
ചങ്ങമ്പുഴയുടെ രമണൻ എന്ന വിലാപകാവ്യത്തിൽ വർണിക്കുന്ന ചന്ദ്രികയുടെ മനോഹര ഹർമ്യത്തോട് തൊട്ടടുത്തുള്ള ഉദ്യാനം. സമയം സായംസന്ധ്യ. രമണനും ചന്ദ്രികയും ഉദ്യാനത്തിലെ പുൽത്തകിടിയിൽ ഇരിക്കുന്നു. നേരിയ നിലാവ്. ചുറ്റുപാടും പൂവല്ലികൾ. സുഖകരമായ ഇളംകാറ്റ്. രമണൻ പറയുകയാണ്.
''എങ്കിലും ചന്ദ്രികേ നമ്മൾ കാണും
സങ്കൽപ്പലോകമല്ലീയുലകം..!"" ചന്ദ്രികയുടെ മറുപടി
''അന്യോന്യം നമ്മുടെ മാനസങ്ങൾ
ഒന്നിച്ചു ചേർന്നു ലയിച്ചു പോയി
മറ്റുള്ളവർക്കതിലെന്തുകാര്യം...?""
മലയാലപ്പുഴ സൗദാമിനി കഥ പറയുകയാണ്.. ചങ്ങമ്പുഴയുടെ വരികൾ പാടുകയാണ്. ഹാർമോണിയവും ഫ്ളൂട്ടും വയലിനും അക്ഷരങ്ങൾ സ്വരങ്ങളാക്കുന്നു. അനശ്വര കാഥികൻ ഹരികഥ കഥാപ്രസംഗകലയെ മലയാളിയുടെ നെഞ്ചിലേറ്റിയ കെ.കെ വാദ്ധ്യാരുടെ സഹധർമ്മിണിയാണ് സൗദാമിനി. അനശ്വരനായ ചങ്ങമ്പുഴയുടെ 'രമണൻ" എന്ന അനശ്വര കാവ്യം കഥാപ്രസംഗമായി ജനഹൃദയങ്ങളിൽ എത്തിക്കുകയാണ്. അമ്പലപ്പറമ്പുകളിലും വായനശാലാവാർഷിക സമ്മേളനങ്ങളിലും ഓണാഘോഷ പരിപാടികളിലും കെ.കെ വാദ്ധ്യാരുടെ കഥാപ്രസംഗം അരങ്ങുതകർക്കുമായിരുന്നു. പിന്നീട് സദസ് സൗദാമിനിയുടെ കൈകളിലെത്തി. 1921ന് മലയാലപ്പുഴ മാേത്തറയിൽ കേശവന്റെയും കുഞ്ഞിക്കാമ്മയുടേയും മകളായി ജനിച്ച സൗദാമിനിയമ്മ ഇന്ന് 100 തികഞ്ഞ മുത്തശിയായി സഹോദരിയുടെ മകനോടും കുടുംബത്തോടുമൊത്ത് മലയാലപ്പുഴയിൽ താമസിക്കുന്നു. ഇപ്പോഴും ഈ ചുറുചുറുക്ക് എങ്ങനെ കിട്ടിയെന്ന് ചോദിച്ചാൽ മലയാലപ്പുഴ അമ്മയുടെ അനുഗ്രഹമെന്ന് ഉത്തരം. ഇപ്പോൾ എത്ര വയസായി എന്ന ചോദ്യത്തിന് 100 കഴിഞ്ഞു എന്നുത്തരം. ഒരു നൂറ്റാണ്ട് പൂർത്തിയാക്കുമോ എന്ന കുസൃതി ചോദ്യത്തിന് ''101 കഴിഞ്ഞേ മലയാലപ്പുഴ അമ്മ എന്നെ പറഞ്ഞുവിടൂ..."" എന്നുത്തരം. അസുഖങ്ങൾ വല്ലതും?
''ഒന്നുമില്ല, അല്പം കേൾവിക്കുറവുണ്ട്. സംസാരം തുടങ്ങുമ്പോൾ അതങ്ങ് മാറും. 93-ാം വയസിലും കഥ പറയാൻ കൊല്ലത്ത് പോയി. 2015ലെ സാംബശിവൻ പുരസ്കാരം എനിക്കായിരുന്നു."" അമ്മ വാചാലയായി.
പന്ത്രണ്ടാം വയസിൽ സംഗീതം പഠിച്ചു തുടങ്ങി. അടൂർ കേശവ പിള്ളയായിരുന്നു ഗുരു. തിരുവല്ല കെ.ജി പണിക്കരായിരുന്നു ഹാർമോണിയം വായിക്കാൻ പഠിപ്പിച്ചത്. ചവിട്ട് ഹാർമോണിയമായിരുന്നു അന്ന്. മുപ്പതാം വയസുവരെ സംഗീതകച്ചേരിക്ക് പോകുമായിരുന്നു എം.പി. മന്മഥൻ കഥാപ്രസംഗലോകത്തു തിളങ്ങി നിൽക്കുന്ന കാലം. മന്മഥൻ സാറിന്റെ കൂടെ ഹാർമോണിസ്റ്റായി പോയി. മൈക്കില്ലാതെ പാടുന്ന കാലമായിരുന്നു അന്ന്. സ്ത്രീ, മായ... തുടങ്ങിയ നാടകങ്ങളിൽ തിക്കുറിശ്ശിയോടൊപ്പം അഭിനയിച്ചു. കെ.കെ വാദ്ധ്യാർ അന്ന് കഥാപ്രസംഗ ഹരികഥകളിൽ നിറഞ്ഞു നിൽക്കുന്ന കാലം. ഒരു ദിവസം അദ്ദേഹം നേരിട്ട് വീട്ടിൽ വന്ന് വിളിച്ചു. കഥാപ്രസംഗത്തിന് ഹാർമോണിയം വായിക്കാനാണ് വിളിച്ചത്. മുപ്പതു വർഷം അദ്ദേഹത്തോടൊപ്പം ഹാർമോണിയം വായിച്ചു. ഈ കാലയളവിൽ അദ്ദേഹത്തിന്റെ ജീവിതസഖിയുമായി. മഹാകവി കുമാരനാശാന്റെ കരുണ, ചണ്ഡാലഭിഷുകി, ദുരവസ്ഥ.... തുടങ്ങിയ ഖണ്ഡകാവ്യങ്ങൾക്ക് കഥാപ്രസംഗാവിഷ്ക്കാരം നൽകി. ചങ്ങമ്പുഴയുടെ രമണനും കുമാരനാശാന്റെ കരുണയുമായിരുന്നു കൂടുതൽ ജനങ്ങൾക്കും വേണ്ടിയിരുന്നത്.
ആയിരകണക്കിന് വേദികളിൽ നളിനിയും ലീലയും ഭീഷ്മരുമൊക്കെ കഥാവിഷയങ്ങളായിട്ടുണ്ടെങ്കിലും രമണനും കരുണയും എന്ന വിലാപ കാവ്യങ്ങൾ കഥാ പ്രസംഗരൂപത്തിൽ അവതരിപ്പിക്കുമ്പോൾ സദസ് ആ കഥയിൽ ലയിച്ചു ചേരുന്നത് ഒരു കൗതുകമായി ഓർക്കുകയാണ്.