export

ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യാധിഷ്‌ഠിത കയറ്റുമതി തുടർച്ചയായ മൂന്നാംമാസവും ഉയർന്നെങ്കിലും വ്യാപാരക്കമ്മി വർദ്ധിക്കുന്നത് ആശങ്കയാകുന്നു. കഴിഞ്ഞമാസം കയറ്റുമതിവരുമാനം 0.67 ശതമാനം വളർച്ചയുമായി 2,793 കോടി ഡോളറിലെത്തി. ഇറക്കുമതിച്ചെലവ് 6.96 ശതമാനം വർദ്ധിച്ച് 4,054 കോടി ഡോളറായി. ഇതോടെ, ഇവതമ്മിലെ അന്തരമായ വ്യാപാരക്കമ്മി 1,016 കോടി രൂപയിൽ നിന്ന് 24 ശതമാനം ഉയർന്ന് 1,262 കോടി രൂപയിലെത്തിയതാണ് തിരിച്ചടിയായത്.

നടപ്പുവർഷം ഏപ്രിൽ-ഫെബ്രുവരിയിൽ കയറ്റുമതി വരുമാനം 25,618 കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലയളവിലെ 29,187 കോടി ഡോളറിനേക്കാൾ 12.23 ശതമാനം കുറവാണിത്. ഇക്കാലയളവിൽ ഇറക്കുമതിച്ചെലവ് 23.11 ശതമാനം കുറഞ്ഞ് 34,080 കോടി ഡോളറിലുമെത്തി. കഴിഞ്ഞമാസം ക്രൂഡോയിൽ ഇറക്കുമതി 16.63 ശതമാനം താഴ്‌ന്ന് 899 കോടി ഡോളറിലൊതുങ്ങി. ഏപ്രിൽ-ഫെബ്രുവരിയിൽ ക്രൂഡ് ഇറക്കുമതിച്ചെലവ് 7,208 കോടി ഡോളറാണ്; ഇടിവ് 40.18 ശതമാനം.

അതേസമയം, കഴിഞ്ഞമാസം സ്വർണം ഇറക്കുമതി 236 കോടി ഡോളറിൽ നിന്ന് 530 കോടി ഡോളറായി വർദ്ധിച്ചു. കൊവിഡ് കാലത്തെ റെക്കാഡ് ഉയരത്തിൽ നിന്ന് വില കുത്തനെ കുറഞ്ഞതും നികുതിയിളവുമാണ് സ്വർണം ഇറക്കുമതി വർദ്ധിക്കാൻ വഴിയൊരുക്കിയത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ കഴിഞ്ഞമാസം വളർച്ച നേടിയത് അരി (30.78 ശതമാനം), കാർപ്പറ്റ് (19.46 ശതമാനം), സുഗന്ധവ്യഞ്ജനങ്ങൾ (18.61 ശതമാനം), മരുന്നുകൾ (14.74 ശതമാനം), പുകയില (7.71 ശതമാനം), കെമിക്കൽ (1.2 ശതമാനം) എന്നിവയാണ്.

ഓയിൽ സീഡ്‌സ്, ലെതർ, പെട്രോളിയം ഉത്‌പന്നങ്ങൾ, കശുഅണ്ടി, ജെം ആൻഡ് ജുവലറി, റെഡിമെയ്ഡ് വസ്‌ത്രങ്ങൾ, തേയില, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ, കാപ്പി, സമുദ്രോത്പന്നങ്ങൾ എന്നിവ കയറ്റുമതിയിടിവ് രേഖപ്പെടുത്തി. മാർച്ചിൽ വ്യാപാരക്കമ്മി 1,500 കോടി ഡോളർ കടന്നേക്കുമെന്നാണ് വിലയിരുത്തലുകൾ.