vimal-chudasama

ഗാന്ധിനഗർ: ടി ഷർട്ട് ധരിച്ച് സഭയിലെത്തിയ ഗുജറാത്ത് എം എൽ എയെ സ്പീക്കർ രാജേന്ദ്ര ത്രിവേദി പുറത്താക്കി. കോൺഗ്രസ് എംഎൽഎയായ വിമൽ ചുദാസാമയെയാണ് നിയമസഭയിൽ നിന്ന് പുറത്താക്കിയത്. സഭയുടെ അന്തസിന് മങ്ങലേൽപിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന് സ്പീക്കർ പറഞ്ഞു.

ഒരാഴ്ച മുൻപ് വിമൽ ടി ഷർട്ട് ധരിച്ച് സഭയിലെത്തിയിരുന്നു. ഇത്തരത്തിലുള്ള വസ്ത്രം സഭയിൽ വരുമ്പോൾ ധരിക്കരുതെന്നും, അടുത്ത തവണ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ത്രിവേദി അന്ന് താക്കീത് ചെയ്തിരുന്നു. എന്നാൽ ഇന്നലെ വീണ്ടും ടി ഷർട്ട് ധരിച്ചെത്തുകയായിരുന്നു. തുടർന്ന് ത്രിവേദി തന്റെ മുൻ നിർദ്ദേശം ഓർമ്മിപ്പിക്കുകയും, വസ്ത്രം മാറി വരാൻ ആവശ്യപ്പെടുകയും ചെയ്തു.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ഇതേ വസ്ത്രം ധരിച്ചാണ് തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയതും, വിജയിച്ചതെന്നുമായിരുന്നു എംഎൽഎയുടെ വാദം. 'നിങ്ങളുടെ വോട്ടർമാരെ നിങ്ങൾ എങ്ങനെ സമീപിച്ചുവെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ സ്പീക്കറുടെ ഉത്തരവിനെ അവഹേളിക്കുകയാണ്. ഒരു എംഎൽഎ ആയതുകൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിച്ച് സഭയിൽ വരാൻ കഴിയില്ല. ഇതൊരു കളിസ്ഥലമല്ല. പിന്തുടരേണ്ട പ്രോട്ടോക്കോളുകൾ ഉണ്ട്.'-എന്നായിരുന്നു സ്പീക്കറുടെ മറുപടി.

തുടർന്ന് എംഎൽഎയോട് സഭയിൽ നിന്ന് പുറത്തുപോകാൻ സ്പീക്കർ ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസ് നേതാക്കൾ സ്പീക്കറുടെ നിർദേശത്തെ എതിർത്തു.ഡ്രസ് കോഡിനെക്കുറിച്ചുള്ള നിയമങ്ങൾ എംഎൽഎയെ ബോധ്യപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാക്കളോട് മുഖ്യമന്ത്രി വിജയ് രൂപാനി അഭ്യർത്ഥിച്ചു.