
ലക്നൗ: ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെ ബി.ജെ.പി എം.പിയുടെ മരുമകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യു.പിയിലെ മോഹൻലാൽഗഞ്ച് എം.പി കൗശൽ കിഷോറിന്റെ മരുമകൾ അങ്കിതയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഞായറാഴ്ച കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച അങ്കിത ലക്നൗവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കൈയിൽ ബാൻഡേജുമായി ആശുപത്രി കിടക്കയിലിരിക്കുന്ന അങ്കിതയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
ആത്മഹത്യ ശ്രമത്തിന് മുമ്പ് അങ്കിത സമൂഹ മാദ്ധ്യമങ്ങളിൽ രണ്ട് വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഭർത്താവ് ആയുഷ്, ഭർതൃ പിതാവ് എം.പി കൗശൽ കിഷോർ, ഭർതൃമാതാവും എം.എൽ.എയുമായ ജയ് ദേവി, ഭർതൃ സഹോദരൻ എന്നിവർക്കാണ് തന്റെ മരണത്തിന്റെ ഉത്തരവാദിത്വമെന്നും ഒരു വീഡിയോയിൽ അങ്കിത പറയുന്നു. ലോക്സഭ മണ്ഡലത്തിൽനിന്നുള്ള എം.പിയാണ് കൗശൽ കിഷോർ. ആശുപത്രിയിൽ അങ്കിതയുടെ സുരക്ഷക്കായി വനിത പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷമായിരുന്നു അങ്കിതയുടെയും ആയുഷിന്റെയും പ്രണയവിവാഹം. എന്നാൽ, ആയുഷിന്റെ കുടുംബത്തിന് ഈ ബന്ധത്തിൽ താൽപര്യമുണ്ടായിരുന്നില്ല. തുടർന്ന് വാടക വീടെടുത്തായിരുന്നു ഇവർ താമസിച്ചിരുന്നത്.