bjp

ആലപ്പുഴ: സി പി ഐ നേതാവ് കുട്ടനാട്ടിൽ എൻ ഡി എ സ്ഥാനാർത്ഥി. സി പി ഐ ജില്ലാ കൗൺസിൽ അംഗവും മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുതറയാണ് പാർട്ടിയിൽ നിന്നും രാജിവച്ച് ബി ഡി ജെ എസ് ക്യാമ്പിലെത്തിയത്.

പാർട്ടിയിലെ ചില നേതാക്കൾ കഴിഞ്ഞ കുറെ നാളുകളായി വേട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് തമ്പി മേട്ടുതറയുടെ ആരോപണം. സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ച പരാതി ചർച്ച ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറിയില്ലെന്നും രാജിക്കത്തിൽ പറയുന്നു.

സി പി ഐ ജില്ലാ കൗൺസിൽ ഹരിപ്പാട് സീറ്റിൽ ഉൾപ്പെടുത്തിയ മൂന്നുപേരിൽ ഒരാളായിരുന്നു തമ്പി മേട്ടുതറ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏകാധിപതിയാണെന്നും സി പി എമ്മിന്റെ ബി ടീമായി സി പി ഐ മാറിയിരിക്കുകയാണെന്നും രാജി കത്തിൽ തമ്പി മേട്ടുതറ ആരോപിച്ചിട്ടുണ്ട്. സി പി ഐ നേതാവായ അന്തരിച്ച മേട്ടുതറ നാരായണന്റെ മകനാണ് തമ്പി മേട്ടുതറ.