
കൊച്ചി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പി സി ചാക്കോ ഇടതുപക്ഷത്തേക്കെന്ന് സൂചന. എൻ സി പി വഴിയാകും ചാക്കോയുടെ എൽ ഡി എഫിലേക്കുളള പ്രവേശനം. ഇതിന്റെ ഭാഗമായി എൻ സി പി അദ്ധ്യക്ഷൻ ശരദ് പവാറുമായി പി സി ചാക്കോ കൂടിക്കാഴ്‌ച നടത്തും.
ചാക്കോ പാർട്ടി വിട്ടപ്പോൾ തന്നെ എൻ സി പി അദ്ദേഹത്തിനായി വാതിൽ തുറന്നിട്ടിരുന്നു. ചാക്കോയെ എൻ സി പിയിലെത്തിക്കാൻ കൊച്ചി കേന്ദ്രീകരിച്ചാണ് ഒരു വിഭാഗം ശ്രമങ്ങൾ നടത്തിയത്. എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായി അടുത്ത ബന്ധമാണ് ചാക്കോയ്‌ക്കുളളത്.
സംസ്ഥാനത്ത് നേതൃത്വ പ്രതിസന്ധി നേരിടുന്ന എൻ സി പിക്ക് ചാക്കോയുടെ വരവ് ഊർജം നൽകുമെന്നാണ് ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ വിലയിരുത്തുന്നത്. അടുത്തിടെ എൻ സി പിയെ പിളർപ്പിലേക്ക് നയിച്ച പാലാ സീറ്റ് വിഷയത്തിൽ പി സി ചാക്കോയുടെ ഇടപെടൽ ഉണ്ടായെന്ന് കോൺഗ്രസ് നേതൃത്വം സംശയിച്ചിരുന്നു. കൊച്ചിയിൽ ചേർന്ന രാഷ്ട്രീയകാര്യ സമിതിയിൽ ചാക്കോയ്‌ക്കെതിരേ കുറ്റപ്പെടുത്തലുമുണ്ടായി. പാലാ സീറ്റിന്റെ പേരിൽ എൻ സി പി ഇടതുമുന്നണി വിടാൻ ഒരുങ്ങിയെങ്കിലും അവസാനനിമിഷം ശരദ് പവാർ പിന്മാറുകയായിരുന്നു.
മുന്നണി വിടുന്നത് ബുദ്ധിയല്ലെന്ന ഉപദേശം പവാറിന് പാർട്ടിക്ക് പുറത്തുനിന്നാണ് കിട്ടിയതെന്ന ആക്ഷേപമുണ്ടായി. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കളുടെ വിമർശനം ചാക്കോയ്ക്ക് നേരെയായിരുന്നു. കോൺഗ്രസ് എസ് വിട്ടിട്ടും തനിക്കൊപ്പം പ്രവർത്തിച്ചവരുമായി ചാക്കോ ബന്ധം സ്ഥാപിച്ചിരുന്നു. അടുത്തിടെ പഴയ എസ് നേതാക്കളെ ഒരുമിച്ച് കൊണ്ടുവരാൻ ചാക്കോയും സൃഹൃത്തുക്കളും ശ്രമിച്ചിരുന്നു.