udf-video

ശബരിമല യുവതീപ്രവേശന വിവാദം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ, ശബരിമലയിലെ ആചാരലംഘനം ക്രിമിനൽ കുറ്റമാക്കി മാറ്റികൊണ്ട് നിയമനിർമാണം നടത്തുമെന്ന് അവകാശപ്പെട്ടുകൊണ്ട് കരട് നിയമവുമായി യുഡിഎഫ് രംഗത്തെത്തിയതോടെയാണ് വിഷയം വീണ്ടും ചർച്ചയായി മാറിയത്.

video1

ശബരിമല സംബന്ധിച്ച മുന്നണിയുടെ കരട് നിയമം വൻതോതിൽ വിമർശനം ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ശബരിമലയിൽ തങ്ങൾ നിയമനിർമാണം നടത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്നണി.

video2

ശബരിമല തീർത്ഥാടനത്തിനായി ഇരുമുടിക്കെട്ട് തയ്യാറാക്കുന്ന ഭക്തരുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് കാണുന്നത് ചുണ്ടുകളിൽ ലിപ്പ്സ്റ്റിക്ക് പുരട്ടി, ഹീലുള്ള ചെരുപ്പുകളിട്ട്, ചെവിയിൽ ഹെഡ്‌ഫോൺ വച്ചുകൊണ്ട് ട്രാവൽ ബാഗുമായി ശബരിമല കയറാനായി പോകുന്ന ആക്ടിവിസ്റ്റ് എന്ന് തോന്നിക്കുന്ന യുവതിയെയാണ്.

video3

യുവതി ഇടയ്ക്ക് തന്റെ മൊബൈൽ ഫോണിൽ സെൽഫി എടുക്കുകയും ചെയ്യുന്നുണ്ട്. ഇവർക്കൊപ്പം പൊലീസുകാരുടെ വേഷത്തിലുള്ള മോഡലുകളെയും കാണാം. ഭക്തരെ തടഞ്ഞ് യുവതിയോടൊപ്പം പോകുന്നു എന്നർത്ഥമാക്കുന്ന ഷോട്ടും വീഡിയോയിൽ കാണാം. ശേഷം കാണുന്നത്, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട മാദ്ധ്യമ വാർത്തകൾ കാണുന്ന കുടുംബസ്ഥകളായ സ്ത്രീകളെയാണ്.

video4

'വിശ്വാസ സംരക്ഷണത്തിന് നിയമനിർമാണം, UDFന്റെ വാക്ക്'-എന്ന വാചകത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. 'നാട് നന്നാകാൻ യുഡിഎഫ്'- എന്ന മുന്നണിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യവും ഇതോടൊപ്പം കാണാം. വീഡിയോ പുറത്തുവന്നതിന് ഇതിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. മതവികാരത്തെ ചൂഷണം ചെയ്തുകൊണ്ട് യുഡിഎഫ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാന് ശ്രമിക്കുന്നതെന്നാണ് പ്രധാന വിമർശനം.

video5