
പാലക്കാട്: കേരളത്തിൽ 70 സീറ്റുകൾ നേടി അധികാരത്തിൽ വരാൻ ബി.ജെ.പിക്ക് സാധിക്കുമെന്ന് ഇ. ശ്രീധരൻ. ഡൽഹിയിൽ ആം ആദ്മി പാർട്ടിയും ത്രിപുരയിൽ ബി.ജെ.പിയും അധികാരത്തിൽ വന്നതിനെ ഉദാഹരണമായി ചൂണ്ടികാട്ടിയായിരുന്നു ഇ.ശ്രീധരന്റെ പ്രസ്താവന. ഈ രണ്ടു സംസ്ഥാനങ്ങളിലും അധികാരത്തിൽ വരുന്നതിന് മുമ്പ് അവിടെ ആ പാർട്ടികൾക്ക് ഒരു എം.എൽ.എ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും അധികാരത്തിൽ എത്താൻ സാധിച്ചെങ്കിൽ കേരളത്തിലും അത് സാധിക്കുമെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
'കേരളത്തിൽ ഭരണമാറ്റത്തിന് തന്നെയാണ് സാധ്യത. പ്രളയകാലത്ത് ഒന്നും ചെയ്യാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ല. അതിന്‌ശേഷം ഇതുവരെയും വെള്ളപൊക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താനും അവർക്ക് കഴിഞ്ഞിട്ടില്ല. പിണറായി വിജയന് എല്ലാം ഒറ്റക്ക് ചെയ്യണമെന്ന താൽപര്യമാണുള്ളത്. ഇടതു വലതു മുന്നണികൾക്ക് സുസ്ഥിര വികസനം എന്താണെന്നു പോലും അറിയില്ല. കടംവാങ്ങി സാമൂഹ്യക്ഷേമം ഉറപ്പാക്കി മുന്നോട്ട് പോകാൻ സാധിക്കില്ല. എന്നെപ്പോലെ രാഷ്ട്രീയത്തിലെ തുടക്കക്കാരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പെട്ടെന്നു പ്രഖ്യാപിക്കാൻ ബി.ജെ.പിക്ക് ബുദ്ധിമുട്ടുണ്ടാകും. പക്ഷേ സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ സഹായം പാർട്ടി നേതൃത്വത്തിന് ആവശ്യമാണെന്ന കാര്യത്തിൽ സംശയമില്ല' ഇ.ശ്രീധരൻ പറഞ്ഞു.