
വൈശാലിയുടെ ഉടലിനെ ഭരതനും ശൈലീകരിക്കുന്നുണ്ട്. അരപ്പട്ടയും ആടയാഭരണങ്ങളും കൊണ്ട് വൈശാലിയുടെ ഉടലിനെ ഭരതൻ അലങ്കരിക്കുന്നു. മലയാളത്തിൽ വീണ്ടും വീണ്ടും വായിക്കപ്പെടുന്ന'വൈശാലി' സിനിമയിലൂടെ ഒരു പിൻനടത്തം...
കലാസംവിധായകനായാണ് ഭരതൻ സിനിമയിൽ എത്തുന്നത്. പിന്നീട് അനേകം സിനിമകളുടെ സംവിധായകനായി.
ഭരതന്റെ സിനിമകൾക്ക് പോസ്റ്ററുകൾ നിർമ്മിക്കുന്നതും ചിത്രകാരനായ ഭരതൻ തന്നെ ആയിരുന്നു. ഏറ്റവും മനോഹരമായ പോസ്റ്റർ 'ചെണ്ട"യ്ക്ക് വേണ്ടി അദ്ദേഹം വരച്ചതായിരുന്നു. തികഞ്ഞ വർണ്ണബോധമുള്ള ചിത്രകാരനായിരുന്നു. ധാരാളം വർണങ്ങൾ അദ്ദേഹം ഉപയോഗിക്കാറില്ലായിരുന്നു. അമരത്തിലെ അശോകനും മാതുവും ചേർന്നുള്ള ഗാനരംഗം തന്നെ എടുക്കുക. വെള്ളവസ്ത്രമാണ്നായികയുടേത്. പാദസരം കിലുക്കി ഓടുമ്പോൾ വെള്ളിത്തിരകൾ ശരീരത്തെ ഉമ്മവയ്ക്കുന്നു. വസ്ത്രത്തിന്റെ സാന്ദ്രത ഉടലിന്റെ സാദ്ധ്യതകളെ ഉത്സവവത്ക്കരിക്കുന്നു.
ഉടലിന്റെ ഉത്സവം പരമാവധി ഉപയോഗപ്പെടുത്തുന്ന ചിത്രം വൈശാലിയാണ്. ഉത്സവങ്ങൾ എല്ലാം ആത്മീയമാണ്. സൗന്ദര്യപരമായ ഒരു ആത്മീയത എത്തിപ്പിടിക്കാനുള്ള വെമ്പൽ ഭരതൻ തന്റെ പാട്ടുരംഗങ്ങളിലെല്ലാം ശ്രമിക്കാറുണ്ട്. ഇതിനുവേണ്ടി അദ്ദേഹം നടത്തിയ കലഹങ്ങൾ ശ്രദ്ധിച്ചേ പറ്റൂ. വൈശാലിയിലാണ് തന്റെ കലാബോധം ഭരതൻ അപ്പാടെ സമർപ്പിക്കുന്നത്. ഋഷ്യശൃംഗന്റെ അരികിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ അടിമുടി സൗന്ദര്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു. നായികയുടെ ഉടലിനെ പരമാവധി ഉത്സവമാക്കുന്നു. വടിവൊത്ത ശില്പം കണക്കേയാണ് ഭരതൻ വൈശാലിയെ സമീപിക്കുന്നത്.
ലക്ഷണമൊത്ത ഉടൽ ചിത്രകാരന്മാർക്കും ശില്പികൾക്കും ആത്മീയതയാർന്ന ആവേശമാണ്. ഈ ആവേശം സുപർണയെ വൈശാലിയാക്കാൻ അദ്ദേഹം കാണിക്കുന്നു. രൂപങ്ങളെ സ്വന്തം മാദ്ധ്യമത്തിലേക്ക് മാറ്റുമ്പോൾ ചിത്രകാരന്മാരും ശില്പികളുംനേരിയ ശൈലീകരണം കൊണ്ടുവരുന്നു. വൈശാലിയുടെ ഉടലിനെ ഭരതനും ശൈലീകരിക്കുന്നുണ്ട്. അരപ്പട്ടയും ആടയാഭരണങ്ങളും കൊണ്ട് വൈശാലിയുടെ ഉടലിനെ ഭരതൻ അലങ്കരിക്കുന്നു.
നടിയും കഥാപാത്രവും തമ്മിലുള്ള അന്തരം തന്നെ തകിടം മറിയുന്നു. ശരീരം ജീർണവസ്ത്രമല്ല, മറിച്ച് അത് നൃത്തം ചവിട്ടേണ്ടുന്ന ഒന്നാണെന്ന് ഭരതൻ ബോദ്ധ്യപ്പെടുത്തുന്നു. നക്ഷത്രങ്ങളും വർണവിളക്കുകളും തോരണങ്ങളും കൊണ്ട് ദേവദാരുമതത്തെ ക്രിസ്തുമസ് മരമാക്കുന്നതു പോലെയാണ് ഭരതൻ വൈശാലിയെ ഒരുക്കുന്നത്. അവളെയും വഹിച്ച് നീങ്ങുന്ന വഞ്ചി തികഞ്ഞ ശില്പബോധമുള്ളതായി മാറുന്നു. മൊത്തത്തിൽ ഒരു ഉത്സവക്കാഴ്ച. ഉടൽ ഉടലിനെ കീഴടക്കുവാനുള്ള ആത്മീയയാത്ര. രണ്ടുവർണക്കൂട്ടുകളാണ് ഭരതൻ തന്റെ ചിത്രങ്ങളിൽ പ്രധാനമായും ഉപയോഗിച്ച് കാണുന്നത്. വെള്ളയും ചുവപ്പും. വൈശാലിക്ക് വെള്ള നിറമാണ് ചാർത്തിയിരിക്കുന്നത്. അരയന്നങ്ങളുടെ വെണ്മ, അരിപ്രാവുകളുടെ വെണ്മ, വിവാഹനാളുകളിൽ ക്രൈസ്തവ മണവാട്ടികൾ അണിയുന്ന തൂവെള്ള നിറം.

