jyothi-vijayakumar

തിരുവനന്തപുരം: ലതികാ സുഭാഷിന്റെ പ്രതിഷേധത്തിന് പിന്നാലെ, ഇനി പ്രഖ്യാപിക്കാനുളള സീറ്റുകളിൽ ഒന്നിലെങ്കിലും വനിതയ്‌ക്ക് അവസരം നൽകണമെന്ന് ഹൈക്കമാൻഡ് നിർദേശം. ഇതോടെ വട്ടിയൂർകാവിൽ വനിതയ്ക്ക് അവസരം ലഭിച്ചേക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളുടെ പരിഭാഷയിലൂടെ ശ്രദ്ധേയായ ജ്യോതി വിജയകുമാറിനാണ് നറുക്ക് വീഴാൻ സാദ്ധ്യതയേറെ. വീണ എസ് നായരെയും ഇവിടെ ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നുവെങ്കിലും ജ്യോതിയെ തന്നെ കോൺഗ്രസ് കളത്തിലിറക്കുമെന്നാണ് വിവരം.

പട്ടികയ്‌ക്ക് ശേഷമുണ്ടായ പൊട്ടിത്തെറിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത അമർഷത്തിലാണ്. 55 ശതമാനം പുതുമുഖങ്ങളുമായി വന്ന പട്ടികയുടെ പ്രഖ്യാപനം പാർട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു എ ഐ സി സി കണക്കുകൂട്ടൽ. അതുകൊണ്ടാണ് എ ഐ സി സി പട്ടിക പുറത്തിറക്കുക എന്ന പതിവ് മാറ്റി മുല്ലപ്പളളി രാമചന്ദ്രന് പ്രഖ്യാപിക്കാനുളള അവസരം നൽകിയത്. ലതികാ സുഭാഷിന്റെയടക്കമുളള പ്രതിഷേധം പട്ടിക കൊണ്ട് നേടാമായിരുന്ന മുൻതൂക്കം ഇല്ലാതാക്കിയെന്നാണ് വിലയിരുത്തൽ. വനിതാ പ്രാതിനിധ്യം കുറഞ്ഞതിൽ സോണിയ ഗാന്ധിക്ക് കടുത്ത അമർഷമുണ്ട്. ജ്യോതിയെ രംഗത്തിറക്കി ഇത് തണുപ്പിക്കാമെന്നാണ് സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നത്.

ജ്യോതിയെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കിയാൽ പി സി വിഷ്‌ണുനാഥിന് കുണ്ടറ നൽകാനാണ് തീരുമാനം. അതേസമയം, വട്ടിയൂർക്കാവിലെ പ്രാദേശികമായ എതിർപ്പ് എങ്ങനെ മറികടക്കുമെന്ന ചോദ്യം കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ബാക്കിയുണ്ട്. അനിശ്ചിതത്വത്തിനൊടുവിൽ കഴക്കൂട്ടത്ത് മത്സരിക്കാനുളള ഒരുക്കം ശോഭാ സുരേന്ദ്രൻ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന ബി ജെ പി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭ കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് രംഗത്തിറങ്ങുന്നത്. ദേവസ്വം മന്ത്രിക്കെതിരായ മത്സരം മുഴുവൻ ശബരിമല വിശ്വാസികൾക്കുമായുളള പോരാട്ടം കൂടിയാണെന്ന് ശോഭ വ്യക്തമാക്കുന്നു.

മത്സരരംഗത്ത് നിന്നും ആദ്യം ഒഴിവാക്കിയിട്ടും എപ്ലസ് മണ്ഡലമായ കഴക്കൂട്ടത്തേക്കുളള ശോഭയുടെ അപ്രതീക്ഷിത എൻട്രി ഔദ്യോഗിക വിഭാഗത്തെ വെട്ടിലാക്കിയിട്ടുണ്ട്. ശബരിമല വിഷയമുയർത്തിയുളള ശോഭയുടെ വരവ് അണികളും ഏറ്റെടുത്തു കഴിഞ്ഞു. കെ സുരേന്ദ്രൻ പറഞ്ഞത് വിഴുങ്ങി ശോഭയെ ഒഴിവാക്കാൻ ശ്രമിക്കുകയോ അപ്രധാന മണ്ഡലം നൽകുകയോ ചെയ്‌താൽ അത് ബി ജെ പിയുടെ മുന്നേറ്റത്തെ ബാധിക്കുമെന്ന് കണ്ടാണ് ദേശീയ നേതൃത്വം സുപ്രധാന ഇടപെടൽ നടത്തിയത്.

തർക്കമണ്ഡലങ്ങളിലെ പട്ടിക

ഗണപതിയുടെ കല്യാണം പോലെ നീളുന്ന കോൺഗ്രസിന്റെ തർക്ക മണ്ഡലങ്ങളിലെ പട്ടിക ഇന്നെങ്കിലും പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. പ്രതിഷേധങ്ങൾ അവഗണിച്ച് സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ തന്നെ തവനൂരിൽ മത്സരിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം.

നിലമ്പൂരിൽ ഡി സി സി അദ്ധ്യക്ഷൻ വി വി പ്രകാശ് ആയിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥി. ആര്യാടൻ ഷൗക്കത്തിനെ പട്ടാമ്പി മണ്ഡലത്തിൽ മത്സരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും മലപ്പുറം ജില്ല വിട്ട് മത്സരിക്കാൻ ആഗ്രഹമില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. വി.വി പ്രകാശ് മത്സരിക്കുമ്പോൾ ആര്യാടൻ ഷൗക്കത്ത് ഡി സി സി അദ്ധ്യക്ഷനാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. 2016ലും ആര്യാടൻ ഷൗക്കത്തിനേയും വി വി പ്രകാശിനേയുമായിരുന്നു സ്ഥാനാർത്ഥികളായി കോൺഗ്രസ് പരിഗണിച്ചത്. ഏറ്റവും ഒടുവിൽ വി വി പ്രകാശ് മാറി കൊടുക്കുകയും ആര്യാടൻ ഷൗക്കത്ത് മത്സരിക്കുകയുമായിരുന്നു. ഇത്തവണ കാര്യങ്ങൾ നേരെ തിരിച്ചാവുകയാണ്.