suresh-gopi

കൊച്ചി: തൃശൂർ‌ മണ്ഡലത്തിൽ വിജയ സാദ്ധ്യത അല്ല മത്സര സാദ്ധ്യതയാണുള‌ളതെന്ന് സുരേഷ് ഗോപി എം.പി. വിജയ സാദ്ധ്യത ഒരു മണ്ഡലത്തിലും ആർക്കും ഉറപ്പിക്കാനാകില്ല. കാരണം ഒരു തിരഞ്ഞെടുപ്പും എളുപ്പമല്ല. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലും എളുപ്പമല്ല. താൻ മത്സരിക്കണമെന്നത് പാർട്ടി താൽപര്യമാണ്. ഒരു പാർട്ടി നേതാവ് എന്ന നിലയിൽ പാർട്ടി നിർദ്ദേശം അനുസരിക്കുന്നു. 'എന്റെ സ്ഥാനാർത്ഥിത്വം പ്രധാനമന്ത്രിയുടെ ആഗ്രഹമാണ്.' അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്‌സിനേഷന് ശേഷം പ്രചാരണത്തിൽ സജീവമാകുമെന്നും കൊച്ചിയിലെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജായ ശേഷം സുരേഷ്ഗോപി പ്രതികരിച്ചു.

'തനിക്ക് മത്സരരംഗത്തേക്ക് വരാൻ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ അച്ചടക്കമുള‌ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ തീരുമാനം അനുസരിക്കുന്നു. മത്സരിക്കേണ്ട എന്നുതന്നെയാണ് ഇപ്പോഴും തന്റെ നിലപാട്. പാർ‌ട്ടി നാല് മണ്ഡലങ്ങൾ മുന്നോട്ട് വച്ചു. അവരോട് അവർ പറയുന്ന എവിടെയും മത്സരിക്കാം എന്നറിയിച്ചു. പക്ഷെ പ്രധാനമന്ത്രിക്ക് ഞാൻ തൃശൂരിൽ തന്നെ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം.' സുരേഷ് ഗോപി പറഞ്ഞു.

'കൊവിഡ് വാക്‌സിൻ എടുത്ത ശേഷമേ തൃശൂരേക്ക് എത്താനാകൂ. അതുകൊണ്ട് ആദ്യം വാക്‌സിനെടുക്കാനുള‌ള ആരോഗ്യസ്ഥിതിയിലേക്ക് എത്തേണ്ടതുണ്ട്.' സുരേഷ് ഗോപി അറിയിച്ചു. തന്റെ അമ്മയെ അവസാനമായി കണ്ടപ്പോൾ മുടി മുഴുവൻ മുറിച്ചിട്ടാണ് കണ്ടത്. അതുകൊണ്ട് ലതികാ സുഭാഷിനെ അങ്ങനെ കണ്ടപ്പോൾ വളരെ വിഷമം തോന്നി. ഇനി കേരളത്തിൽ നിന്നുള‌ള ഒരു എം.പിയ്‌ക്കും സ്‌ത്രീകൾക്ക് 33 ശതമാനം സംവരണത്തിന് പാർലമെന്റിൽ ബഹളമുണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന സുരേഷ് ഗോപി സ്ഥാനാർത്ഥി പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിച്ചത് ആശുപത്രിയിൽ നിന്നായിരുന്നു.