ramesh-chennithala

കൊച്ചി: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വിപ്ലവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറുപത് ശതമാനം പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത ഒരു പാർട്ടിയും വേറെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഗ്രൂപ്പ് പരിഗണനകൾ ഇല്ലായിരുന്നു, പടല പിണക്കങ്ങളുമില്ലായിരുന്നു. അങ്ങനെയുണ്ടായിരുന്നെങ്കിൽ താനും ഉമ്മൻ ചാണ്ടിയുമായിട്ടായിരുന്നു പോരാട്ടം വരേണ്ടിയിരുന്നത്. എല്ലാവരും യോജിച്ചാണ് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കെ സുധാകരന്റെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. സുധാകരൻ കോൺഗ്രസിന്റെയൊരു പ്രധാന നേതാവാണ്. പിണറായി സർക്കാരിനെ താഴെയിറക്കി ഒരു സർക്കാർ വരികയെന്നുളളതാണ് പ്രവർത്തകരും ജനങ്ങളും ആഗ്രഹിക്കുന്നത്. എല്ലാവരും അതിനുവേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും തർക്കങ്ങൾക്കും പ്രശ്‌നങ്ങൾക്കുമൊന്നും ഇനി സ്ഥാനമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ബാക്കിയുളള സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. അപ്പോഴേക്കും ചിത്രം വ്യക്തമാകുമെന്നും യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. സി പി എമ്മും ബി ജെ പിയും തമ്മിൽ വലിയ അന്തർധാര നിലവിലുണ്ട്. രണ്ട് പേരുടെയും ലക്ഷ്യം കോൺഗ്രസ് മുക്ത കേരളമാണ്. അതുകൊണ്ടാണ് മലമ്പുഴയിൽ ആരേയും അറിയാത്ത സ്ഥാനാർത്ഥിയെ ഇറക്കിയത്. മഞ്ചേശ്വരത്തും ഇതാണ് സ്ഥിതിയെന്നും ചെന്നിത്തല ആരോപിച്ചു.

ലതികാസുഭാഷുമായി ഇനി ചർച്ച നടത്തില്ല. നിയോജക മണ്ഡലം കൺവെൻഷനുകളിൽ അത്യപൂർവമായ ആൾക്കൂട്ടമാണ് എത്തുന്നത്. ആവേശം യു ഡി എഫ് വിജയത്തിന്റെ സൂചനയാണെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.