ് ഒന്നിനാണ് രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തിൽ വന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സുപ്രധാന വരുമാന മാർഗമായതിനാൽ പെട്രോളിയം ഉത്‌പന്നങ്ങളെ അന്ന് ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയില്ല. ഇപ്പോൾ ഇന്ധനവില റെക്കാഡ് ഉയരത്തിലെത്തിയ പശ്ചാത്തലത്തിൽ ജി.എസ്.ടി ബാധകമാക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ കേന്ദ്രം എക്‌സൈസ് നികുതിയും സംസ്ഥാനങ്ങൾ വാറ്റും പുറമേ സെസുമാണ് ഇന്ധനത്തിനുമേൽ ഈടാക്കുന്നത്. നികുതി കുറയാതിരിക്കുകയും അന്താരാഷ്‌ട്രവില കൂടുകയും ചെയ്‌തതോടെയാണ് രാജ്യത്ത് ഇന്ധനവില കുതിച്ചത്.

ക്രൂഡോയിൽ, പെട്രോൾ, ഡീസൽ, വിമാന ഇന്ധനം (എ.ടി.എഫ്), പ്രകൃതിവാതകം എന്നിവയ്ക്ക് ജി.എസ്.ടി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ജി.എസ്.ടി കൗൺസിലിന്റെ അടുത്തയോഗം ചർച്ച ചെയ്തേക്കും. പെട്രോളിന് 32.9 രൂപയും ഡീസലിന് 31.8 രൂപയുമാണ് കേന്ദ്ര എക്‌സൈസ് നികുതി.

ചർച്ചയ്ക്ക് തയ്യാർ

ഇന്ധനത്തെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനോട് കേന്ദ്രത്തിന് അനുകൂല നിലപാടാണുള്ളതെന്നും സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. അതേസമയം, പെട്രോളിനും ഡീസലിനും ജി.എസ്.ടി ഏർപ്പെടുത്താൻ അന്തിമതീരുമാനം എടുക്കേണ്ടത് ജി.എസ്.ടി കൗൺസിലാണ്.

₹2.37 ലക്ഷം കോടി

നടപ്പുവർഷത്തെ ആദ്യ ആറുമാസക്കാലത്ത് പെട്രോളിയം ഉത്‌പന്നങ്ങളിൽ നിന്ന് ലഭിച്ച നികുതിവരുമാനം 2.37 ലക്ഷം കോടി രൂപയാണ്. ഇതിൽ 1.53 ലക്ഷം കോടി രൂപ കേന്ദ്ര വിഹിതവും 84,057 കോടി രൂപ സംസ്ഥാനങ്ങളുടെ വിഹിതവുമാണ്. 2019-20ലെ പെട്രോളിയം നികുതി വരുമാനം 5.55 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുവർഷം ഈയിനത്തിൽ കേന്ദ്രസർക്കാർ ആകെ പ്രതീക്ഷിക്കുന്ന വരുമാനം 3.46 ലക്ഷം കോടി രൂപയാണ്.

₹93.05

കഴിഞ്ഞ രണ്ടാഴ്‌ചയിലേറെയായി പെട്രോൾ, ഡീസൽവില എണ്ണവിതരണ കമ്പനികൾ പരിഷ്‌കരിച്ചിട്ടില്ല. തിരുവനന്തപുരത്ത് പെട്രോൾ വില 93.05 രൂപ; ഡീസൽ വില 87.53 രൂപ.