
കോട്ടയം: കേരള കോൺഗ്രസ് (എം) പാർട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ പരാജയപ്പെട്ടതോടെ നിർണായക നീക്കവുമായി ജോസഫ് ഗ്രൂപ്പ്. പുതിയ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള ശ്രമത്തിലാണ് ജോസഫ് വിഭാഗം. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ പാർട്ടിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയില്ലെങ്കിലും, പാർട്ടിയുടെ പേര് ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
കേരള കോൺഗ്രസ് എന്ന പേര് ജോസഫിന്റെ പാർട്ടിയിലും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും.
രജിസ്റ്റർ ചെയ്യാത്ത പാർട്ടിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കാൻ സാധിക്കില്ല. അതിനാൽ നിലവിലുള്ള ഏതെങ്കിലും പാർട്ടിയിൽ ലയിക്കാനുള്ള സാദ്ധ്യതയുണ്ട്. ചിഹ്നവും പേരുമായും ബന്ധപ്പെട്ടുള്ള കേസ് കോടതിയിലായതിനാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസഫിന് ചെണ്ടയാണ് ചിഹ്നമായി ലഭിച്ചത്. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ശരിവച്ചിരുന്നു.