
ഇന്നു ജനങ്ങളെ ഏറെ ആകർഷിക്കുന്ന ഒരു മാദ്ധ്യമമാണ് ഫോട്ടോഗ്രാഫി. നല്ല നിരീക്ഷണ പാടവും ക്ഷമയുമാണ് ഒരു ഫോട്ടോഗ്രാഫർക്ക് അവശ്യം വേണ്ടത്; അതോടൊപ്പം ഏതുമുഹൂർത്തങ്ങളെയും അവസരോചിതമായി പകർത്താനുള്ള കഴിവും. കോംഗോ മാസിമാരാ ആമസോൺ തുടങ്ങിയ ആഫ്രിക്കൻ വനാന്തരങ്ങളിലെ വന്യജീവി സങ്കേതങ്ങളിൽ പോയി എടുക്കുന്ന ഫോട്ടോകളും ഉദ്വേഗജനകമായ വീഡിയോകളുമാണ് നമ്മൾ പലചാനലുകളിലും കാണുന്നത്. ഏക്കർ കണക്കിൽ വ്യാപിച്ചുകിടക്കുന്ന അവിടുത്തെ ചില സ്ഥലങ്ങളിൽ വലിയ മരങ്ങളില്ലാത്ത വിജനമായ പുൽമേടുകൾ ധാരാളമുള്ളതിനാൽ ചിത്രീകരണത്തിന് വളരെ സൗകര്യമുണ്ട്, വന്യജീവികളുടെ എണ്ണവും കൂടുതലുണ്ട്. സാധാരണയേക്കാൾ കൂടുതൽ വന്യമായ സീനുകൾ കിട്ടുമെന്നതും നല്ല ചിത്രങ്ങൾ എടുക്കാൻ കൂടുതൽ അവസരം ലഭിക്കുമെന്നുള്ളതും സത്യമാണ്. യാത്രകൾ ഇഷ്ടമായവരും അതിനു വേണ്ടിവരുന്ന സാമ്പത്തിക ശേഷിയുള്ളവരും അവിടെയൊക്കെ പോയിവരുന്നത് നല്ലതാണ്. അതെല്ലാം ഉഗ്രൻ വൈൽഡ്ലൈഫ് സങ്കേതങ്ങൾ തന്നെയാണ് എന്നുകരുതി അവിടത്തന്നെ പോയാലേ വൈൽഡ്ലൈഫ് ചിത്രങ്ങൾ എടുക്കാൻ പറ്റൂ എന്നില്ല.
ഇന്ത്യയിലും ഇതുപോലുള്ള നിരവധി സ്ഥലങ്ങളുണ്ട്. വെളിച്ചത്തെയും നിഴലിനെയും സമന്വയിപ്പിച്ച് നല്ല രീതിയിൽ ചിത്രങ്ങൾ എടുക്കാൻ കഴിയുന്നവർക്കേ നല്ല ഫോട്ടോ ഗ്രാഫറാകാൻ കഴിയുകയുള്ളു, അത് എവിടെയായാലും. കൂടുതൽ യാത്രകൾ കൂടുതൽ കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കും എന്നതിന് സംശയമില്ല. ഏതുതരം സബ്ജെക്ടും വേണ്ടരീതിയിൽ യുക്തിപൂർവ്വം വിഷ്വലൈസ് ചെയ്യാൻ കഴിവുണ്ടെങ്കിൽ സാധാരണ കാഴ്ചകളെപ്പോലും അസാധാരണ കാഴ്ചകളാക്കി മാറ്റാനാകും!
വന്യജീവികളെ സംബന്ധിച്ച് പറയുമ്പോൾ അവയെ നമ്മുടെ സൗകര്യത്തിനു നല്ല പോസിൽ കിട്ടുക അത്ര എളുപ്പമല്ല. ചിലപ്പോൾ വെളിച്ചക്കുറവുണ്ടാകും. അല്ലെങ്കിൽ നല്ല രീതിയിൽ എടുക്കാനാവാത്ത പോസിലായിരിക്കാം അവയുടെ നിൽപ്പ് അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകാം. അപ്പോൾ ക്ഷമയോടെ കാത്തുനിൽക്കുകയാണ് വേണ്ടത്. അതും ഉപദ്രവകാരികളാണെങ്കിൽ ഏറെ സൂക്ഷിക്കുകയും വേണം. അനുകൂല സാഹചര്യവും വെളിച്ചവും മറ്റും ഒത്തുകിട്ടുമ്പോൾ ക്ലിക്ക് ചെയ്യണം. ഇത് പറയുംപോലെ അത്രഎളുപ്പമല്ല. നല്ല ക്ഷമയും ചിലപ്പോൾ മണിക്കൂറുകളുടെയും ദിവസങ്ങളുടെ തന്നെയും കാത്തിരിപ്പും ആവശ്യമായി വരും.
എടുക്കുന്ന രീതി , തിരഞ്ഞെടുക്കുന്ന ആംഗിൾ , ലൈറ്റിംഗ് ഇവയൊക്കെ ആശ്രയിച്ചായിരിക്കും ചിത്രത്തിന് പ്രത്യേകത ഉണ്ടാവുക . അത്തരം ഒരുചിത്രമാണ് ഇവിടുത്തെ വിഷയം. ഒരു പക്ഷേ മരത്തിന്റെ കുറ്റിപോലെ തോന്നിക്കുന്ന ഇതെന്താണെന്നു പെട്ടെന്ന് പിടികിട്ടിയില്ലെന്നിരിക്കും. ആദ്യം പറഞ്ഞ വനാന്തരങ്ങളിലും കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ തന്നെ മൃഗശാലകളിലും നീർക്കുതിരകളെ കാണാം. പലരും ഇതിനകം അവയുടെ ചിത്രങ്ങളും എടുത്തിട്ടുണ്ടാകും. എന്നാൽ ഏറെനേരത്തെ കാത്തിരിപ്പിന് ശേഷം എനിക്ക് കിട്ടിയ ഒരു നല്ല ചിത്രമാണ് ഇത്. പരസ്പരം പോരടിക്കാനും ആക്രമിക്കാനുമുള്ള നീർക്കുതിരകളുടെ പ്രധാന ആയുധമാണ് വിശാലമായ അതിന്റെ വായ. തല നേരെ മുകളിലേക്ക് പിടിച്ച് തുറക്കാൻ പറ്റാവുന്നിടത്തോളം അതിന്റെ വായ് തുറന്നപ്പോൾ ഒരു സൈഡിൽ നിന്നുമെടുത്ത ചിത്രമാണ് ഇത്.