മാംസളത കൊണ്ട് പാരുഷ്യങ്ങളെ നേരിടാനാണ് വൈശാലിയിൽ ഭരതൻ ശ്രമിക്കുന്നത്. ഹൈന്ദവ മതത്തിലെ മിക്ക ദൈവങ്ങളും പാരുഷ്യത്തിന്റെ ഉടമകളാണ്. തപസു ചെയ്യുന്നവർ, ഒറ്റക്കാലിൽ തപസ് ചെയ്യുന്നവർ, ചുടലഭസ്മം ധരിക്കുന്നവർ. കൃഷ്ണന്റെ ഗോപികമാരെപ്പോലും അമിതവസ്ത്രം കൊടുത്തു ഒരുക്കി ഇരുത്തിയിരിക്കുന്നു. ഗീതാഗോവിന്ദവും സൗന്ദര്യ ലഹരിയും പിറന്ന നാട്ടിലാണിത്. രതി സംബന്ധമായ ഒരു അടിച്ചമർത്തൽ മലയാളികളിലുണ്ടെന്ന് പറഞ്ഞാൽ പെട്ടെന്ന് എതിർക്കുവാൻ കഴിയില്ല. അതുകൊണ്ടാകണം നമ്മുടെ ക്ഷേത്രമുഖപ്പുകളിൽ ശിൽപ്പികൾ കൊത്തിവച്ചിരിക്കുന്ന രതിഭാവങ്ങൾ. എന്നാൽ ഉത്തര കേരളത്തിൽ ഈ മാംസളത കലർന്ന മുന്നേറ്റങ്ങൾ നടന്നിട്ടുണ്ട്. വടക്കൻ പാട്ടുകൾ ഇതിന്റെ സ്പന്ദിക്കുന്ന ഉദാഹരണമാണ്. നിർഭാഗ്യവശാൽ അതിന്റെ ആയുധപ്രയോഗങ്ങളാണ് തലമുറകളിലേക്ക് കൈമാറിയത്. അങ്ങനെ അവിടെയും നാം പരാജയപ്പെട്ടു. ഏതുകാലത്തേയും ക്രൗര്യങ്ങളെ മാംസളത കൊണ്ടു മാത്രമേ നേരിടാൻ സാധിക്കുകയുള്ളൂ. ആത്യന്തികമായി ഇതിന് സ്ത്രൈണത എന്ന അർത്ഥമേയുണ്ട്. വൈശാലിക്ക് എം.ടി. തൂലിക ചലിപ്പിച്ചപ്പോൾ ഈ ദർശനാവബോധം സൂക്ഷിച്ചിട്ടുണ്ട്. ഭരതൻ അത് ഹൃദയം കൊണ്ട് ഒപ്പിയെടുത്ത് വൈശാലിയിൽ വിന്യസിക്കുകയായിരുന്നു.
സാഹിത്യത്തിൽ മാധവിക്കുട്ടിയിൽ ഈ സ്ത്രൈണതശക്തിയായി ഉണ്ടായിരുന്നു. സ്ത്രൈണതയെ അവർ ആഘോഷിച്ചു. രതിയുടെ വിചാരണകളെ സ്ത്രൈണതയുടെ പരിചകൊണ്ടാണ് നേരിട്ടത്. ലൗകികത കലർന്ന ആത്മീയയാനമായിരുന്നു മാധവിക്കുട്ടിയുടെ ജീവിതം. കാല്പാദങ്ങളിൽ നിലാവ്. ചികുരഭാരത്തിൽ നക്ഷത്രങ്ങൾ പ്രായാധിക്യം കൊണ്ട് പാടം വിണ്ടുകീറുന്നതുപോലെ ശരീരം വരളുന്നത് മാധവിക്കുട്ടിയ്ക്ക് താങ്ങുന്നതിനും അപ്പുറമായിരുന്നു. അപ്പോൾ ദൈവം കരിമ്പടമായി അവരിൽ പെയ്തിറങ്ങി. നീതീകരിക്കാവുന്ന ഒരു ദൈവസാന്നിദ്ധ്യം.
എം.ടിയുടെ ചില നോവൽ നായികമാരിലും ഈ സ്ത്രൈണത ഉണ്ട്. പലപ്പോഴും ആ നായിക വ്യക്തിത്വങ്ങളാണ് മുന്തി നിൽക്കുന്നത്. അവർ അവർക്ക് പരിധി നിർണയിക്കുന്നു. രണ്ടാംമൂഴത്തിലെ ദ്രൗപദിയെ നോക്കുക. മുടി അഴിച്ചിട്ട് മൺചിരാതിന്റെ നേരിയ വെളിച്ചത്തിൽ ഉടലെന്ന ദേവാലയത്തെ അവൾ ഭീമനുമുന്നിൽ വരയുന്നു. ഒടുവിൽ മഹാപ്രസ്ഥാനത്തിൽ ഭീമൻ മാത്രം തിരിഞ്ഞുനോക്കുന്നു. മണ്ണിൽ കുഴഞ്ഞുകിടക്കുന്ന ദ്രൗപദി. ദ്രവ്യം താത്ക്കാലികമായെങ്കിലും ഛേദിക്കപ്പെടുന്നില്ല.