thrissure-poram

തൃശൂർ: പൂരപ്രേമികളുടെ ആശങ്കകൾക്ക് വിരാമമിട്ട് തൃശൂർ പൂരം പതിവുപോലെ നടത്തുാൻ സർക്കാർ അനുമതി നൽകി . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ആഘോഷങ്ങളും അതേപടി നടത്താനാണ് സർക്കാർ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് പൂരം നടത്തിപ്പിന് അനുമതി കിട്ടിയത്.

സാമ്പിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ എല്ലാം പതിവുപോലെ നടക്കും. ആനകളുടെ എണ്ണം കുറയ്ക്കില്ല. എല്ലാ ആചാരങ്ങളും അതേപടി നടക്കും. പൂരം എക്സിബിഷനും അനുമതിയുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ എട്ട് ഘടക ക്ഷേത്രങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരിക്കും പൂരം നടത്തുക. ആളുകളെ നിയന്ത്രിക്കും. മാസ്‌ക് ധരിക്കാതെ പൂരപറമ്പിൽ പ്രവേശിക്കാൻ കഴിയില്ല. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം.

പൂര വിളംബരം അറിയിച്ചുള്ള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതല്‍ പകല്‍പൂരം വരെയുളള എല്ലാ ചടങ്ങുകളും പതിവുപോലെ നടക്കും. വെടിക്കെട്ടിന്റെ പ്രൗഢിയും കുറയില്ല. പൂരം പതിവുപോലെ നടത്താൻ സർക്കാർ അനുവദിക്കണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തൃശൂർ പൂരം നടത്തിപ്പിലെ അനിശ്ചിതാവസ്ഥ നീക്കുമെന്ന് ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉറപ്പ് നൽകിയിരുന്നു. ഏപ്രിൽ 23 നാണ് തൃശൂർ പൂരം.