bitcoin

 നിരോധിക്കണമെന്ന് വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടു

ന്യൂഡൽഹി: ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം രാജ്യത്ത് നിരോധിക്കണമെന്ന് റിസർവ് ബാങ്ക് വീണ്ടും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ബ്ളോക്ക്‌ചെയിൻ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കപ്പെടണമെങ്കിലും ഇതുപയോഗിച്ച് നിർമ്മിക്കുന്ന ക്രിപ്‌റ്റോകറൻസികളെ അംഗീകരിക്കാനാവില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

രാജ്യത്തിന്റെ കറൻസികൾക്ക് 'പരമാധികാര മൂല്യ"മുണ്ട്. ഈ മൂല്യം വ്യക്തിഗത കറൻസികൾക്ക് അനുവദിക്കാനാവില്ല. കമ്പ്യൂട്ടർ കോഡുകളാൽ നിർമ്മിതമായതിനാൽ സുരക്ഷാപ്രശ്‌നവുമുണ്ട്. ഇടപാടുകൾ അജ്ഞാതമായതിനാൽ പണംതിരിമറി, തീവ്രവാദ ഫണ്ടിംഗ് എന്നിവയ്ക്കും ഉപയോഗിച്ചേക്കാം. ക്രിപ്‌റ്റോകറൻസികളെ അംഗീകരിച്ചാൽ കള്ളപ്പണത്തിനെതിരായി മോദി സർക്കാർ ഇതുവരെ നടത്തിയ പ്രയത്നങ്ങൾ അപ്രസക്തമാകും. വിദേശത്തുനിന്ന് ക്രിപ്‌റ്റോകറൻസികളായി കള്ളപ്പണം ഒഴുകാനും സാദ്ധ്യതയുണ്ട്. ഇത്, സമ്പദ്‌വ്യവസ്ഥയ്ക്കാകെ ഭീഷണിയാകുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.

2018ൽ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും ക്രിപ്‌റ്റോകറൻസികൾ ഉപയോഗിക്കരുതെന്ന് കാട്ടി റിസർവ് ബാങ്ക് സർക്കുലർ അയച്ചിരുന്നു. സർക്കുലർ പിന്നീട് സുപ്രീംകോടതി റദ്ദാക്കി. സ്വന്തമായി ക്രിപ്‌റ്റോകറൻസി പുറത്തിറക്കാനുള്ള നീക്കം റിസർവ് ബാങ്ക് നടത്തുന്നുണ്ട്.

ബിറ്റ്‌കോയിൻ

ഒട്ടേറെ ക്രിപ്‌റ്റോകറൻസികളുണ്ടെങ്കിലും ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ളത് ബിറ്റ്‌കോയിനാണ്. കഴിഞ്ഞവാരം ബിറ്റ്‌കോയിൻ വില മുന്നേറിയത് 62,000 ഡോളറിലേക്കാണ് (44 ലക്ഷം രൂപ). ഏതാനും വർഷംമുമ്പ് വില ആയിരം ഡോളറോളമായിരുന്നു.