
ന്യൂഡൽഹി: ഇന്ത്യയ്ക്ക് ക്രൂഡോയിൽ വിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയെ പിന്നിലാക്കി അമേരിക്ക കഴിഞ്ഞമാസം രണ്ടാംസ്ഥാനം നേടി. സൗദി അറേബ്യ നേതൃത്വം നൽകുന്ന ഒപെക് കൂട്ടായ്‌മയും റഷ്യ നയിക്കുന്ന ഒപെക് പ്ളസും ക്രൂഡോയിൽ ഉത്‌പാദനം വെച്ചിക്കുറച്ച്, വിലവർദ്ധിപ്പിച്ച സാഹചര്യത്തിൽ അമേരിക്കയിൽ നിന്നുള്ള വിലകുറഞ്ഞ ക്രൂഡോയിൽ ഇന്ത്യ വൻതോതിൽ കഴിഞ്ഞമാസം വാങ്ങിയിരുന്നു.
48 ശതമാനം വർദ്ധനയുമായി പ്രതിദിനം 5.45 ലക്ഷം ബാരൽ എണ്ണയാണ് കഴിഞ്ഞമാസം അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങിയത്. മൊത്തം എണ്ണ ഇറക്കുമതിയുടെ 14 ശതമാനമാണിത്. നാലാംസ്ഥാനത്തേക്കാണ് സൗദി അറേബ്യ കഴിഞ്ഞമാസം പിന്തള്ളപ്പെട്ടത്. 2006ന് ശേഷം ആദ്യമായാണ് സൗദി അറേബ്യ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിന്ന് പിന്തള്ളപ്പെടുന്നത്. 42 ശതമാനം ഇടിവോടെ പ്രതിദിനം 4.45 ലക്ഷം ബാരൽ എണ്ണയായിരുന്നു കഴിഞ്ഞമാസം സൗദിയിൽ നിന്നുള്ള ഇറക്കുമതി.
വാങ്ങലിൽ 23 ശതമാനം കുറവുണ്ടായെങ്കിലും ഇറാക്കാണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം എണ്ണ നൽകുന്ന രാജ്യം. പ്രതിദിനം 8.67 ലക്ഷം ബാരലാണ് കഴിഞ്ഞമാസത്തെ ഇറക്കുമതി; അഞ്ചുമാസത്തെ കുറഞ്ഞനിരക്കാണിത്. മൂന്നാമതായിരുന്ന യു.എ.ഇ ആറാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നൈജീരിയയ്ക്കാണ് മൂന്നാംസ്ഥാനം.